തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരേ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തിരിച്ചടി. വി എസിന്റെ പരസ്യപ്രസ്താവന വിലക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി നൽകിയ ഹർജി കോടതി തള്ളി.

മാനനഷ്ടക്കേസ് നിലനിൽക്കുമോ, ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയുന്നില്ലെന്നും തിരുവനന്തപുരം ജില്ലാ അഡീഷണൽ കോടതി വ്യക്തമാക്കി. ആരോപണങ്ങൾ തെളിവെടുക്കുന്ന സമയത്ത് പരിശോധിക്കാം. ഇരുകൂട്ടർക്കും തെളിവുകൾ വിചാരണ കോടതിക്ക് നൽകാം.

പരസ്യപ്രസ്താവനയിൽ നിന്ന് വിഎസിനെ വിലക്കണമെന്ന ആവശ്യം മുഖ്യഹർജിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രസ്താവനകൾ വിലക്കുന്നത് വിഎസിന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണപക്ഷത്തിന്റെ പാളിച്ചകൾ തുറന്നുകാണിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ കർത്തവ്യമാണെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിക്കെതിരെ 31 അഴിമതി കേസുകൾ നിലനിൽക്കുന്നുണ്ടെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കെതിരെ ഉമ്മൻ ചാണ്ടി നൽകിയ ഉപഹർജിയാണ് തള്ളിയത്. ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത മാനനഷ്ടക്കേസ് നിലനിൽക്കുന്നതല്ലെന്നും നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങൾ ഒന്നുംതന്നെ പാലിക്കാതെ ഫയൽ ചെയ്ത ഹർജിയും ഉപഹർജിയും തള്ളിക്കളയണമെന്നും വിഎസിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു.

ഇന്നലെ നടന്ന വാദത്തിലാണു മുഖ്യമന്ത്രിക്കെതിരേ 31 കേസുകൾ ഉള്ളതായി വി.എസിന്റെ അഭിഭാഷകൻ ചെറുന്നിയൂർ ശശിധരൻ നായർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്. എന്നാൽ, യാതൊരുകേസും നിലവിലില്ലെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകൻ സന്തോഷ് കുമാറും കോടതിയെ ബോധിപ്പിച്ചു.

തുടർന്നാണ് ഇന്നും വാദം തുടരാൻ രണ്ടാം ക്ലാസ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എ. ബദറുദ്ദീൻ ഉത്തരവിട്ടത്. വാദത്തിനൊടുവിലാണു കോടതി തീരുമാനം അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരേ 31 കേസുകളുണ്ടെന്ന് കണ്ണൂർ ധർമ്മടത്ത് നടന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ വി എസ് പ്രസംഗിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.