കേരളത്തിൽ നായന്മാർ ആകെ 14 ശതമാനം മാത്രം. പക്ഷേ അതിന്റെ നേതാവ് ഇവിടത്തെ നൂറു ശതമാനത്തെയും പിന്നോട്ടുവലിക്കുകയാണ്. കേരളരാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും മലീമസമായ വാക്കുകൾ പ്രയോഗിച്ചുകൊണ്ട്.യഥാർഥത്തിൽ കേരളത്തിലെ നായർ സമുദായത്തിന്റെ വികാരമല്ല അദ്ദേഹം പ്രകടിപ്പിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സുകുമാരൻനായരെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നവർ എത്ര പേരുണ്ട്. സംഘടനയുടെ തലപ്പത്തുള്ള വിരലിലെണ്ണാവുന്ന ചില കടൽക്കിഴവന്മാർ മാത്രം. എന്നിട്ടും അദ്ദേഹം രാവിലെ മുതൽ ജനറൽ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നു, വിഷം ചീറ്റുന്നു, തോന്നുന്നപോലൊക്കെ പ്രവർത്തിക്കുന്നു. അതനുസരിച്ചു കേരളരാഷ്ട്രീയം കലങ്ങിമറിയുന്നു.ഇതെല്ലാം നായർ സമുദായാംഗങ്ങളുടെ മനസാണെന്നു നമ്മുടെ ഭരണകർത്താക്കൾ തെറ്റിദ്ധരിക്കുന്നു. കേരളത്തിലല്ലേ ഇങ്ങനെയൊക്കെ നടക്കൂ.


ഈ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായ ഏറ്റവും വലിയ പേരുദോഷം വിലയും നിലയും മറന്ന് സമുദായ നേതാക്കൾ നടത്തുന്ന കോപ്രായങ്ങൾക്ക് ചുക്കാൻ പിടിക്കുകയോ മൗനാനുവാദം നൽകുകയോ ചെയ്യുന്നു എന്നതാണ്. ഇടതുമുന്നണി ഭരിക്കുമ്പോൾ മാളത്തിൽ കയറിയിരിക്കുന്ന ഇത്തരം നേതാക്കൾ ജാതിയും മതവും മറന്ന് പകൽവെളിച്ചത്തിൽ തങ്ങളുടെ സ്വാർത്ഥലാഭങ്ങൾ സാധിച്ചെടുക്കാൻ പരിശ്രമിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. സമുദായപ്രീണനം അടവുനയമായി എടുത്തിരിക്കുന്ന യുഡിഎഫ് നേതാക്കൾ സമുദായനേതാക്കളുടെ അരമനകളിലും പള്ളിയറകളിലും കയറി കാലിൽ പിടിച്ച് ജീവിക്കാൻ ശീലിച്ചവരായതിനാൽ ആ പഴഞ്ചാക്കുകൾക്ക് വേണ്ടി ദാസ്യവൃത്തി നടത്താൻ തയ്യാറായി രംഗത്തിറങ്ങുന്നു.

എല്ലാ യുഡിഎഫ് സർക്കാരുടെയും കാലത്ത് ഇതു പതിവായിരുന്നു. അന്നൊക്കെ പക്ഷേ, ആ സമുദായങ്ങളെ നയിച്ചിരുന്നവർ കുറെക്കൂടി മാന്യന്മാർ ആയിരുന്നതിനാൽ പരസ്യമായ വെല്ലുവിളി നടത്താതെ രഹസ്യനീക്കങ്ങളിലൂടെയായിരുന്നു കാര്യം കണ്ടിരുന്നത്. ചങ്ങനാശേരിയിലെ മാർ പൗവത്തിലും നാരായണപ്പണിക്കരും പാണക്കാട് ശിഹാബ് തങ്ങളുമൊക്കെ മാന്യന്മാരായ സമുദായനേതാക്കളുടെ പ്രതീകങ്ങളായിരുന്നു. അതേസമയം ഇവരെല്ലാവരും തന്നെ തങ്ങൾക്കുവേണ്ട സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും വിലപേശി വാങ്ങിയെടുത്തിരുന്നു താനും.

