ഉമ്മൻ ചാണ്ടിയുടെ നാളത്തെ ബജറ്റ് പ്രകടന പത്രികയ്ക്ക് തുല്യമാകുമോ? ഒന്നും നടപ്പിലാക്കാൻ നേരം കിട്ടാത്തതിനാൽ ഒരുപാട് സ്വപ്നങ്ങൾ വാരി വിതറുമെന്ന് സൂചന; സമ്പൂർണ്ണ മദ്യനിരോധനം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: ഓരോ ബജറ്റിന് മുന്നോടിയായി ഉയരുന്ന പ്രധാന ചോദ്യം കഴിഞ്ഞ വർഷം വരെ പെൻഷൻ പ്രായം ഉയർത്തുന്നതിനെ കുറിച്ചായിരുന്നു. എന്നാൽ ഇത്തവണ അത് പ്രതീക്ഷിക്കേണ്ട. യുവാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങാൻ അത്തരമൊരു തീരുമാനം സർക്കാരെടുക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായതിനാൽ അരേയും ഇണക്കിയില്ലെങ്കി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഓരോ ബജറ്റിന് മുന്നോടിയായി ഉയരുന്ന പ്രധാന ചോദ്യം കഴിഞ്ഞ വർഷം വരെ പെൻഷൻ പ്രായം ഉയർത്തുന്നതിനെ കുറിച്ചായിരുന്നു. എന്നാൽ ഇത്തവണ അത് പ്രതീക്ഷിക്കേണ്ട. യുവാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങാൻ അത്തരമൊരു തീരുമാനം സർക്കാരെടുക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായതിനാൽ അരേയും ഇണക്കിയില്ലെങ്കിലും പിണക്കരുതെന്ന തന്ത്രമാണ് ബജറ്റ് അവതാരകൻ കൂടിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ജനങ്ങളെ സ്വാധീനിക്കുകയാണ് ലക്ഷ്യം. ഖജനാവ് കാലിയാണെങ്കിലും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ കൊണ്ട് നിറയും. അതിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന മദ്യ നിരോധനവും ഉണ്ടെന്നാണ് സൂചന.
എന്നാൽ ഇക്കാര്യത്തിൽ അവസാന മണിക്കൂറിൽ മാത്രമേ തീരുമാനം എടുക്കൂ. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണമായിരുന്നു ബാർ കോഴ. സോളാർ വിഷയത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രിയക്ക് എതിരായതും ബാർ ഉടമകളുടെ ഇടപെടൽ മൂലമാണ്. ഈ സാഹചര്യത്തിലാണ് മദ്യനിരോധനം പരിഗണനയിലുള്ളത്. എന്നന്നേക്കുമായി ബാറുടമകളുടെ അബ്കാരി മോഹങ്ങൾ തകർക്കുകയാണ് ലക്ഷ്യം. ഇടതു സർക്കാർ അധികാരത്തിലെത്തിയാൽ ബാറുകൾ തുറക്കുമെന്ന ധാരണയിലാണ് ഉടമകളുടെ സർക്കാരിനെതിരായ നീക്കം. ഇതുകൊണ്ടാണ് സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് കാര്യങ്ങളെത്തുന്നത്. ഇതിലൂടെ അഴിമതി ആരോപണങ്ങളെ ചെറുക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം സ്ത്രീകളെ യുഡിഎഫുമായി അടുപ്പിക്കുകയും ചെയ്യാം.
എകെ ആന്റണിയുടെ കാലത്താണ് ചാരായ നിരോധനം കൊണ്ടുവന്നത്. എന്നാൽ ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടായില്ല. കുടിയന്മാരെല്ലാം തിരിച്ചു വോട്ട് ചെയ്തു. അതുകൊണ്ട് മാത്രമാണ് സമ്പൂർണ്ണ മദ്യനിരോധനത്തിൽ ഉമ്മൻ ചാണ്ടി ചിന്തിക്കാൻ കാരണം. ബിവറേജസ് ഔട് ലെറ്റുകളും ഫോർ സ്റ്റാർ ഫൈവ് സ്റ്റോർ ഹോട്ടലുകളും മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇത് അടയ്ക്കുമ്പോൾ മദ്യത്തിന് അടിമായയവർ സർക്കാരിനെതിരെ പ്രതികരിക്കും. ഈ തിരിച്ചടിയുടെ ആഘാതം വിശദ പഠനത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിധേയമാക്കുന്നുണ്ട്. അതിന് ശേഷമേ മദ്യനിരോധനം പ്രസംഗത്തിന്റെ ഭാഗമാക്കൂ. ജനക്ഷേമ പദ്ധതികൾ കുത്തി നിറച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് നീക്കം. ബാർ കോഴയിലെ അഴിമതിക്കഥകൾ കെട്ടിച്ചമച്ചതാണെന്നും ബാറുകൾ പൂട്ടിയത്തിന്റെ ദേഷ്യമാണ് മദ്യമുതലാളികൾക്കുമെന്ന് സ്ഥാപിക്കാനാണ് നീക്കം.
