തിരുവനന്തപുരം: സുനന്ദ തരൂരിന്റെ മരണത്തിന്റെ പേരിൽ ആരോപണ വിധേയനായ തിരുവനന്തപുരം എംപി ശശി തരൂരിനു പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തരൂരിനെതിരേ റിപബ്ലിക് ടിവി ഉയർത്തിയ ആരോപണം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വ്യക്തിപരമായ ഒരു ദുഃഖത്തെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നാണ് റിപബ്ലിക് ടിവിയും അർണാബ് ഗോസ്വാമിയും ആരോപിക്കുന്നത്. ഡൽഹിയിലെ ലീലാ ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 307ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത് 347ാം നമ്പർ മുറിയിൽനിന്നായിരുന്നുവെന്നും ഇതിനു തരൂർ മറുപടി പറയണമെന്നും അർണാബ് ആവശ്യപ്പെട്ടു.

ഇപ്പോൾ റിപബ്ലിക് ടിവിയുടെ റിപ്പോർട്ടറും മുമ്പ് ടൈംസ് നൗ ചാനലിൽ പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകയുമായ പ്രേമയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. സുനന്ദ മരിച്ച ദിവസവും തലേന്നും തരൂരിന്റെ ജോലിക്കാരനായ നാരായണനുമായി പ്രേമ നടത്തിയ ഫോൺ സംഭാഷണങ്ങൾ അടിസ്ഥാനമാക്കിയാണ് ചാനൽ ആരോപണം ഉന്നയിച്ചത്. ഇത്തരത്തിൽ 19 ടേപ്പുകൾ ചാനൽ പുറത്തുവിട്ടു. എന്നാൽ ആരോപണം നിഷേധിച്ച തരൂർ കോടതിയിൽ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ് ഉണ്ടായത്. അർണാബിന്റെ ചാനൽ പ്രവർത്തനത്തെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തിലെ കരുത്തനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി രംഗത്തുവന്നിരിക്കുന്നത്. ഫേസ്‌ബുക്കിൽ നല്കിയ കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാടു വ്യക്തമാക്കിയത്. തരൂരിനെതിരേ ഒരു മാധ്യമത്തിൽ വന്ന ആസൂത്രിത നീക്കത്തെ അങ്ങേയറ്റം അപലപിക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. വ്യക്തിപരമായ ഒരു ദുഃഖത്തെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന തരൂരിനെതിരായ ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമ സംവിധാനത്തോട് പൂർണ്ണമായും സഹകരിച്ചു പ്രവർത്തിക്കുന്ന വ്യക്തിയാണ് തരൂർ. അദ്ദേഹത്തിനു പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ വ്യക്തിഹത്യ ഒരു മാർഗ്ഗമായി കാണുന്നത് മാധ്യമ ധർമ്മത്തിന് അനുയോജ്യമാണോയെന്ന് ദൃശ്യമാധ്യമങ്ങൾ പരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.