കൊച്ചി: ഉമ്മൻ ചാണ്ടിയെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കാത്ത രാഷ്ട്രീയക്കാരനാണ്. സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും ജനങ്ങൾക്കിടയിൽ കരുത്തൻ തന്നെയാണ് ഉമ്മൻ ചാണ്ടി. താൻ വളർത്തിയെടുത്ത എ ഗ്രൂപ്പിനെ തഴയുന്ന നിലപാടാണ് കേന്ദ്ര നേതൃത്വം ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിന് പ്രധാന കാരണം രാഹുൽ ഗാന്ധി തന്നെയാണ്. ഡിസിസി പുനഃസംഘടനയിലും രാഹുൽ ഗാന്ധിയാണ് തനിക്ക് വിലങ്ങുതടിയായതെന്ന ബോധ്യം ഉണ്മൻചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ ഒതുങ്ങി നിന്നുള്ള രാഷ്ട്രീയ കളികൾക്ക് പുറമേ ദേശീയ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് ഉമ്മൻ ചാണ്ടി. സംസ്ഥാന പ്രതിപക്ഷം ശക്തമല്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഉമ്മൻ ചാണ്ടി ദേശീയ വിഷയങ്ങൾ ഉന്നയിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

നോട്ട് പിൻവലിക്കലിനെത്തുടർന്നു ജനം പ്രതിസന്ധി നേരിട്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞില്ലെന്ന് ആക്ഷേപമുയരുന്നതിനിടയിലാണു കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയും വേണ്ടത്ര ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപം കോൺഗ്രസിനുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗുരുതരമായ വിഷയങ്ങൾ ആരോപണമായി ഉന്നയിച്ച് ഉമ്മൻ ചാണ്ടി രംഗത്തിറങ്ങിയത്. ഇത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന്റെ തുടക്കമായും വിലയിരുത്തുന്നു. നോട്ട് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണു ഉമ്മൻ ചാണ്ടി ഉന്നയിച്ചത്. ദേശീയതലത്തിൽ ഉന്നയിക്കേണ്ട വിഷയമാണു കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടി ഉന്നയിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തന രീതിയിലും കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് ഉമ്മൻ ചാണ്ടി. സംസ്ഥാന കോൺഗ്രസിന്റെ മുഖ്യധാരയിൽനിന്നു മാറി താഴെത്തട്ടിൽ യോഗങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഉമ്മൻ ചാണ്ടി നോട്ട് പ്രശ്‌നത്തിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ഗൃഹപാഠമാണു നടത്തിയതെന്ന് അദ്ദേഹം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ മാറ്റിനിർത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായാണു ദേശീയ വിഷയത്തിൽ കൃത്യമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം. പ്രധാനമന്ത്രിക്കെതിരേ ബോംബുണ്ടെന്നു കൊട്ടിഘോഷിച്ച് ഒടുവിൽ വർഷങ്ങൾ പഴക്കമുള്ള അഴിമതി ആരോപണമുന്നയിച്ച് അപഹാസ്യമായ കേന്ദ്രനേതൃത്വത്തിന്റെ കഴിവുകേടു തുറന്നു കാട്ടുകയാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഡി.സി.സി. പ്രസിഡന്റുമാരെ നിയമിച്ച രീതിയിലും കേന്ദ്രനേതൃത്വം തന്റെ വാക്കുകൾക്കു വില നൽകാതിരുന്നതിലും കടുത്ത പ്രതിഷേധത്തിലാണ് ഉമ്മൻ ചാണ്ടി. എന്നാൽ അതിന്റെ പേരിൽ ഹൈക്കമാൻഡിനെ എതിർക്കാനോ വെല്ലുവിളിക്കാനോ ഉമ്മൻ ചാണ്ടി തയാറല്ല.
പക്ഷേ ജനങ്ങളെ ആകെ ബാധിക്കുന്ന ഗൗരവതരമായ ഒരു വിഷയത്തിൽ കേന്ദ്ര നേതൃത്വംപോലും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണു പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ റിപ്പോർട്ടും മറ്റു തെളിവുകളും നിരത്തി പ്രധാനമന്ത്രിക്കെതിരേതന്നെ ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചത്. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഇടതു മുന്നണിയാണെന്ന കെ. മുരളീധരന്റെ പരാമർശം ശരിവയ്ക്കുന്നതിനോടൊപ്പം ഇതേ ആരോപണത്തിന്റെമുന കോൺഗ്രസ് ദേശീയ നേതൃത്വത്തിനു നേരേ തിരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഉന്നയിച്ച ആരോപണങ്ങൾക്കു കേന്ദ്രസർക്കാർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹത്തിന് അറിയാം.

