റിമിടോമി മലയാളികളെ പാട്ട് പാടി രസിപ്പിക്കുക മാത്രമല്ല മണ്ടത്തരങ്ങൾ വിളമ്പി ചിരിപ്പിക്കുകയും ചെയ്യുക പതിവാണ്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെ സിനിമാതാരങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള റിമിടോമിയുടെ പ്രകടനങ്ങൾ കണ്ട് പ്രേക്ഷകർ അമ്പരന്നുനിൽക്കാറുമുണ്ട്. ഏറ്റവും ഒടുവിൽ സൈഗാൾ പാടുകയാണ് എന്ന സിബിമലയിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ട് നടത്തിയ പരിപാടിയിൽ റിമിടോമിയുടെ മണ്ടത്തരങ്ങളും നർമബോധവും ആവോളം വാഴ്‌ത്തപ്പെട്ടു. നടൻ മധുപാലാണ് റിമിയുടെ ഭാഷാബോധത്തെ കുറിച്ച് ചിരിയോടെ വിശദീകരിച്ചത്.

മധുപാലിനെ പോലെ മികച്ച വ്യക്തിത്വത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ താൻ വിനയകുനയിയാകുകയാണെന്ന് പറഞ്ഞ് റിമി തപ്പിക്കളിച്ചു. വിനയകുനയി എന്നോമറ്റോ അല്ലേ ചേട്ടാ പറയുന്നത് എന്നായി മധുപാലിനോട് റിമി. വിനയത്തിൽ പിടിച്ച് കുറേ നേരം ഉരുണ്ടുകളിച്ച റിമിടോമിയെ അപ്പോൾ തന്നെ മധുപാൽ പുകഴ്‌ത്താൻ തുടങ്ങി. റിമിടോമിയുടെ ആങ്കറിങ്ങനെ പുകഴ്‌ത്തിയ മധുപാൽ റിമി സ്വന്തമായി ഒരു ഡിക്ഷണറി തന്നെ ഇറക്കണമെന്നും ആവശ്യപ്പെട്ടു. വേദിയിൽ നിൽക്കുന്ന ഒന്നിലധികം പേരെ ഇത്രയും നേരം സംസാരിച്ച് രസിപ്പിച്ച് നിർത്തുന്നത് ഒരുകഴിവ് തന്നെയാണ്. ഇത്രയും നീണ്ട സമയം മുത്തുമണി പോലെ ഉതിർന്നുവീഴുന്ന വാക്കുകൾ റിമിയെ വ്യത്യസ്തമായ്കുന്നുവെന്ന് മധുപാൽ പറഞ്ഞു. വ്യത്യസ്തമാണ് റിമിയുടെ ആങ്കറിങ്. ഈ കഴിവിനെ സമ്മതിച്ചേ മതിയാകൂ എന്നും മധുപാൽ പറഞ്ഞു.

അതേ സമയം ഇത്രസൗന്ദര്യമുള്ള വില്ലനെ മധുപാലിന് മുമ്പോ പിമ്പോ മലയാള സിനിമ കണ്ടിട്ടില്ലെന്ന് കൂടി റിമ പ്രത്യുപകാരമായി പുകഴ്‌ത്തി. തുടർന്ന് സൈഗാൾ പാടുകയാണ് എന്ന സിനിമയുടെ ടൈറ്റിൽ ചൂണ്ടിക്കാട്ടി ആരാണ് സൈഗാൾ എന്ന ചിരിപ്പിക്കുന്ന ചോദ്യവും റിമി ഉന്നയിച്ചു.

സ്വയം ചോദ്യംചോദിക്കുകയും സ്വയം ഉത്തരംപറഞ്ഞ് ആളാകുകയും ചെയ്യുന്ന മികച്ച പ്രതിഭയുള്ള കലാകാരിയാണ് റിമിടോമിയെന്ന് പരിപാടിയിൽ പങ്കെടുത്ത നടൻ സന്തോഷ് കീഴാറ്റൂരും പറഞ്ഞു. അതേ സമയം ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു നിമിഷത്തെ കുറിച്ചുള്ള ഓർമയും മധുപാൽ പങ്കുവച്ചു. അത് സിൽക്ക് സ്മിതയെ കുറിച്ചായിരുന്നു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പങ്കെടുത്ത ഗൗരീശങ്കർ റിമിടോമിയെ ചോദ്യംചോദിച്ച് വെള്ളംകുടിപ്പിക്കുകയും ചെയ്തു.

സിൽക്ക് സ്മിതയെ ആദ്യമായും അവസാനമായും ജീവിതത്തിൽ ഒരേ ഒരുതവണ കല്യാണം കഴിച്ചത് താനാണെന്ന് കഥതുടങ്ങിക്കൊണ്ട് മധുപാൽ പറഞ്ഞു. അച്ചാമ്മക്കുട്ടിയുടെ അച്ചായൻ എന്ന രാജൻപിദേവ് ചിത്രത്തിലൂടെയാണത്. ആ സിനിമയിൽ സിൽക്ക് സ്മിതയെ താൻ വിവാഹം ചെയ്യുന്ന ഒരുരംഗമുണ്ട്. വിവാഹരംഗം ഷൂട്ട് ചെയ്തശേഷം സ്മിത എന്നോട് പറഞ്ഞു. താന്റെ ജീവിതത്തിൽ ഒരേയൊരുതവണയാണ് ഇത്തരത്തിൽ ഒരു രംഗം ഉണ്ടായിരിക്കുന്നത്. ഒരിക്കലെങ്കിലും ഒരാളെ വിവാഹം കഴിക്കുമെന്ന് താൻ കരുതിയില്ല. ഇനിയത് സിനിമയിൽ ആയാൽ പോലും. അതുകൊണ്ട് ഈ നിമിഷത്തെ താൻ ആർദ്രതയോടെ കൊണ്ടുനടക്കുമെന്നും സ്മിത പറഞ്ഞു. അതുംപറഞ്ഞ് സ്മിത കാറിൽ കയറിപ്പോയി. പിന്നീട് അധികകാലം കഴിയും മുമ്പ് അവർ ജീവിതത്തോട് വിടപറയുകയും ചെയ്തു. ആ നിമിഷങ്ങൾ തനിക്കും മറക്കാൻ കഴിയില്ലെന്ന് മധുപാൽപറഞ്ഞു.

അതേ സമയം സിനിമയിൽ ഒരുപാട് തവണ വിവാഹം കഴിച്ച നടിസിതാരയോടും വിവാഹരംഗങ്ങളെ കുറിച്ച് റിമിടോമി ചോദിച്ചു. എന്നാൽ വിവാഹരംഗങ്ങൾ അഭിനയിക്കുമ്പോൾ യഥാർത്ഥത്തിലൂള്ള ഒരു വിവാഹസാഹചര്യം തന്നെയാണ് അവിടെ ഒരുക്കുകയെന്നും സിതാരപറഞ്ഞു. എന്നാൽ തനിക്ക് അത്തരംരംഗങ്ങളിൽ അഭിനയിക്കുമ്പോൾ വ്യത്യസ്തമായി ഒന്നും തോന്നാറില്ലെന്നും സിതാര പറഞ്ഞു.