കോട്ടയം: മൂന്നാർ വിഷയത്തിൽ സിപിഐയെ പിന്തുണച്ച് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂന്നാർ വിഷയത്തിൽ ഉൾപ്പെടെ സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമാണ്. സിപിഐയും കോൺഗ്രസും ലീഗും മുൻപ് ഒരുമിച്ചുനിന്ന നല്ല കാലത്തെ കുറിച്ച് ജനങ്ങൾക്ക് ഓർമ്മയുണ്ട്. മുന്നണി വിപുലീകരിക്കുമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണൻ സ്വന്തം ക്യാംപിലെ ആശങ്കകളാണ് ആദ്യം പരിഹരിക്കേണ്ടത്. സ്വന്തം മുന്നണിയിലെ ആളുകൾ പുറത്തു പോകാതെ നോക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പരോക്ഷമായി സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി. പഴയ സപ്തകക്ഷി മുന്നണിയെക്കുറിച്ച് സിപിഐയെ ഓർമിപ്പിക്കുകയും ചെയ്തു ഉമ്മൻ ചാണ്ടി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ ഭരണകക്ഷിയായ സിപിഐഎമ്മിൽ നിന്ന് പോലും സിപിഐ എതിർപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

സിപിഐ ആത്മപരിശോധനയ്ക്കു തയാറായില്ലെങ്കിൽ മുന്നണി ബന്ധം വഷളാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല. വിട്ടുപോയ കക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കും. ജനതാദളും ആർഎസ്‌പിയും യുഡിഎഫ് വിട്ടുവന്നാൽ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തുറന്ന മനസാണെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.