ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡൽഹി ദൗത്യം. എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച കൊണ്ടാണ് പുതിയ ദൗത്യം രാഹുൽ ഗാന്ധി ഏൽപ്പിച്ചത്. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കി കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് നിയമിച്ചിരിക്കുന്നത്. ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽനിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മൻ ചാണ്ടി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി കൂടി മാറുകയാണ്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയുടെ ചുമതല നൽകുക വഴി ഫലത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി വരില്ലെന്ന് വ്യക്തമാക്കുകയാണ്.

എ ഐ സി സി പുനഃസംഘടനയുടെ ഭാഗമായി കേരളത്തിൽനിന്നുള്ള ചില നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് എത്തിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് എ ഐ സി സി ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉമ്മൻ ചാണ്ടിയെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ദയനീയമായ പ്രകടനമായിരുന്നു ആന്ധ്രയിൽ കോൺഗ്രസ് കാഴ്ച വെച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടാവുക. വൈഎസ്ആർ കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് നിലവിൽ ആന്ധ്ര. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് മുമ്പിലുള്ളത് വലിയ വെല്ലുവിളികളാണ്.

ഉമ്മൻ ചാണ്ടിയെ കൂടാതെ രണ്ട് എ ഐ സി സി സെക്രട്ടറിമാരാണ് നിലവിൽ കേരളത്തിൽനിന്നുള്ളത്. കർണാടകയുടെ ചുമതല വഹിക്കുന്ന കെ സി വേണുഗോപാലും ഡൽഹിയുടെ ചുമതല വഹിക്കുന്ന പി സി ചാക്കോയും. അതേസമയം കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ ഭാഗമായി ഉമ്മൻ ചാണ്ടി മാറുന്നതോടെ ഹൈക്കമാൻഡിന്റെയും ഭാഗമായി അദ്ദേഹം മാറും.

ദേശീയരാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കണമെന്ന്‌കേരളത്തിലെ നേതാക്കളുമായി നേരത്തെ നടത്തിയ കൂടിക്കാഴ്‌ച്ചയിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിൽ തുടരാനാണ് താത്പര്യപ്പെടുന്നതെന്ന് അന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിന് ശേഷം പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത ഉമ്മൻ ചാണ്ടിയും ഇതിനോട് വിമുഖത പ്രകടിപ്പിച്ചു.

പ്രമുഖ നേതാവായിട്ടും പ്രത്യേകിച്ച് പദവികളൊന്നും വഹിക്കാതെ ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നുവെങ്കിലും അദ്ദേഹം അതിനോടും താത്പര്യം കാണിക്കാതെ നിൽക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2021-ലാണ് എന്നിരിക്കെ ഉമ്മൻ ചാണ്ടിയെ താൽകാലത്തെക്കെങ്കിലും രാഹുൽ ദേശീയ രാഷ്ട്രീയത്തിൽ ഉപയോഗിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ പുതിയ ദൗത്യം. അദ്ദേഹം തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ മെനയാനുള്ള ആളായി മാറും. ആന്റണിക്ക് ശേഷം കോൺഗ്രസ് ഹൈക്കമാൻഡിലെ മുഖ്യനേതാവായി അദ്ദേഹം മാറുമെന്നത് ഉറപ്പാണ്.