തിരുവനന്തപുരം: ഒഎൻവി സാഹിത്യപുരസ്‌കാരം കവി വൈരമുത്തുവിന് നൽകിയത് പുനഃപരിശോധിക്കാൻ തീരുമാനം. പുരസ്‌കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുനഃപരിശോധന. വൈരമുത്തുവിന് പുരസ്‌കാരം നല്കിയതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

വൈരമുത്തുവിനെതിരെ മീ ടു ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പുരസ്‌കാരം നൽകിയതിനെതിരെ നിരവധി സാംസ്‌കാരിക, സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരത്തിനായി വൈരമുത്തുവിനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തു.

നടി പാർവ്വതി തിരുവോത്ത്, എഴുത്തുകാരി കെ ആർ മീര, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേർ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാൾക്ക് ഒഎൻവി പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'പതിനേഴ് സ്ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്.

അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് വേഴ്‌സസ് ആർട്ടിസ്റ്റ് ചർച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും അടൂർ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാർഡിന് തെരഞ്ഞെടുത്തതിനെ.' എന്നായിരുന്നു പാർവ്വതി തിരുവോത്ത് പ്രതികരിച്ചത്.