തിരുവനന്തപുരം: പിരപ്പൻകോട് മുരളി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്റെ ഒ.എൻ.വി: അറിവുകൾ, അനുഭവങ്ങൾ, ഓർമപ്പെടുത്തലുകൾ എന്ന പുസ്തകം മുന്മന്ത്രി എം.എ. ബേബി പ്രകാശനം ചെയ്തു. ഒ.എൻ.വിയുടെ മകൻ രാജീവ് ഒ.എൻ.വി പുസ്തകം ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കവി സുമേഷ് കൃഷ്ണന്റെ ഒ. എൻ. വി കവിതാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പ്രഥമ ഗിരീഷ് കർണാട് പുരസ്‌കാരം നേടിയ പ്രമോദ് പയ്യന്നൂരിനെ ആദരിച്ചു. ഡോ.പി.സോമൻ പുസ്തകപരിചയം നടത്തി.

രാജീവ് ഒ.എൻ.വി, പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ.ആർ.സരിതകുമാരി സ്വാഗതവും ഗ്രന്ഥകാരൻ പിരപ്പൻകോട് മുരളി മറുവാക്കും പറഞ്ഞു. 470 രൂപയാണ് പുസ്തകത്തിന്റെ വില.