തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർത്ഥി നിർണയവേളയിൽ തൊട്ട് തുടങ്ങിയതാണ് ഹൈക്കമാൻഡിന്റെ അവഗണന. പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടില്ലെന്നുറപ്പായതോടെ യുഡിഎഫ് ചെയർമാൻ പദവി വേണ്ടെന്നു പറഞ്ഞ് പിണങ്ങിനോക്കി. ഇനിമുതൽ നാട്ടുകാരുടെ ഇടയിലിറങ്ങി പ്രവർത്തിക്കുമെന്നും കാറും ആഡംബരങ്ങളും ഉപേക്ഷിച്ച് ബസ്സിൽക്കയറി കേരളം മുഴുവൻ സഞ്ചരിക്കുമെന്നും പ്രഖ്യാപിച്ചു.

ഏറ്റവുമൊടുവിൽ ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തപ്പോൾ തന്റെ അടുപ്പക്കാരിൽ പലരും തഴയപ്പെടുകയും സുധീരന്റെയും ചെന്നിത്തലയുടേയും ആധിപത്യത്തിന് ഹൈക്കമാൻഡ് വഴങ്ങുകയും ചെയ്തതോടെ പൂർണമായും പിണങ്ങിയിരിക്കുകയാണ് കെ കരുണാകരനു ശേഷം കോൺഗ്രസിലെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളിൽ അഗ്രഗണ്യനായ സാക്ഷാൽ ഉമ്മൻ ചാണ്ടി. 

ഹൈക്കമാൻഡിന്റെ അവഗണയിൽ പിണങ്ങിനിൽക്കുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഒരുവശത്ത് ചെന്നിത്തല ഉൾപ്പെടെ ശ്രമിക്കുന്നു. ഘടകകക്ഷി നേതാക്കളെ ഉപയോഗിച്ച് മറ്റൊരു വശത്തുകൂടി വേറെയും അനുരഞ്ജന ശ്രമങ്ങൾ നടക്കുന്നു. പക്ഷേ, ഒന്നിനും പിടികൊടുക്കാതെ കടുത്ത വാശിയിലാണ് കേരളത്തിലെ കോൺഗ്രസ്സിൽ കൂടുതൽ ജനകീയനായ നേതാവ്. ഒരു ആയുസ്സു മുഴുവൻ പാർട്ടിക്കുവേണ്ടി ചെലവിട്ടിട്ടും ഇത്തരത്തിൽ അവഗണിക്കുമ്പോൾ ഇനി പാർട്ടിയിൽ തുടരുന്നതിൽതന്നെ കാര്യമില്ലെന്ന മട്ടിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

കോൺഗ്രസ്സിന്റെ സർവ പദവികളും ഒഴിഞ്ഞ് വെറും രണ്ടുരൂപ മെമ്പർമാത്രമായി തുടരാമെന്ന കടുത്ത തീരുമാനത്തിലേക്കാണ് ഉമ്മൻ ചാണ്ടി നീങ്ങുന്ന്ത. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുധീരനും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും പറയുന്നതു മാത്രം കേട്ട് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചത് തെറ്റാണെന്ന ഉറച്ച നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിക്കുന്നത്. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ അണികൾക്കിടയിൽ ഇപ്പോഴും ശക്തമായ സ്വാധീനമുള്ള തനിക്ക് കേരളത്തിലെ പാർട്ടിയുടെ ചരടുകൾ പിടിച്ചെടുക്കാനാവുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അതിനാൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് എന്ന ഒറ്റ ഒത്തുതീർപ്പിനേ ഇനി വഴങ്ങൂ എന്നും അല്ലാത്ത ചർച്ചകൾക്കൊന്നും താനില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലും സംഘടനാ തിരഞ്ഞെടുപ്പു സംബന്ധിച്ചു ഹൈക്കമാൻഡ് തുടരുന്ന മൗനത്തിലും പ്രതിഷേധിച്ചാണ് പാർട്ടിയുടെ എല്ലാ ഔദ്യോഗിക യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചിരിക്കുന്നത്. വി എം.സുധീരനും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം പാർട്ടിയുടെ എല്ലാതല ചർച്ചകളിലും യോഗങ്ങളിലും പങ്കെടുത്തിരുന്ന ഉമ്മൻ ചാണ്ടി ഇനി സാധാരണ പ്രവർത്തകൻ മാത്രമായി തുടരും.

തന്റെ തീരുമാനം എ.കെ.ആന്റണിയെയും സുധീരനെയും രമേശിനെയും അറിയിച്ചുകഴിഞ്ഞു. പാർട്ടിക്കു തന്റെ നേതൃത്വം ആവശ്യമില്ലെങ്കിൽ നേതാവായി തുടരാൻ താൽപര്യമില്ലെന്ന നിലപാട് അടുപ്പക്കാരെയും ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്റുമാരായി നിയമിക്കപ്പെട്ടവരുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കു കാര്യമായ എതിർപ്പില്ലെങ്കിലും ആവശ്യമായ കൂടിയാലോചനകൾ നടത്താതെ തീരുമാനമെടുത്തതും താനും രമേശും സ്ഥലത്തില്ലാത്ത സമയത്തു പ്രഖ്യാപനം നടത്തിയതുമൊക്കെയാണു വേദനിപ്പിച്ചതെന്നു സൂചനയുണ്ട്. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യത്തോടും അനുകൂല നിലപാട് ഇതുവരെ ഹൈക്കമാൻഡിൽ നിന്നുണ്ടാകാത്തതും പ്രതിഷേധത്തിനു കാരണമാണ്.

ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കാനും ഉമ്മൻ ചാണ്ടി മടിക്കുകയാണ്. അദ്ദേഹത്തിന്റെകൂടി നിർദ്ദേശം സ്വീകരിച്ചു യോഗ തീയതി നിശ്ചയിക്കുമെന്നാണ് സുധീരൻ പറയുന്നത്. പക്ഷേ, തന്നെ നോക്കേണ്ടെന്നും യോഗം നടക്കട്ടെയെന്നും പരസ്യമായി തന്നെ പറഞ്ഞ് അതിനെ ഉമ്മൻ ചാണ്ടി തള്ളിക്കളയുകയും ചെയ്തു. തനിക്കുകൂടി സൗകര്യമുള്ള തീയതിയിലാണു യോഗമെങ്കിൽ ചിലപ്പോൾ പങ്കെടുത്തേക്കുമെന്നും ഇതിന് പക്ഷേ, തന്റെ സൗകര്യം നോക്കേണ്ടെന്നുമാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.

മൂന്നിനു ചേരുന്ന യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചനകൾ. എന്നാൽ യുഡിഎഫിൽ കോൺഗ്രസ്സിലെ വിഷയംകൂടി ഉന്നയിക്കുമെന്നും മറ്റും വ്യക്തമാക്കി ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പാർട്ടി നേതൃനിരയിൽനിന്നു പിന്മാറുമെങ്കിലും ഘടകകക്ഷികൾ ക്ഷണിക്കുന്ന പരിപാടികളിലെല്ലാം പങ്കെടുക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

അതിനാൽ ലീഗ് ആവശ്യപ്പെട്ടാൽ അദ്ദേഹം വഴങ്ങിയേക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. അദ്ദേഹം യുഡിഎഫ് നേതൃനിരയിൽ ഉണ്ടാകണമെന്ന ഉറച്ച നിലപാട് ഘടകകക്ഷി നേതാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്. ഉമ്മൻ ചാണ്ടിയെ കടുത്ത നിലപാടിൽനിന്നു പിന്തിരിപ്പിക്കാൻ രമേശ് ചെന്നിത്തല കഴിഞ്ഞദിവസം എംഎൽഎ ഹോസ്റ്റലിൽവച്ച് നേരിട്ടു കണ്ടു ചർച്ച നടത്തിയെങ്കിലും കടുകിട വഴങ്ങിയിട്ടില്ല അദ്ദേഹം.

അതിനിടെ പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഉമ്മൻ ചാണ്ടി വിഭാഗം സജീവമാക്കിയിട്ടുണ്ട്. എ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡയയിൽ സജീവമാകുകയാണവർ. ഇതിനായി പ്രത്യേകം വാട്‌സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ച് കൂടുതൽ പ്രവർത്തകരെ ഗ്രൂപ്പിന്റെ ഭാഗമാക്കാനും നിലവിലുള്ള കോൺഗ്രസ് അനുകൂല നവമാദ്ധ്യമ പ്രചാരകരെ കൂടെ നിർത്താനുമെല്ലാം ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും പ്രത്യേകം ഗ്രൂപ്പ് യോഗങ്ങളും ചേരുന്നു. ഇത്തരം നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം തൃശൂർ ജില്ലയിൽ എ ഗ്രൂപ്പ് പ്രവർത്തകർ യോഗം ചേർന്നു്.

ജനുവരി രണ്ടിനു പരസ്യയോഗം വിളിക്കാനും തീരുമാനിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായി നേരിടാൻ കെപിസിസി ജനറൽ സെക്രട്ടറി ബെന്നി ബഹന്നാന്റെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ ഡിസിസി നേതൃത്വം നടത്തുന്ന ഔദ്യോഗിക പരിപാടികളുമായി സഹകരിക്കും. എന്നാൽ എല്ലാ തലത്തിലും സമാന്തര പരിപാടികൾ സംഘടിപ്പിക്കും. ഇതിൽ ഗ്രൂപ്പുകാര്യം പരസ്യമായി ചർച്ച ചെയ്യില്ലെങ്കിലും എ ഗ്രൂപ്പുകാരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ.

തൃശൂർ ജില്ല പ്രസിഡന്റു പദവി എ ഗ്രൂപ്പിന്റെ കൈവശമിരുന്ന ഡിസിസി പ്രസിഡന്റു പദവി തിരിച്ചുകിട്ടണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ ടി.എൻ.പ്രതാപനെ പരസ്യമായി എതിർക്കുകയില്ല. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുന്നു എന്നു വരുത്താനാണിത്. മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ പി.എ.മാധവൻ, ഒ.അബ്ദുറഹ്മാൻകുട്ടി കഴിഞ്ഞദിവസത്തെ തുടങ്ങിയവർ പങ്കെടുത്തു.