തിരുവനന്തപുരം: പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ... ഒരുകാലത്ത് കേരളത്തിന്റെ ഞരമ്പുകളിൽ ഓടിയരുന്നത് ഈ ഗാനമായിരുന്നു. ജീവവായു പോലെ ഈ ഗാനം മലയാളം ഏറ്റെടുത്തു. ദേവരാജൻ മാഷുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ഒഎൻവിക്ക് എക്കാലവും പ്രിയപ്പെട്ടതായിരുന്നു. കെപിഎസിക്ക് വേണ്ടി കമ്മ്്യൂണിസ്റ്റ് വിപ്ലവം തീർത്തതിൽ ഒഎൻവിയുടെ വരികൾക്കുള്ള പങ്ക് ചെറുതല്ല. ഇതിൽ സാധാരണക്കാരുടെ മനസിലെ ഈണമായി തത്തിക്കളിച്ചത്. പൊന്നരിവാൾ അമ്പിളിയിൽ ഗാനമായിരുന്നു... ദേവരാജന്മാഷുമൊത്തുള്ള കൂട്ടുകെട്ടിൽ പിറവികൊണ്ട ഈ അനശ്വര ഗാനം പിറന്നതിനെ കുറിച്ച് അദ്ദേഹം ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു:

പൊന്നരിവാൾ അമ്പിളിയെ കുറിച്ച് പറയാം...തിരുവനന്തപുരത്ത് ശ്രീരാമവിലാസം ആശുപത്രിക്കടുത്ത് കുണ്ടറക്കാരൻ ബേബി കേരളം എന്നൊരു പത്രം നടത്തിയിരുന്നു. അതിന്റെ ജീവാത്മാവും പരമാത്മാവും വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു. റേഡിയോ വാർത്തയൊക്കെ കേട്ടാണ് വൈക്കം വാർത്ത എഴുതുന്നത്. വൈകുന്നേരങ്ങളിൽ ഞാനും ദേവരാജനും ഒക്കെ അവിടെപോകും. സാഹിത്യം സംഗീതം കവിതയൊക്കെ ചർച്ചചെയ്യുന്ന വൈക്കത്തിന്റെ ഡർബാറായിരിക്കും അവിടെ.

ഒരു ദിവസം അടുത്ത ഞായറാഴ്ചപതിപ്പിലേക്ക് കൊടുക്കാൻ ഒരു കവിത താ ഒ.എൻ.വി യെന്നു പറഞ്ഞപ്പോൾ എഴുതിയതാണ് 'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ'. അത് ദേവരാജൻ മാറിയിരുന്ന് മൂളുന്നതുകണ്ടു. ഈണത്തിൽ പാടി. തികച്ചും വ്യത്യസ്തമായ ആലാപനശൈലി. ഞങ്ങളീ സംഗീതം തുടങ്ങിയത് അങ്ങനെയാണ്. അല്ലാതെ ലാഭം വച്ചുകൊണ്ടായിരുന്നില്ല. കെ.പി.എ.സി തുടങ്ങുന്ന കാലത്ത് ഒരു നാടകം കളിക്കുമ്പോൾ എനിക്ക് അഞ്ചു രൂപയും ദേവരാജന് ഏഴുരൂപയും തരും.

ഇന്ന് കേട്ടാൽ ചിരിവരും. ഞങ്ങൾ അതിന്റെ പേരിൽ ഒരു പിണക്കവും കാട്ടിയില്ല. ഒന്നും പറഞ്ഞിട്ടുമില്ല. പത്തിരുപത് നാടകം കഴിയുമ്പോൾ ഒരു നൂറുരൂപ കിട്ടും. സന്തോഷം. അന്ന് പൂർവ്വ മാതൃകകൾ ഇല്ല. ഇപ്പോൾ 100 കണക്കിന് സിഡിയും ഡിസ്‌ക്കും മാറ്റിമാറ്റി കേൾക്കാനുണ്ടല്ലോ. അതില്ലാത്ത കാലത്താണ് ദേവരാജൻ സംഗീതമുണ്ടാക്കിയത്. ഞങ്ങൾ പെരുന്താന്നിയിൽ ഒരു വാടകവീട്ടിൽ താമസിച്ചിരുന്നു.രണ്ടു പുൽപ്പായയും തലയിണയും ട്രങ്ക് പെട്ടിയുമായിരുന്നു ഞങ്ങളുടെ ഫർണിച്ചർ.

'ഒ.എൻ.വി ഞാൻ ട്യൂൺ ചെയ്തതൊന്ന് കേൾക്കാമോ' യെന്ന് ദേവരാജൻ ചോദിക്കും. അതൊക്കെ കേൾക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ആ കഴിവ് ലോകം അറിയുന്ന ഒരു ദിവസം വരണേയെന്ന്. വൈകിട്ട് ഞങ്ങൾ ഒരുമിച്ച് ശ്രീകുമാർ തിയേറ്ററിന്റെ മുന്നിൽ പോകും. പ്രശസ്തമായ ചിത്രങ്ങളിലെ പാട്ടുകൾ കേൾക്കും. ആ കാലത്തിന് എന്തെല്ലാം ഇല്ലായ്മകളും വല്ലായ്മകളും ഉണ്ടായിരുന്നെങ്കിലും ഒരു തപസിന്റെ സുഖം ഉണ്ടായിരുന്നു. അല്പാഹാരവും ജീർണവസ്ത്രവും കൊണ്ട് ജീവിച്ചെങ്കിലും ഒരു തപസിന്റെ സുഖം ഉണ്ടായിരുന്നു.

ദേവരാജൻ മാഷിനെപ്പോലെ സലിൽദായും എം.ബി.എസുമൊക്കെ വളരെ പ്രിയപ്പെട്ടവരായിരുന്നു തനിക്കെന്നാണ് ഒഎൻവി പറയുന്നത്. സലിൽദാ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ തന്നെയായിരുന്നു. ധാരാളം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഒർത്തെടുത്തു.