എന്നാൽ ഈ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മന്ത്രിസഭാ വികസനത്തിലും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലുമായിരുന്നു ആദ്യം സമുദായ നേതാക്കൾ ഇടപെട്ടത്. കൃത്യമായ ജാതിമത സമവാക്യങ്ങളനുസരിച്ചു മാത്രമായിരുന്നു മന്ത്രിമാരെ കണ്ടെത്തിയത്. എംഎം ഹസനെപ്പോലെ ഒരു തലമുതിർന്ന നേതാവ് എംഎൽഎ പോലും ആകാതെ പോയതും വിഎസ് ശിവകുമാർ മന്ത്രിയായതുമൊക്കെ ഈ സമുദായ സമവാക്യത്തിന്റെ പേരിലായിരുന്നു. പിന്നീട് മന്ത്രിമാരുടേ പേഴ്‌സണൽ സ്റ്റാഫ് നിയമനം വന്നപ്പോഴും ബോർഡ്, കോർപ്പറേഷൻ ചെയർമാന്മാരുടെ നിയമനം വന്നപ്പോഴും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനം വന്നപ്പോഴുമൊക്കെ രാഷ്ട്രീയത്തെക്കാൾ പ്രധാനം സമുദായമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്.

എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ഒരു അനുഭവമായി ലീഗിന്റെ അഞ്ചാം മന്ത്രിവാദം. നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുമന്ത്രിമാരെ ആവശ്യപ്പെടാൻ ലീഗിന് അവകാശം ഉണ്ടെങ്കിലും ന്യൂനപക്ഷ മന്ത്രിമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അത്തരം ഒരു ആവശ്യം ഉന്നയിക്കാതിരിക്കാൻ ലീഗ് അവധാനത കാട്ടേണ്ടതായിരുന്നെ്ന് ഞങ്ങൾ പലതവണ ചൂണ്ടിക്കാട്ടി. ലീഗിന്റെ പിടിവാശിയുടെ ഉപോൽപന്നമായിരുന്നു സുകുമാരൻ നായർ എന്ന നേതാവിന്റെ തനിസ്വഭാവം പുറത്തുവന്ന അനുഭവങ്ങൾ. സ്വന്തം താത്പര്യം സംരക്ഷിക്കാനായി രാഷ്ട്രീയ മര്യാദ വിട്ട് പറയുന്ന രീതി അതുവരെ വെള്ളാപ്പള്ളി നടേശന്റെ കുത്തകയായിരുന്നെങ്കിൽ പെട്ടെന്ന് അതു സുകുമാരൻ നായരിലേക്കു പടരുന്ന കാഴ്ചയാണ് നാം കണ്ടത്.

തിരുവനന്തപുരത്തെ എൻഎസ്എസ് താലൂക്ക് സമ്മേളനത്തിലും മറ്റനേകം അവസരങ്ങളും സുകുമാരൻ നായർ യുഡിഎഫ് നേതാക്കൾക്കെതിരേ നടത്തിയ ഉറഞ്ഞുതുള്ളൽ നാം കണ്ടതാണ്. ഈ ബഹളത്തിനിടയിൽ ഓടിനടന്ന് നേടാവുന്നതൊക്കെ നേടിയെടുത്ത് മിണ്ടാതിരിക്കാനായിരുന്നു വെള്ളാപ്പള്ളി ശ്രമിച്ചത്. ഇതിനിടയിൽ സകല രാഷ്ട്രീയമര്യാദകളും മറന്ന് ഉമ്മൻ ചാണ്ടിയെ നിഷ്പ്രഭനാക്കി രമേശിനെ മുഖ്യമന്ത്രിയാക്കാൻ രംഗത്തിറങ്ങിയ സുകുമാരൻ നായരെയാണ് കേരളം കണ്ടത്. പിന്നെ ന്യൂനപക്ഷപ്രീണനം ,ഭൂരിപക്ഷ വർഗീയത, ജാതിസംതുലനം തുടങ്ങിയ പദപ്രയോഗങ്ങൾ രാഷ്ട്രീയത്തെ സമ്പന്നമാക്കി. പക്ഷേ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല. ആ ശ്രമത്തിൽ നായർ മാത്രമല്ല നായരുടെ നേതാവായി നായർ അവരോധിച്ച കെപിസിസി പ്രസിഡന്റ് ചെന്നിത്തലയും നിലംപരിശായി. അതിൽ നിന്നും രക്ഷപ്പെടാൻ ചെന്നിത്തല ഒരുക്കിയ കേരളയാത്ര സമാപിച്ചത് പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്.

ഒരുവിധത്തിൽ തൊട്ടും തലോടിയും ഒക്കെ യുഡിഎഫ് വണ്ടി മുൻപോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്ന അവസ്ഥയിലാണ് വെറും ഒരു ഡിസിസി പ്രസിഡന്റ് അടുത്ത വെടിപൊട്ടിച്ചത്. കോൺഗ്രസ്സിനെ ഇങ്ങനെ ആക്ഷേപിച്ചു നടക്കുന്ന ഈ സമുദായനേതാക്കൾക്ക് നാണമുണ്ടെങ്കിൽ യുഡിഎഫിൽ നിന്നും നേടിയെടുത്ത സ്ഥാനമാനങ്ങൾ രാജിവയ്ക്കണമെന്നായിരുന്നു ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂർ പറഞ്ഞത്. ഇതിൽ പ്രകോപിതരായ സമുദായ നേതാക്കൾ ഇപ്പോൾ ഉറഞ്ഞുതുള്ളി നിൽക്കുകയാണ്. ഷുക്കൂറിന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ തങ്ങളുടെ സമുദായാംഗങ്ങൾക്കു കിട്ടിയ സ്ഥാനമാനങ്ങൾ ഉടൻ രാജിവയ്ക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നുമാണ് ഇവർ ഉമ്മൻ ചാണ്ടിയെ ഇപ്പോൾ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