കേന്ദ്ര നേതൃത്വമല്ലേ ഈ വിഷയം ഏറ്റെടുക്കേണ്ടത് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ആദ്യം ഒഴിഞ്ഞുമാറിയ ഉമ്മൻ ചാണ്ടി പിന്നീട് വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു മറുപടി നൽകി. ഉമ്മൻ ചാണ്ടി ദേശീയ നേതാക്കളിൽ ഒരാളാണെന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രഫ. കെ.വി. തോമസ് എംപി. പറയുകയും ചെയ്തു. ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി തന്നെ അങ്ങനെ അവഗണിക്കാൻ കഴിയില്ലെന്നുള്ള ശക്തമായ സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകിയത്.

ഇപ്പോൾ കേന്ദ്രത്തിൽ സർവശക്തനായിരിക്കുന്നത് എ കെ ആന്റണിയാണ്. രാഷ്ട്രീയമായി ആന്റണി വിരമിക്കലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിൽ കൂടി ആന്റണിക്ക് പകരക്കാരനാകുക എന്നാണ് ഉണ്മൻചാണ്ടിയുടെ ഉദ്ദേശ്യം. ദേശീയ പ്രശ്‌നങ്ങൾവരെ ഉയർത്തിക്കൊണ്ടുവന്ന്, കോൺഗ്രസിലെ ശക്തമായസാന്നിധ്യമായി തനിക്ക് നിൽക്കാനാവുമെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. നോട്ടുപ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ഹൈക്കമാൻഡ് നീക്കം ഏശുന്നില്ലെന്ന് പാർട്ടിക്കുള്ളിലും പുറത്തും ചർച്ച പടരുമ്പോഴാണ് നോട്ടടിയിലെഅഴിമതി ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ദേശീയശ്രദ്ധയിലേക്ക് വരുന്നത്. ദേശീയരാഷ്ട്രീയത്തിൽപ്പോലും തനിക്ക് ഇടപെടാനാവുമെന്ന് തെളിയിച്ചുകൊണ്ടാണ് രേഖകളുടെയെല്ലാം പിൻബലത്തോടെ കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുൽഗാന്ധിയുടെ 'ബോംബ്' പൊട്ടാതെ ചീറ്റിയപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

നോട്ടുപ്രതിസന്ധിയിൽ ദേശീയ നേതൃത്വമല്ലേ പ്രതികരിക്കേണ്ടതെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ആദ്യം ഒഴിഞ്ഞുമാറി. എന്നാൽ, തുടരെ ആ ചോദ്യംതന്നെ വന്നപ്പോൾ താൻ ഉന്നയിച്ചവിഷയം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. എന്നാൽ, ഹൈക്കമാൻഡിന്റെ അറിവോടെത്തന്നെയാണ് ഉമ്മൻ ചാണ്ടി ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ നേരത്തെതന്നെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ആരോപണം കേരളത്തിൽതന്നെ ഉന്നയിക്കട്ടെയെന്ന നിർദേശമാണ് മുകളിൽനിന്ന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഗൃഹപാഠം ചെയ്തുതന്നെയാണ് അദ്ദേഹം എത്തിയത്.

ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ഹൈക്കമാൻഡിന്റെ അറിവോടെയാണെന്ന് കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടി ദേശീയനേതാക്കന്മാരിൽ പ്രധാനപ്പെട്ട ആളാണ്. നോട്ട് നിരോധനത്തിനുപിന്നിലെ ഗൂഢലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരാൻ മറ്റുള്ളവർ നടത്തുന്ന അതേ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും നിർവഹിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.