കുറച്ചു കാലങ്ങളായി ഇങ്ങനെ ഒരു ലേഖനം എഴുതണം എന്ന് കരുതുന്നു. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, കുടുംബ ജീവിതം, വിശ്വാസം എന്നിങ്ങനെ ഒരു സാധാരണ വിശ്വാസിയെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ഉപദേശവും, മാർഗ നിർദ്ദേശവും നൽകിക്കൊണ്ട് പിതാക്കന്മാർ പതിവായി അയക്കാറുള്ള ഇടയലേഖനങ്ങൾ കേൾക്കുന്ന ഒരു വിശ്വാസി എന്ന നിലക്ക് ചില കാര്യങ്ങൾ സ്വയം വിമർശനം എന്ന പോലെ നിങ്ങള്ക്ക് അയയ്ക്കാൻ നിങ്ങളുടെ ആട്ടിൻ പറ്റത്തിലെ ഒരു കുഞ്ഞാട് എന്ന നിലക്ക് ഞാൻ ശ്രമിക്കട്ടെ.

സഭയുടെ ആത്മീയവും ഭൗതികവും ആയ ഒരു കാര്യത്തെ പറ്റിയും അഭിപ്രായം പറയാൻ ഞാൻ ആൾ അല്ല. സഭയെ പിടിച്ചു കുലുക്കുന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ച് മാത്രം ഇവിടെ പറയാൻ ആഗ്രഹിക്കട്ടെ. ഒരു വിശ്വാസി എന്ന നിലക്കും, ക്രിസ്തയാനി എന്ന നിലക്കും മനസിന് വളരെ വേദനയും ലജ്ജയും ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് നടക്കുന്നത്. മറ്റുള്ളവരുടെ മുൻപിൽ എന്നതിൽ കവിഞ്ഞു നിരീശ്വര വാദികളിൽക്കിടയിൽ പോലും തല ഉയർത്തി നില്ക്കാൻ പറ്റാത്ത സ്ഥിതി. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് കരുതി വിട്ടുകളയാം പക്ഷെ പുറത്തു വരുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം ആണ് എന്ന് കരുതണം.

പണ്ട് കാലങ്ങളിൽ വൈദിക ജീവിതത്തിനിടക്ക് ഇത്തരം താല്പര്യങ്ങൾ ഉള്ള അച്ചന്മാർ അവരുടെ വിശുദ്ധ വസ്ത്രം ഊരി വച്ച് വിവാഹം കഴിച്ചിരുന്നു, അത്തരം അച്ചന്മാരെ വെറുപ്പോടെ ആയിരുന്നു സമൂഹം കണ്ടിരുന്നത് എന്നാൽ അവർ എത്ര മഹാൻ മാർ ആയിരുന്നു എന്ന് ഇന്ന് മനസിലാകുന്നു. അവർ സ്വയം മുറിവേറ്റു സഭയുടെ പേര് സംരക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് ചിലർ സഭയുടെ ചിറകിൻ കീഴിൽ അഭയം നേടി എല്ലാ കൊള്ളരുതായ്മയും ചെയ്യുന്നു, ചെളി പതിക്കുന്നതും കല്ലേറ് കൊള്ളുകയും ചെയ്യുന്നതു സഭക്കാണ് അത് അവർ ഓർക്കുന്നില്ല . ഈ പറഞ്ഞത് എല്ലാവരേയും ഉദ്ദേശിച്ചല്ല കൂടുതലും നല്ല ആളുകൾ തന്നെയാണ് സഭയെ നയിക്കുന്നത്. പക്ഷെ ഫാദർ കോട്ടൂരിനെയും, സിസ്റ്റർ ജെസ്സിയെയും കേരളത്തിലെ എല്ലാവരും അറിയും പക്ഷെ ചിറമേൽ അച്ഛനെകൂടാതെ കിഡ്‌നി ദാനം ചെയ്ത ഒരു ഡസൻ അച്ചന്മാർ ഉണ്ട് കേരളത്തിൽ അവരുടെ പേര് പോലും ഒരാൾക്കും അറിയില്ല. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയണ്ട . എന്നാൽ ഇടതു കയ്യിലേക്ക് ക്യാൻസർ പടരുന്നതിന് മുൻപ് വലതു കൈ മുറിച്ചു മാറ്റുന്നതാണ് ജീവന് നല്ലതു.

കേരളത്തിലെ ഇടവകകൾ നയിക്കുന്ന ന്യൂ ജനറേഷൻ അച്ഛന്മാരോടും കൊച്ചച്ചന്മാരോടും ആണ് ഇനി പറയാനുള്ളത്. പണ്ട് ഒരു അച്ഛൻ പറഞ്ഞതു പോലെ കമ്യൂണിസ്‌റ് പാർട്ടിയും കത്തോലിക്കാ സഭയും ഒരു പോലെയാണ് രണ്ടും നിലനിൽക്കുന്നത് പിരിവു കൊണ്ടാണ് . അത് മാത്രം അല്ല രണ്ടും ഒരു പ്രത്യേക രീതിയിൽ ഉള്ള കമ്മിറ്റികളാൽ ആണ് രൂപം കൊണ്ടിട്ടുള്ളത്. അതിലെ ഏറ്റവും പ്രധാനം ആണ് ഇടവക.

കേരളത്തിൽ കത്തോലിക്കാ സഭ വളർന്നത് വത്തിക്കാനിൽ നിന്ന് വന്ന പണം കൊണ്ടൊന്നും അല്ല ഇവിടുത്തെ വിശ്വാസിയുടെ വിയർപ്പുകൊണ്ടാണെന്നു പരസ്യമായ രഹസ്യം ആണ് . ഒരു അറുപതു കൊല്ലം മുൻപിലേക്ക് ഒന്ന് കണ്ണോടിക്കണം മലമ്പനിയോടും, കാട്ടാനയോടും, വന്യ മൃഗങ്ങളോടും മല്ലടിച്ചു ജീവിതം കെട്ടിപൊക്കിയ കുറെ പൂർവികർ നമുക്കുണ്ട്. കേരളത്തിലെ മറ്റൊരു സമുദായത്തിനും അവകാശപെടാൻ ആവാത്ത അദ്ധ്വാനരഹസ്യം . പല നാടുകളിൽ നിന്നും നല്ല മണ്ണ് നോക്കി കുടിയേറി പാർത്തു അവർ. കഷ്ട്ടപെട്ടു, പ്രാർത്ഥിക്കാൻ ദേവാലങ്ങൾ ഉണ്ടാക്കി. പഠിക്കാൻ സ്‌കൂളുകൾ ