തിരുവനന്തപുരം: കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ബിജെപി മുന്നോട്ടു പോകുമ്പോൾ കോൺഗ്രസ് നേതൃത്വം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. കാരണം വിവാദങ്ങൾ എത്രയുണ്ടായാലും കേരളത്തിൽ മാത്രമാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രതീക്ഷയുള്ളത്. ലോക്‌സഭാ തെരഞ്ഞടെുപ്പിലെ വിജയം തന്നെയാണ് ഇതിന് പ്രധാന കാരണവും. ഇതോടെ ദേശീ തലത്തിൽ തന്നെ കേരളത്തിലെ രാഷ്ട്രീയം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ കേരളം ഭരിക്കുന്ന ഉമ്മൻ ചാണ്ടി മോദിയെ പ്രശംസിച്ചതും ദേശീയ മാദ്ധ്യമങ്ങളിൽ വൻ വാർത്തയായി.

രാഷ്ട്രീയ തലത്തിൽ ഭിന്നതകളും വിയോജിപ്പുകളും ഉണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിച്ചാണ് ഉമ്മൻ ചാണ്ടി ദേശീയ മാദ്ധ്യമങ്ങളിലെ വാർത്താ താരമായത്. ഗൾഫ് രാജ്യങ്ങളിലെ കലാപം മൂലം കൂടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രം നടത്തിയ ഇടപെടലിനെയാണ് ഉമ്മൻചാണ്ട് പ്രശംസിച്ചത്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി മോദിയെയും കേന്ദ്രസർക്കാറിനെയും പുകഴ്‌ത്തിയത്.

കേന്ദ്രത്തിൽ മോദി അധികാരത്തിൽ വന്നിട്ടും സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിൽ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ. വിഷയങ്ങളിൽ വ്യത്യസ്തമായ അഭിപ്രായമാണെങ്കിലും ഇറാഖിലെയും ലിബിയയിലെയും യെമനിലെയും മലയാളി നഴ്‌സുമാരെ രക്ഷപൈടുത്തുന്നതിൽ മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടുവെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.

ആയിരത്തിലേറെ മലയാളി നഴ്‌സുമാരെയാണ് കേന്ദ്രസഹായത്തോടെ നാട്ടിലെത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു. ഇക്കാര്യങ്ങളല്ലാം ഓർമ്മിപ്പിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ ഉമ്മൻ ചാണ്ടിയുടെ നല്ലവാക്കുകളെ ആഘോഷമാക്കിയത്. ഏറ്റവും ഒടുവിൽ വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും കേന്ദ്ര -സംസ്ഥാനങ്ങളുടെ യോജിച്ചുള്ള ഇടപെടൽ ഉണ്ടായതായും ഇക്കണോമിക്‌സ് ടൈംസിന്റെ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്രശംസക്കൊപ്പം തന്നെ മോദിയെ വിമർശിക്കാനും ഉമ്മൻ ചാണ്ടി മറന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളുടെ പേരിലാണ് ഉമ്മൻ ചാണ്ടി വിമർശിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ അവശ്യസാധനങ്ങളുടെ വിലകുറയ്ക്കാൻ നടപടികൾ സ്വീകിക്കുമെന്നായിരുന്നു മോദി നൽകി വാഗ്ദാനം. എന്നാൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എണ്ണവിലയിൽ ഉണ്ടാകുന്ന വർധനവിന്റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷകരുടെ കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ അലംഭാവത്തെ കുറിച്ചും ഉമ്മൻ ചാണ്ടി പറഞ്ഞു. വികസനമെന്ന വാക്ക് തന്നെ പാവപ്പെട്ടവർ മറന്നുവെന്നും കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് മോദി പ്രവർത്തിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വമർശനം ഉന്നിച്ചു. എന്തായാലും ഉമ്മൻചാണ്ടയുടെ നല്ലവാക്കുകൾ മാത്രമെടുത്ത് ആഘോഷമാക്കുകയാണ് ദേശീയ മാദ്ധ്യമങ്ങൾ.