വരുമാനം കുറഞ്ഞതിനാലും ചെലവുകൾ വർധിച്ചതിനാലും സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. 2011-12ൽ 23 ശതമാനമായിരുന്ന നികുതി വളർച്ച ഈ വർഷം 10 ശതമാനമായി ചുരുങ്ങി. കേന്ദ്രവിഹിതത്തിലും കുറവുണ്ടായി.ഈ വർഷം ഡിസംബർ വരെ റവന്യൂ വരുമാനം 47,273.77 കോടിയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 17.52 ശതമാനം വർധനയേ ഉണ്ടായിട്ടുള്ളൂ. ഇതേ കാലയളവിലെ റവന്യൂ ചെലവ് 52,141.44 കോടിയാണ്. 2015 വരെയുള്ള റവന്യൂ കമ്മി 4,867.68 കോടിയാണ്. ധന ഉത്തരവാദിത്ത നിയമത്തിൽ ലക്ഷ്യമിട്ട പരിധിക്കുള്ളിൽ റവന്യൂ കമ്മി നിലനിർത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആ സാമ്പത്തികവർഷം 77,427 കോടി വരവും 85,259 കോടി റവന്യൂ ചെലവും പ്രതീക്ഷിച്ചിരുന്നിടത്ത് ഡിംസബർ വരെ കൈവരിക്കാനായത് തൃപ്തികരമല്ല.
ഈ സാഹചര്യത്തിൽ മദ്യത്തിന്റെ വരുമാനം വേണ്ടെന്ന് വയ്ക്കുന്നത് സർക്കാരിന് തിരിച്ചടിയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താകും മുഖ്യമന്ത്രി മദ്യനിരോധനത്തിൽ തീരുമാനം എടുക്കുക. മദ്യം, പെട്രോൾ, ലോട്ടറി എന്നിവയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള നികുതി സമ്പ്രദായം പൊളിച്ചെഴുതാനാണ് നീ്ക്കം.കേരളത്തിന്റെ നികുതിവരുമാനത്തിലെ 43 ശതമാനവും പെട്രോൾ, മദ്യം, ലോട്ടറി എന്നിവയിൽ നിന്നാണ്. സംസ്ഥാനത്തിന്റെ പ്രതിശീർഷ ഉപഭോഗം വർധിക്കുമ്പോഴും നികുതി വരവ് കുറയുകയാണ്. 201112 ലെ കണക്കു പ്രകാരം കേരളത്തിലെ പ്രതിശീർഷക പ്രതിവർഷ ഉപഭോഗം 36,762.68 രൂപയാണ്. ഇതു മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ നികുതിഘടനയും പൊളിച്ചടുക്കും.
അതിനിടെ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതിനും പാവപ്പെട്ടവർക്ക് സർക്കാർ ചെലവിൽ വീട് നിർമ്മിക്കുന്നതിനുമുള്ള പദ്ധതിക്കുമായിരിക്കും ബജറ്റിൽ മുൻഗണന എന്നാണ് സൂചന. വിവിധ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ വരുമാനത്തിലെ വളർച്ചയുടെ കുറവ് സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. താഴ്ന്ന വരുമാനക്കാർക്ക് 1.72 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകാനുള്ള പദ്ധതി അടുത്തിടെ സർക്കാർ അംഗീകരിച്ചിരുന്നു. ഇതിന് വായ്പ കണ്ടെത്താനായി വിവിധ ബാങ്കുകളുടെ മേധാവികളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. റബ്ബറിന് വിലയിടിഞ്ഞത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ട്. ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതിന് മുൻപ് മാസം 1,200 കോടി രൂപയായിരുന്നു സർക്കാരിന്റെ കമ്മി.
7,200 കോടി രൂപയാണ് ശമ്പള വർധനയ്ക്ക് ഒരുവർഷം വേണ്ടത്. പെൻഷനും ശമ്പളവും വർധിച്ചതിനാൽ ശമ്പള കുടിശ്ശികയായി 7,121 കോടി രൂപയും പെൻഷൻ കുടിശ്ശികയായി 5,467 കോടി രൂപയും 2017 മുതൽ 19 വരെയുള്ള വർഷങ്ങളിലായി കൊടുക്കേണ്ടിയും വരും. ഭരണപക്ഷ സമാജികരുടെ മണ്ഡലങ്ങളിൽ വികസന പദ്ധതികൾക്ക് മുൻഗണന നൽകും. അടിസ്ഥാനസൗകര്യവികസനത്തിന് ഫണ്ട് കണ്ടെത്താനായി സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാനായി രണ്ടുതവണ സർക്കാർ ടെൻഡർ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിൽ വികസനത്തിനു പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് കണ്ടെത്താനുള്ള ചില നടപടികളും ബജറ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ബജറ്റ് ഈ സമ്മേളനം പാസാക്കുന്നില്ല. പകരം താത്കാലിക ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയും. ബജറ്റ് പാസാക്കേണ്ടത് അടുത്ത സർക്കാരാണ്. അടുത്തുവരുന്ന സർക്കാരിന് ഈ ബജറ്റ് തന്നെ അവതരിപ്പിക്കുകയോ തിരുത്തൽ ബജറ്റ് അവതരിപ്പിച്ച് പാസാക്കുകയോ ചെയ്യാം.