ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഒരു സന്ദർശനം വേണമെന്നു തോന്നുന്ന വിദേശികൾക്ക് ഇനി മുതൽ വീട്ടിൽ ഇരുന്ന് വിസയ്ക്ക് അപേക്ഷിക്കാം. അമേരിക്ക, യുകെ, റഷ്യ, കാനഡ, ജർമനി, ഫ്രാൻസ്, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ നാല്പത് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ സന്ദർശിക്കണമെങ്കിൽ വീട്ടിൽ ഇരുന്ന് വിസ ലഭ്യമാക്കാം. അടുത്ത വർഷം മുതൽ നടപ്പാക്കുന്ന ഇലക്‌ട്രോണിക് വിസാ നടപടികൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമ്മതം നൽകിക്കഴിഞ്ഞു. വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ മോദി സർക്കാർ ഒരുക്കുന്ന വിസാ പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

സാർക്ക് രാജ്യങ്ങളും പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, ശ്രീലങ്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ഈ സൗകര്യം ഉടനെയൊന്നും ലഭ്യമാകില്ല.

സമ്പന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ തന്നെ വിസ ലഭിക്കും എന്നുള്ളതാണ് ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) എന്ന പദ്ധതിയുടെ മെച്ചം. ഇതാദ്യമായാണ് ഇലക്‌ട്രോണിക് വിസാ സംവിധാനം രാജ്യത്ത് ഏർപ്പെടുത്തുന്നത്. ആദ്യഘട്ടം വിജയകരമായാൽ 109 രാജ്യങ്ങളെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശമെന്ന് വിദേശമന്ത്രാലയം വെളിപ്പെടുത്തി.

സന്ദർശനത്തിന് ഇന്ത്യയിലെത്തിക്കഴിഞ്ഞതിനു ശേഷമുള്ള 30 ദിവസത്തേക്കാണ് വിസാ കാലാവധി നൽകുന്നത്. ഇന്ത്യയിലേക്ക് ടൂറിസ്റ്റുകളായി എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായി പ്രത്യേകം വെബ് സൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്. വിസാ വേണമെന്നുള്ളവർക്ക് ഈ വെബ് സൈറ്റിൽ നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്.

വിസാ ഓൺ അറൈവൽ സൗകര്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ യുഎസ്, യുകെ, കാനഡ, ബ്രസീൽ, ഓസ്‌ട്രേലിയ, യുഎഈ, സൗദി അറേബ്യ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വീഡൻ, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, സ്‌പെയിൻ, ബെൽജിയം, ഓസ്ട്രിയ, ഡെന്മാർക്ക്, പോളണ്ട്, നോർവേ, അയർലണ്ട് എന്നിവയാണ്.