കൊച്ചി: കൊച്ചി മെട്രോയിൽ ഇന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദിവസമായിരുന്നു. മെട്രോയുടെ യഥാർത്ഥ ശിൽപ്പിയായ ഉമ്മൻ ചാണ്ടിയുടെ മെട്രോയാത്ര കൊച്ചിയെ ശരിക്കും പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ഇത് മൂലം കൊച്ചിയിൽ വലിയ തോതിൽ ഗതാഗത സ്തംഭനം തന്നെയുണ്ടായി. ആലുവയിൽ നിന്നും ഉമ്മൻ ചാണ്ടി യാത്ര തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ആദ്യം വണ്ടി മിസ്സായി. ഉമ്മൻ ചാണ്ടിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യാൻ വേണ്ടിയുള്ള അണികളുടെ തിരക്കാണ് അദ്ദേഹത്തിന് വണ്ടി മിസ്സാകാൻ കാരണം.

എന്തായാലും ഉണ്മൻചാണ്ടിക്ക് ടിക്കറ്റെടുത്ത ട്രെയിൻ മിസ്സായതോടെ സോഷ്യൽ മീഡിയ മറ്റൊരു പ്രയോഗവും കണ്ടു പിടിച്ചു. 'ഉമ്മനടി' എന്നതാണ് ആ പ്രയോഗ. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മെട്രോ യാത്രയെ ട്രോളാൻ വേണ്ടി സോഷ്യൽ മീഡിയ കണ്ടുപിടിച്ച 'കുമ്മനടി' പ്രയോഗവുമായി താരതമ്യം ചെയ്താണ് ഈ പ്രയോഗത്തിന്റെ പിറവി.

കള്ളവണ്ടി കയറുന്നതിന് 'കുമ്മനടിച്ചു' എന്നൊരുവാക്ക് അമ്മമലയാളത്തിന് കിട്ടിയതുപോലെ ടിക്കറ്റെടുത്തിട്ടും വണ്ടി കിട്ടാതെ പോയാൽ 'ഉമ്മനടിച്ചു' എന്ന് ഇനിയാരേലും പറയുമോ ആവോ!?? എന്നാണ് ഇതോടെ സോഷ്യൽ മീഡിയയുടെ ചോദ്യം. ടിക്കറ്റെടുത്തിട്ടു യാത്ര മിസ്സായ നിരവധി പേരുണ്ട് മെട്രോയിൽ. ഇവരെയൊക്കെ ഇനി ഇങ്ങനെ 'ഉമ്മനടി'ക്കാർ എന്നു പറയാമോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

ജനകീയയാത്രയ്ക്കെത്തിയ പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള ട്രെയിൻ ടിക്കറ്റുകൾ കോൺഗ്രസ് പാർട്ടിയാണ് എടുത്തു നൽകിയത്. ആവേശഭരിതരായി മുദ്രാവാക്യം മുഴക്കിയ അണികൾക്കും സെൽഫി എടുക്കാൻ വെമ്പുന്ന ജനങ്ങൾക്കുമിടയിലൂടെ ഒരുവിധമാണ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ പ്ലാറ്റ്ഫോമിലെത്തിച്ചത്. ആലുവയിൽ സർവ്വീസ് അവസാനിപ്പിച്ച ട്രെയിനിൽ നിന്നുള്ള യാത്രക്കാരും ഇതിനിടയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ വളഞ്ഞു. ഇതോടെയാണ് ഉമ്മൻ ചാണ്ടിക്ക് ട്രെയിൻ മിസ്സായത്.

പാലാരിവട്ടത്തേക്കുള്ള ട്രെയിൻ പ്ലാറ്റ്ഫോമിലേക്കെത്തിയെങ്കിലും ഉമ്മൻ ചാണ്ടിക്ക് അകത്ത് കയറാനായില്ല. ജനകീയയാത്ര നടത്താനെത്തിയ ഉമ്മൻ ചാണ്ടിയേക്കാൾ ആവേശം അണികൾക്കായതോടെ നേതാവിനെ പ്ലാറ്റ്ഫോമിൽ നിർത്തി അവർ ട്രെയിനിൽ ഇടിച്ചു കയറി. ബോഗി നിറഞ്ഞതോടെ ട്രെയിൻ പ്ലാറ്റ്ഫോം വിട്ടു പോകുകയും ചെയ്തു. അണികളെ കൂടാതെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളും ഈ ട്രെയിനിലുണ്ടായിരുന്നു.

തുടർന്ന് അടുത്ത ട്രെയിനിലാണ് ഉമ്മൻ ചാണ്ടി കയറിയത്. പിന്നീട് പാലാരിവട്ടത്ത് യാത്ര അവസാനിച്ച ശേഷം പുറത്തിറങ്ങുമ്പോൾ ഉണ്ടായ തിരക്കിനിടയാണ് അദ്ദേഹം കാൽ തെറ്റി വീണത്. നിലത്ത് വീഴാതെ അണികൾ താങ്ങി പിടിച്ചെങ്കിലും വീഴ്‌ച്ചയിൽ അദ്ദേഹത്തിന്റെ കാലിന് നിസ്സാരപരിക്കേറ്റു. എന്നാൽ തിരക്കും വീഴ്‌ച്ചയുമൊന്നും കാര്യമാക്കാതെയാണ് ആദ്യാവസാനം ഉമ്മൻ ചാണ്ടി യാത്ര ആഘോഷമാക്കിയത്.