കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന മന്ത്രി കെ സി ജോസഫിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മണ്ഡലത്തിലും സോഷ്യൽ മീഡിയയിലും നടക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന നിലയിൽ മണ്ഡലത്തിലേക്ക് വീണ്ടും മത്സരിക്കാൻ എത്തുന്ന കെ സി ജോസഫിനെതിരെ ഏറ്റവും പ്രതിഷേധം ഉയർത്തിയത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ്. പ്രതിഷേധം ശമിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ ശ്രമം നടത്തിയിട്ടും അത് ശമിക്കുന്ന ലക്ഷണമില്ല. ഇത് മുഖ്യമന്ത്രിക്ക് ശരിക്കും വ്യക്തമാക്കി കൊടുക്കുന്നതാണ് അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ലഭിച്ച പ്രതികരണം.

ഇരിക്കൂറിന്റെ വികസന നായകൻ കെ സി ജോസഫിനൊപ്പം എന്ന് ക്യാപ്്ഷൻ ഇട്ട് ഫേസ്‌ബുക്കിൽ കെസിക്കൊപ്പം ഇരിക്കുന്ന ഫോട്ടോ മുഖ്യമന്ത്രി പോസ്റ്റു ചെയ്തു. അഴീക്കോട് കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെ ഫോട്ടോയാണ് മുഖ്യമന്ത്രി ഷെയർ ചെയ്തത്. പ്രതിഷേധങ്ങൾ ശമിക്കട്ടെ എന്നു കരുതിയായിരുന്നു പോസ്റ്റ്. എന്നാൽ ലഭിച്ച പ്രതികരണം കണ്ട് മുഖ്യമന്ത്രി തന്നെ ഞെട്ടി. അത്രയ്ക്ക് രൂക്ഷമായ പ്രതികരണങ്ങളായിരുന്നു ആ ഫോട്ടോയ്ക്ക് ലഭിച്ചത്.

കമന്റുകളുടെ രൂപത്തിൽ രൂക്ഷമായ പ്രതികരണങ്ങൾ വന്നു. അത്രയ്ക്ക് വലിയ വികസന നായകനാണെങ്കിൽ ഇനി സ്വന്തം നാട്ടിൽ മത്സരിക്കട്ടെ, ഇരിക്കൂറിലേക്ക് വരരുത് എന്നതാണ് പലരും അഭിപ്രായപ്പെട്ടത്. മണ്ഡലത്തിൽ കെ സി ജോസഫ് യാതൊരു വികസനവും നടത്തിയിട്ടില്ലെന്നും മറിച്ചാണ് മണ്ഡലത്തിലെ കാര്യങ്ങളെന്നുമാണ് പലരും കുറിച്ചത്. മെയ് 19ന് ഒരു പാഴ്‌സൽ കോട്ടയത്തേക്ക് അയക്കുമെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

ഇരിക്കൂർ മണ്ഡലത്തിലെ വോട്ടർമാരായവർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയമായി. മന്ത്രിയിൽ നിന്നും മണ്ഡലത്തെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പലരും നിലവിളി രൂപത്തിലാണ് കമന്റുകൾ രേഖപ്പെടുത്തിയത്. തന്റെ വിശ്വസ്തന് എതിരായി മണ്ഡലത്തിൽ നിലനിൽക്കുന്ന പ്രതിഷേധം ശരിക്കും ഉമ്മൻ ചാണ്ടിയെ ഞെട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി രംഗത്തിറങ്ങാൻ കഴിയാത്ത വിധത്തിലാണ് കെസിക്ക് എതിരായ പ്രതിഷേധം ശക്തമാകുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് 'പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന അർത്ഥത്തിൽ 'ഇരിക്കൂർ ഹു വിൽ ബെൽ ദ കാറ്റ്' എന്ന ഫെയ്ബൂക്ക് കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്. കെസി ജോസഫിനെതിരായ പ്രചരണമാണ് ഈ കൂട്ടായ്മയിൽ നടക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തേർമലയിൽ മരണ വീട്ടിലെത്തിയ കെസി ജോസഫിന് നാട്ടുകാരായ കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പ് നേരിട്ട് അനുഭവിക്കേണ്ടിവന്നു. ഗ്രാമ വികസന മന്ത്രിയായിട്ടും റോഡ് നന്നാക്കാത്തതിലെ രോഷമായിരുന്നു പ്രവർത്തകരായ നാട്ടുകാർ പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് കെസി ജോസഫിന് തിരിച്ചുപോകേണ്ടിവന്നു.

കെസി വിരുദ്ധർ കഴിഞ്ഞ ദിവസം ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് എആർ അബ്ദുൾഖാദറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും പിന്മാറാഞ്ഞതിനാൽ എ ആർ അബ്ദുൾ ഖാദറിനെ ആറു വർഷത്തേക്ക് ഡിസിസി പുറത്താക്കുകയും ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സജീവ് ജോസഫിന്റെ പേര് ഇത്തവണ കെപിസിസിയുടെ സാധ്യതാ പട്ടികയിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെസിക്കായി ശക്തമായ നിലപാട് എടുത്തതിനാൽ അവസാന ഘട്ടത്തിൽ സജീവ് ജോസഫിന്റെ പേര് വെട്ടിപ്പോവുകയായിരുന്നു.