- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് അടിയന്തരമായി ബ്ലാക്ക് ഫംഗസ് മരുന്ന് വേണം; 95,000 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്തു; രാജസ്ഥാനിൽ തട്ടിപ്പിനിരയായി യുവാവ് ; മഹാമാരിയെയും മുതലെടുത്ത് ഓൺലൈൻ ബിസിനസ്
ജയ്പൂർ: മഹാമാരിയെയും മുതലെടുക്കുകയാണ് ഓൺലൈൻ ബിസിനിസ് മീഡിയ. ഇത്തരത്തിൽ വ്യാജ കോവിഡ് മരുന്ന് നൽകി രോഗികളുടെ ബന്ധുക്കളെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ രാജ്യത്തിന് ആശങ്കയായി മാറിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധയും അവസരമാക്കി മാറ്റിയിരിക്കുകയാണ് ചില തട്ടിപ്പുകാർ. രാജസ്ഥാനിൽ ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിന്റെ 95000 രൂപ തട്ടിയെടുത്തതായുള്ള പരാതിയാണ് ഒടുവിലത്തേത്.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് ചിലർ അവസരമാക്കി മാറ്റുന്നു എന്നാണ് റിപ്പോർട്ടുകൾ. അജ്മീർ സ്വദേശി സതീഷ് ബേരിയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണത്. ബ്ലാക്ക് ഫംഗസ് ബാധയേറ്റ അമ്മയ്ക്ക് മരുന്ന് അയച്ചുനൽകാമെന്ന് പറഞ്ഞ് 95000 രൂപ തട്ടിയെടുത്തതായാണ് പരാതി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സതീഷ് ബേരിയുടെ അമ്മ.
അടിയന്തര ചികിത്സയ്ക്ക് മരുന്ന് എത്തിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. മെഡിക്കൽ ഷോപ്പിലും മറ്റും മരുന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മരുന്നിനായി ഓൺലൈനിൽ തെരഞ്ഞപ്പോഴാണ് ചതിയിൽ വീണതെന്ന് സതീഷ് ബേരി പറയുന്നു.
ഓൺലൈനിൽ നമ്പർ കണ്ട് വിളിച്ചു. മരുന്ന് അയച്ച് തരാമെന്ന് സ്ഥാപനം വാഗ്ദാനം നൽകി. മരുന്നിനായി 95000 രൂപ കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ മരുന്ന് കിട്ടാതെ വന്നതോടെ, തുടർച്ചയായി നമ്പറിൽ വിളിച്ചു. എന്നാൽ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു.തുടർന്ന് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