തിരുവനന്തപുരം: കേരളത്തിൽ അമിത്ഷായും ജനരക്ഷായാത്രയും കഴിഞ്ഞെങ്കിലും ഇപ്പോഴും ചർച്ച സോളാർ കേസിനെ കുറിച്ചാണ്. സോളാർ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിൽ നിൽക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിയും മാനഭംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. ജുഡീഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നും പുറത്തിറങ്ങിയിട്ടില്ല. റിപ്പോർട്ടിൽ പരാമർശിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയാൻ റിപ്പോർട്ടിന്റെ പൂർണരൂപം തേടിയുള്ള ശ്രമത്തിലാണ് ഉമ്മൻ ചാണ്ടി.

റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകണം എന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി പിണറായി വിജയന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനിടെ സരിത എന്ന പേര് കേൾക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടി കടുത്ത ആശങ്കയ്ക്ക് അടിമപ്പെടുകയാണ്. ഇത് വ്യക്തമാക്കുന്ന ഒരു രസകരമായ സംഭവവും ഉണ്ടായി. ഒരു പ്രമുഖ മാധ്യമപ്രവർത്തക ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ചപ്പോൾ സരിത എന്ന പേര് കേട്ടതോടെ അദ്ദേഹം ഫോൺ കട്ട് ചെയ്തു പോകുകയായിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള ട്വീറ്റ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണിപ്പോൾ.

ദക്ഷിണേന്ത്യയിലെ പ്രമുഖ ഓൺലൈൻ വെബ്‌സൈറ്റായ ന്യൂസ് മിനിറ്റിന്റെ എഡിറ്റർ ഇൻ ചീഫായ ധന്യ രാജേന്ദ്രനാണ് ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ചപ്പോൾ തന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ട്വീറ്റ് പോസ്റ്റു ചെയ്തത്. തമാശയല്ല താൻ പറയുന്നതെന്നും സത്യമാണെന്നും വിവരിച്ചാണ് ധന്യയുടെ ട്വീറ്റ്. 'എന്റെ സഹപ്രവർത്തകത സരിത ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ചു. തന്റെ പേര് വെളിപ്പെടുത്തിയതോടെ അദ്ദേഹം ഫോൺ കട്ടു ചെയ്തു'- ധന്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

സരിത എന്ന മാധ്യമപ്രവർത്തക മുൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചപ്പോഴാണ് ഈ സംഭവം എന്നാണ് ധന്യ വിശദീകരിച്ചത്. ധന്യയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ െൈവറലായതോടെ ഇതേക്കുറിച്ച് ഇന്ന് ഏഷ്യാനെറ്റിൽ നടന്ന ചർച്ചയിൽ വിനു വി ജോണും പരാമർശിച്ചു. സോളാർ വിഷയവുമായി ബന്ധപ്പെട്ട് വിഡി സതീശന്റെ പരാമർശനവും കേസ് എടുക്കാനുള്ള ഉത്തരവ് പുറത്തിറങ്ങാത്തതും സംബന്ധിച്ച ചർച്ചയിലാണ് ഉമ്മൻ ചാണ്ടി സരിത എന്ന പേര് കേൾക്കുമ്പോൾ പോലും ഭയക്കുന്നു എന്ന കാര്യം വിനു ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ച് പരാമർശിക്കാനാണ് ധന്യയുടെ ട്വീറ്റും വിനു എടുത്തുപറഞ്ഞത്.

മറുനാടൻ ഇന്ന് പുറത്തുവിട്ട സരിതയുടെ വെളിപ്പെടുത്തൽ സംബന്ധിച്ചു ചർച്ചയിൽ പരാമർശം ഉണ്ടായി. ഗണേശിന്റെ പേര് സരിത കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്താത്തതിനെ കുറിച്ച് പറഞ്ഞത് ജ്യോതികുമാർ ചാമക്കാലയാണ് ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്.