കൊച്ചി : വികസനവിരോധികൾ ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും സംസ്ഥാനത്തും വികസനങ്ങൾ നടപ്പിലാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ ഗവൺമെന്റുകളാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഉൾപ്പടെയുള്ള വികസനപദ്ധതികൾ യുഡിഎഫ് സർക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവർത്തനങ്ങളെ ഒരുഘട്ടത്തിൽ എതിർക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോൾ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഉയർച്ചയിലേക്ക് പോകാത്തതിന് കാരണം ഇടതുപക്ഷ ത്തിന്റെ നിലപാടുകളാണ്. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഏറെയാണ്. എന്നാൽ ഇടതുഭരണകാലത്ത് എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു.

വികസനപ്രവർത്തനങ്ങളെ പിന്നോട്ടടിച്ച ആറു വർഷമാണ് കടന്നു പോയത്. ഒരിക്കലും പ്രായോഗികമല്ലാത്ത കെ റെയിൽ പദ്ധതിയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ യാതൊരു തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നില്ല. സിൽവർ ലൈൻ ഉൾപ്പെടെയുള്ള ജനദ്രോഹ പദ്ധതികൾക്കെതിരെ ഉള്ള ജനങ്ങളുടെ താക്കീത് ആയിരിക്കും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ ജനദ്രോഹസിൽവർ ലൈൻ ചർച്ച ചെയ്യാൻ തയ്യാറാണന്നും ഇന്നലെകളിലെ വികസന വിരോധികൾ തൃക്കാക്കരയിലെ ജനങ്ങളോട് പറയുന്ന വികസനം അവർ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ ജനജീവിതം അരക്ഷിതാവസ്ഥയിലാവുകയാണ്. കേരളം ഗുണ്ടാ കോറിഡോറായി മാറുകയാണ്. ഈ ഭരണത്തിനെതിരെയുള്ള വിധി എഴുത്താക്കി തൃക്കാക്കരയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കുറുക്കന്മാർ ഓടി നടന്ന കാക്കനാടിന്റെ കുന്നുകളിൽ വികസനം എത്തിച്ചത് UDF ആണന്നും തൃക്കാക്കരയുടെയും കൊച്ചിയുടെയും മുഖച്ഛായ മാറ്റിയ UDF നെ ജനം പിന്തുണക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി ടി യുടെ പകരക്കാരിയാവാൻ കഴിയില്ലെങ്കിലും തൃക്കാക്കരയിലെ വോട്ടർമാർ അനുവദിച്ചാൽ പി ടി യുടെ പിൻഗാമി ആവാൻ എനിക്ക് സാധിക്കും. മഹാരാജാസ് കോളേജിൽ യൂണിയൻ ഭാരവാഹിയും വൈസ് ചെയർപേഴ്‌സണുമായും വിജയിച്ച ശേഷമുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം പി ടി യുടെ പുറകിലായിരുന്നു. പി ടി യുടെ രാഷ്ട്രീയ ജീവിതം തൊട്ടറിഞ്ഞ എനിക്ക് തൃക്കാക്കരയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി അവർക്ക് വേണ്ടി സത്യസന്ധതയോടെ പ്രവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു.

യോഗത്തിൽ നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, PK കുഞ്ഞാലിക്കുട്ടി, PJ ജോസഫ്, N. K പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്,CP ജോൺ, മാണി സി കാപ്പൻ, ജി ദേവരാജൻ , എം.എം ഹസ്സൻ, ബെന്നി ബഹനാൻ , ഇ ടി മുഹമ്മദ് ബഷീർ,ഹൈബി ഈഡൻ , KC ജോസഫ്, PC തോമസ്, ഡൊമനിക്ക് പ്രസന്റേഷൻ, ജെബി മേത്തർ , ടി സി ദ്ദീഖ് , ഷാഫി പറമ്പിൽ, ടി ജെ വിനോദ് , അൻവർ സാദത്ത്, റോജി എം ജോൺ, ജോസഫ് വാഴക്കൻ, തോമസ് ഉണ്ണിയാടൻ, മുഹമ്മദ് ഷിയാസ്, ജോണി നെല്ലൂർ, രാജൻ ബാബു, കെ.പി ധനപാലൻ, ജോസഫ് അലക്‌സ്, ജോഷി പള്ളൻ , നൗഷാദ് പല്ലച്ചി എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് K. A അബ്ദുൾ മജീദ് നന്ദി രേഖപ്പെടുത്തി.