വെട്ടിനിരത്തുവാൻ വി.എസിനെ വെല്ലുവാൻ ആരുമില്ലെന്നായിരുന്നു കേട്ടുകേൾവി. എന്നാൽ വെട്ടിനിരത്തുകൾ മാത്രമല്ല, ശത്രുക്കളെ അരിഞ്ഞുവീഴ്‌ത്തി നുറുക്കിക്കളയുവാനും കുതന്ത്രങ്ങൾ പയറ്റി തെളിഞ്ഞ രാഷ്ട്രീയ ചാണക്യ തന്ത്രജ്ഞൻ ഉമ്മൻ ചാണ്ടി തന്നെ. കേരളാ ഭരണം സരിതാ നായരുടെ സാരി തുമ്പിൽ ആടിയുലഞ്ഞപ്പോഴും സുസ്‌മേരവദനനായി നിയമസഭയിൽ തന്ത്രങ്ങൾ മെനഞ്ഞെടുത്ത കുതന്ത്രശാലിയായിരുന്നു ഉമ്മൻ ചാണ്ടി. ചിലയാളുകൾക്ക് മദ്യപാനമാണ് ദൗർബല്യമെങ്കിൽ മറ്റു ചിലർക്ക് പുകവലിയോ, വ്യഭിചാരമോ, മോഷണമോ ആയിരിക്കും. അരിഞ്ഞു വീഴുത്തണമെന്നു കൂലംകഷമായി ചിന്തിച്ചുകൊണ്ട് കുതന്ത്രങ്ങൾ മെനയുകയാണ് ഇദ്ദേഹത്തിന്റെ ദൗർബല്യം. ആയതിനാൽ മുടി കത്രിക്കുവാൻ പോലും സമയം കിട്ടുന്നില്ല. ജനസേവന തത്പരനായി എപ്പോഴും തലചൊറിഞ്ഞുകൊണ്ടും പലരുടെയും ഉറക്കംകെടുത്തിക്കൊണ്ടും സദാ ഭരണതന്ത്രജ്ഞനായി കാണപ്പെടുന്നു.

ഹരിത കേരളം സരിത കേരളമാക്കി തന്നെ കുഴയ്ക്കാൻ വന്ന കേരളത്തിലെ ചുവപ്പു നായകന്മാരുടെയും അണികളുടെയും ഒരു വലിയ ചൂടൻ സമരത്തേയാണ് തിരുവനന്തപുരത്ത് അദ്ദേഹം തവിടുപൊടിയാക്കി കൊടുത്തത്. വി എസ് പോലുമറിയാതെ സമരം നിർത്തി അണികൾ വീട്ടിലേക്കു മടങ്ങിയത് ഒരു പക്ഷെ പലർക്കും ഇന്നും അത്ഭുതംതന്നെ.

വിഎസും പിണറായിയും തമ്മിൽ നടത്തുന്ന പടലപിണക്കങ്ങൾക്ക് കാരണക്കാരൻ എപ്പോഴും ഈ ചാണക്യന്റെ തന്ത്രങ്ങൾ തന്നെ. കേരള സിപിഎമ്മിലെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന എം വി രാഘവനെ യു.ഡി.എഫ് മുന്നണിയിൽ മുന്നിൽ നിർത്തി പിന്നിൽ നിന്നും കുത്തി അദ്ദേഹത്തിന്റെ പാർട്ടിയായ സി.എംപി.യെ തുണ്ടംതുണ്ടമാക്കിയപ്പോൾ ഉള്ളിൽ ഏറെ പുഞ്ചിരിച്ചതും ഈ സമർത്ഥൻ തന്നെ. സിപിഎമ്മിന്റെ മറ്റൊരു പെൺപുലി കെ.ആർ.ഗൗരിയമ്മയ്ക്കും കൊടുത്തു ഒരെട്ടിന്റെ പണി. ഗൗരിയമ്മയുടെ പാർട്ടിയും പലതായി മുറിഞ്ഞ് ഗത്യന്തരമില്ലാതെ ഇന്ന് അനാഥപ്രേതംപോലെ നടക്കുന്നതും ഈ ചാണക്യന്റെ തന്ത്രമല്ലേ? പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ അമ്മയെ എന്നാലും കേരള ജനത ഒരിക്കലും മറക്കില്ല. ഒരിക്കൽ അമ്മ പറഞ്ഞ കാര്യമാണ്; പൊലീസിന്റെ ലാത്തികൾക്ക് ബീജമുണ്ടായിരുന്നെങ്കിൽ ഞാൻ ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നെന്ന്. ആ ധീരവനിതയുടെ പാർട്ടിയേയും ഇദ്ദേഹം വെട്ടിനുറുക്കിയിരിക്കുന്നു. പാലാക്കാർക്കുവേണ്ടി തേനും പാലും ഒഴുക്കിക്കൊണ്ടിരുന്ന പാലായിലെ മാണിക്യത്തിനു ഇന്ന് ആ ഗതി വരുത്തുവാൻ ഈ ചാണക്യനെയ്തത് ഒളിയമ്പുതന്നെ. ഒരിക്കൽ മുഖ്യമന്ത്രിപദത്തിനുവേണ്ടി കാക്കക്കണ്ണെറിഞ്ഞതിന്റെ വൈരാഗ്യമാണ് മാണിക്യത്തിനെ ഇന്നു കഴുകന്മാർക്കു കൊത്തിനുറുക്കാൻ എറിഞ്ഞുകൊടുത്തത്. പട്ടംമുതൽ പാലാ വരെ റീത്തുകൾ ഏറ്റുവാങ്ങിക്കൊണ്ട് മാണിക്യം ചെയ്ത കേരളാ കോൺഗ്രസിന്റെ ചരമ പ്രസംഗം കേട്ട് പൂഞ്ഞാറിലെ പുലിക്കുട്ടി പിച്ചും പേയും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഒരു കോടി കോഴ വാങ്ങിയവൻ നരകത്തിലും 10 കോടി കോഴ വാങ്ങിയവൻ സ്വർഗ്ഗത്തിലും എത്തിയെന്നദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ പുലിക്കുട്ടിയെക്കൊണ്ട് പലപ്പോഴും മാണിക്യത്തിനെ മാന്തിക്കീറിപ്പറിക്കുന്ന കൊടുക്രൂരത നാം നേരിൽ കണ്ടിട്ടുള്ളതാണല്ലോ? ഉമ്മൻ ചാണ്ടിക്കു നേരെ ചീറ്റി വന്ന പി.സി.മൂർഖനെ പാലായിലെ വീടിന്റെ തിരുമുറ്റത്തു കൊണ്ടു വിട്ടുകൊടുത്തു ഇത്രയും നാൾ അയോഗ്യനാക്കാതിരുന്ന പി.സി.ജോർജിനെ ഇപ്പോൾ അയോഗ്യനാക്കിയത് ആരെ സന്തോഷിപ്പിക്കാനാണ്? എന്തായാലും തന്റെ ഏറ്റവും വലിയ അരമന രഹസ്യങ്ങൾ അറിയാമായിരുന്ന ഭയപ്പെട്ടിരുന്ന ഉമ്മൻ ചാണ്ടിക്ക് ഇനി ഭയക്കേണ്ട ആവശ്യമില്ല. കാരണം പൂഞ്ഞാറിന്റെ ഏറ്റവും വലിയ ശത്രു ഇന്ന് പാലാ മാണിക്യമാണ്. കുഞ്ഞാടിനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയെപ്പോലെ ദാഹിച്ചു നിൽക്കുന്ന ഉമ്മച്ചനെയാണ് ഇനി നമുക്ക് കാണാൻ സാധിക്കുന്നത്.
സംഭവം തീരുന്നില്ല- ആർ.എസ്‌പിയുടെ ഒരു വിഭാഗത്തെ മുറിപ്പിച്ചുകൊണ്ട് യു.ഡി.എഫിൽ ചേർത്ത് തല അവിടേയും വാല് ഇവിടേയുമാക്കിത്തീർത്തു. ഇതോടുകൂടി ആർ.എസ്‌പിയും പിളർന്ന് മണ്ണിലേക്ക് ലയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ അതിവേഗം ബഹുദൂരത്തിൽ യു.എൻ അവാർഡും കരസ്ഥമാക്കിയ തന്ത്രജ്ഞൻ കേരളാ കോൺഗ്രസ് ബി എന്ന പാർട്ടിയേയും കാറ്റിൽ പറത്തിക്കളഞ്ഞു. ചരടു പൊട്ടിയ പട്ടംപോലെ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ചിലർ അലഞ്ഞു നടക്കുന്നുണ്ടാകാം. മന്ത്രി കസേര പോയിട്ട് പ്യൂണിന്റെ കസേര പോലും കൊടുത്തില്ല.

യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾക്കും മകനും ഈ അധോഗതി വരുത്തിക്കൊടുത്തതാര്? കേരള രാഷ്ട്രീയത്തിന്റെ ചാണക്യവീരനല്ലേ? എല്ലാ ഘടക കക്ഷികളേയും നിലംപരിശാക്കിക്കൊണ്ട് കോൺഗ്രസ് ഒറ്റകക്ഷിയായി കേരളം ഭരിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിക്കുമ്പോൾ തന്റെ അടുത്ത ലക്ഷ്യം ലീഗിനെ കൂടി പിളർത്തുക എന്നുള്ളതാണ്. മത-വർഗീയ കക്ഷികൾ തീർച്ചയായും കേരളത്തിന് ആപത്താണ്. അവരെ നശിപ്പിക്കുന്നത് അനിവാര്യമാണെങ്കിൽ പോലും പോഴിയുന്ന അപ്പക്കഷണങ്ങൾ പെറുക്കിയെടുക്കുവാൻ മറ്റൊരു ഭിക്ഷാടകകൂട്ടർ കാത്തിരിപ്പുണ്ടല്ലോ. അതാണ് കേരളത്തിന്റെ ഏറ്റവും വലിയ ആപത്ത്. കേരളം മതേതര സംസ്ഥാനമാക്കണം. മതങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ മാനവകുലത്തിന് പ്രാധാന്യംകൊടുത്തുകൊണ്ടും അവരുടെ നന്മയ്ക്കുവേണ്ടി ഭരിക്കുവാൻ പിണറായി എന്ന നട്ടെല്ലുള്ള ഒരു പുത്രൻ ഉണ്ടെന്നുള്ളത് മനസിലാക്കുന്നത് നന്നായിരിക്കും.

ആൾദൈവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച ഒറ്റ നേതാവേ കേരളത്തിലുള്ളുവെന്നുകൂടി മനസിലാക്കാൻ കേരള ജനത തയാറാകും. കോൺഗ്രസ് ഭരിച്ചാലും കമ്യൂണിസ്റ്റ് ഭരിച്ചാലും കേരളം വർഗ്ഗീയ ഭ്രാന്തിൽ വെന്തുരുകുവാൻ പാടില്ല എന്നതാണ് എന്റെ അഭിപ്രായം. ബീഹാർ എന്ന സംസ്ഥാനം അതാണ് നമുക്ക് കാട്ടിത്തരുന്നത്. മതവും ജാതിയും വർഗീയതയും വിട്ട് കേരളം ആര് ഭരിക്കുന്നുവോ അവർ ഭരിക്കട്ടെ. എങ്കിൽ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറുകയുള്ളൂ.

ജയ്ഹിന്ദ്