തിരുവനന്തപുരം: ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം എം ടി. വാസുദേവൻ നായർക്ക്. ഒ.എൻ.വി കൾച്ചറൽ അക്കാഡമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണനാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം.പല പതിറ്റാണ്ടുകളിലെ സാഹിത്യ സപര്യയിലൂടെ മലയാള മനസിന്റെ നേർ പ്രതിബിംബമായി മാറിയ എം ടിക്കു സർഗാത്മകതയുടെ വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഒ.എൻ.വി പുരസ്‌കാരം നൽകുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഡോ. എം.എം. ബഷീർ ചെയർമാനും കെ. ജയകുമാർ, പ്രഭാവർമ എന്നിവർ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.

യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒ.എൻ.വി. പുരസ്‌കാരത്തിന് അനുജ അകത്തുട്ടിന്റെ 'അമ്മ ഉറങ്ങുന്നില്ല' എന്ന കവിതാ സമാഹാരം അർഹമായി. 50000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒ.എൻ.വിയുടെ ജന്മദിനമായ 27നു തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.