സ്വന്തം സമുദായങ്ങൾ പോലും ആദരിക്കാതെ ഈ മൂന്നാംകിട നേതാക്കളുടെ ആട്ടും തുപ്പുമേറ്റ് എത്രനാൾ ഇങ്ങനെ ഉമ്മൻ ചാണ്ടിക്കു മുമ്പോട്ടു പോകാൻ പറ്റും. മതനിരപേക്ഷവും സത്യസന്ധവുമായ നിലപാട് എടുക്കുന്നവരെയാണ് ജാതിമതഭേദമനേ്യ ഭൂരിപക്ഷം ജനത്തിനും ഇഷ്ടം എന്ന സത്യം മറച്ചുവച്ചാണ് നേതാക്കൾ ഇങ്ങനെ സമുദായപ്രീണനം നടത്തുന്നത്. ഇനിയെങ്കിലും ഈ ദാസ്യമനോഭാവം വെടിഞ്ഞ്, പിണറായി വിജയൻ പറഞ്ഞതുപോലെ, സമുദായനേതാക്കൾ സ്വന്തം കാര്യം നോക്കാൻ മുഖ്യമന്ത്രി പറയേണ്ടിയിരിക്കുന്നു. അത്തരം ഒരു കടുത്ത നിലപാട് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിന് അത്യന്താപേക്ഷിതമാണ്. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു പോട്ടെന്നു വയ്ക്കണം.

രാഷ്ട്രീയക്കാർക്കു മാത്രമല്ല, സമുദായനേതാക്കൾക്കും കോർപറേഷനുകളും ബോർഡുകളും വീതം വച്ചു നൽകുകയായിരുന്നുവെന്നു കേരളത്തിന്റെ പൊതുസമൂഹം അറിഞ്ഞതു ഷുക്കൂറിന്റെ പ്രസ്താവനയിലൂടെയാണ്. രാജിവയ്ക്കുമെന്ന ഇക്കൂട്ടരുടെ ഭീഷണി ചങ്കൂറ്റത്തോടെ ഉമ്മൻ ചാണ്ടി സ്വീകരിക്കട്ടെ. ഇവർ രാജിവച്ച് സ്ഥാനങ്ങൾ കളഞ്ഞ് എങ്ങോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഇവർക്ക് യുഡിഎഫ് അല്ലാതെ മറ്റൊരു താവളം ഇല്ല. ഇത്തരം നാണംകെട്ടവരെ ചുമന്ന് വണ്ടിയിൽ കയറ്റാനുള്ള വിവരക്കേടൊന്നും കേരളത്തിലെ സിപിഎമ്മിനില്ല. അഥവാ തെരഞ്ഞെടുപ്പുതന്ത്രം എന്ന നിലയിൽ അത്തരം ഒരു നിലപാട് എടുത്താലും സിപിഎമ്മിന്റെ കൂസലില്ലാത്ത സമീപനം സഹിച്ചുനിൽക്കാൻ ഈ നേതാക്കൾക്കാകില്ല. അതുകൊണ്ടുതന്നെ ഇവർക്ക് ഒരിടത്തേക്കും ഓടിപ്പോകാനാകില്ല. അതുകൊണ്ട് ഉമ്മൻ ചാണ്ടി സമുദായനേതാക്കളുടെ മുഖത്തുനോക്കി സംസ്ഥാനത്തിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കേണ്ടിയിരിക്കുന്നു.

ഇടതുമുന്നണി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇവരെല്ലാം ഇങ്ങനെ മാളത്തിൽ കയറിയിരിക്കുന്നതെന്നു ചിന്തിക്കേണ്ടതുണ്ട്. ബ്ലാക്ക്‌മെയിൽ രാഷ്ട്രീയം കേരളത്തിനു വേണ്ട. ഇത്തരക്കാരെ ഒറ്റപ്പെടുത്തി കേരളത്തിന്റെ സാമൂഹ്യവിഷയത്തിലും ജാതിചിന്തയിലും അഴിച്ചുപണി നടത്താൻ സമയമായിരിക്കുന്നു.