- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലതിക സുഭാഷിന് സീറ്റിന് അർഹതയുണ്ട്; ആവശ്യപ്പെട്ട ഏറ്റുമാനൂർ സീറ്റ് ഘടക കക്ഷിയായ കേരളാ കോൺഗ്രസ് ജോസഫിന് നൽകിയിട്ടുള്ള സീറ്റാണ്; കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണം; സ്വതന്ത്രയായി മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് ഏറ്റുമാനൂർ യുഡിഎഫ് സ്ഥാനാർത്ഥിയും; അനുനയ ശ്രമങ്ങളുമായി പ്രിൻസ് ലൂക്കോസ് ലതികയെ കണ്ടു
കോട്ടയം: മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത മഹിളാകോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ കൈവിട്ട് ഉമ്മൻ ചാണ്ടി. ലതികയ്ക്ക് സീറ്റ് നൽകാത്തതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലതികയ്ക്ക് സീറ്റിന് അർഹതയുണ്ടെന്നും എന്നാൽ ഏറ്റുമാനൂർ സീറ്റാണ് ലതിക ആവശ്യപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു വൈപ്പിൻ സീറ്റ് ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ലതിക സീറ്റ് ആഗ്രഹിച്ചാൽ അതിന് അവർക്ക് അർഹതയുണ്ട്. കോൺഗ്രസിന് സീറ്റ് കൊടുക്കുന്നതിൽ യാതൊരു ബുദ്ധമുട്ടും ഇല്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂർ സീറ്റ് ആണ്. അത് ഘടക കക്ഷിയായ കേരളാ കോൺഗ്രസ് ജോസഫിന് നൽകിയിട്ടുള്ള സീറ്റാണ്. ആ സീറ്റിന് പകരം ഒരു സീറ്റ് ചോദിക്കാൻ അവർ തയ്യാറായില്ല. അത് അവർ തന്നെ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാൻ കഴിയാതെ പോയത്. അല്ലാതെ മനപ്പൂർവ്വമല്ല. കോൺഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായി ഇതിനെ കാണേണ്ടതില്ല. അവർക്ക് കൊടുക്കാനിരുന്നതാണ്, കൊടുക്കേണ്ടതാണ്. ഘടകകക്ഷിക്ക് കൊടുത്തതിന് ശേഷവും തിരിച്ച് മേടിച്ച് തരണമെന്നാണ് ആവശ്യപ്പെട്ടത്. അത് സാധിക്കാതെ വന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
മറ്റ് സീറ്റ് നൽകാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാൻ പരമാവധി ശ്രമിച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഒമ്പതെണ്ണം മാത്രമേ കൊടുക്കുകയുള്ളൂ. ലതിക സുഭാഷ് ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ ആ സീറ്റ് വേണ്ടെന്നാണ് അവർ പറഞ്ഞത്. ഗ്രൂപ്പ് പരിഗണനയില്ലാതെയാണ് സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിൻസ് ലൂക്കോസ് പറഞ്ഞു. ലതിക മത്സരിച്ചാൽ അത് യുഡിഎഫിന് കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ പ്രിൻസ് ലൂക്കോസ് അനുനയ ശ്രമവുമായി ലതിക സുഭാഷിനെ കാണാനെത്തി.
അതേസമയം, ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും തനിക്ക് ഏറ്റുമാനൂരിൽ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചിട്ട് ഫോൺ പോലും എടുത്തിട്ടില്ലെന്നും ഇനി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാവില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. വനിതകളിൽ മത്സരിപ്പിക്കേണ്ടത് പാർട്ടിയിൽ പ്രവർത്തിച്ചവരെയാണ്. പാർട്ടിയിൽ പ്രവർത്തിക്കാത്തവരെ കൊണ്ടു വന്നിട്ട് കാര്യം ഇല്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്. '32 വർഷമായി കേരളത്തിൽ പ്രവർത്തിച്ച ഒരു പൊതു പ്രവർത്തക എന്ന നിലയിൽ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോൺഗ്രസ് പാർട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാൻ വേറൊരു പാർട്ടിയിലും പോവില്ല. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല'.- അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