തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നിയമസഭയിൽ പ്രത്യേക മുറി അനുവദിച്ചു. വി എസ്.അച്യുതാനന്ദനു മുറി നൽകിയതു കണക്കിലെടുത്ത് ഉമ്മൻ ചാണ്ടിക്കും മുറി അനുവദിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു നിയമസഭാ മന്ദിരത്തിന്റെ മൂന്നാം നിലയിലെ 712ാം നമ്പർ മുറി ഉമ്മൻ ചാണ്ടിക്കു നൽകിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രി മന്ത്രി മഞ്ഞളാംകുഴി അലിയുടേതായിരുന്നു ഈ മുറി.

രണ്ടാം നിലയിലാണ് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനായ വിഎസിന് മുറി അനുവദിച്ചിരിക്കുന്നത്. വിഎസിന് മുറി അനുവദിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കത്തു നൽകിയത്. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ കൂടിയായ വി എസ്, തനിക്ക് ഇടവേളകളിൽ വിശ്രമിക്കാനും മറ്റുമായി സഭയിൽ മുറി വേണമെന്നു സ്പീക്കറോട് അഭ്യർത്ഥിച്ചിരുന്നു. കാബിനറ്റ് പദവി കൂടിയുള്ള സാഹചര്യത്തിൽ തനിക്ക് ഇതിന് അർഹതയുണ്ടെന്നു വി എസ് കരുതുന്നു. എന്നാൽ, സഭയിൽ മുന്മുഖ്യമന്ത്രിമാർ എന്ന നിലയിൽ വിഎസും ഉമ്മൻ ചാണ്ടിയും തുല്യരാണ് എന്നാണു പ്രതിപക്ഷത്തിന്റെ സമീപനം.

ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷപദവിയിലൂടെ ലഭിച്ച കാബിനറ്റ് പദവിക്കു സഭാപ്രവർത്തനവുമായി ബന്ധമൊന്നുമില്ല. വിഎസിന് അനുവദിക്കുന്നതിനോട് എതിർപ്പില്ല. പക്ഷേ, അങ്ങനെ എങ്കിൽ ഉമ്മൻ ചാണ്ടിക്കും നൽകണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരും ഇത്തവണ 19 പേരുമായതിനാൽ മുറി ഒഴിവുണ്ട്.

നേരത്തെ ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാനായ തനിക്ക് നിയമസഭയിൽ, നിയമപ്രകാരം ലഭിക്കേണ്ട സൗകര്യങ്ങൾ ലഭിക്കാത്തതിൽ അതൃപ്തി അറിയിച്ച് വി എസ്.അച്യുതാനന്ദൻ സ്പീക്കർക്ക് കത്തു നൽകിയിരുന്നു. കാബിനറ്റ് പദവി ഉണ്ടായിട്ടും തനിക്ക് നിയമസഭയിൽ പ്രത്യേക മുറി അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. വിശ്രമത്തിനും തന്റെ ഔദ്യോഗിക ചുമതലകൾ നിറവേറ്റാനും വേണ്ടിയാണ് നിയമസഭയിൽ മുറി ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടായില്ലെന്നും വി എസ് കത്തിൽ പറഞ്ഞിരുന്നു.

വി.എസിന്റെ ഓഫീസ് ഐ.എം.ജിയിൽ പ്രവർത്തനം ആരംഭിച്ചുവെന്ന് മുഖ്യന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി എസ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഓഫീസ് സെക്രട്ടേറിയറ്റിനുള്ളിൽ തന്നെ വേണമെന്ന് വി എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നൽ, ഇത് അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.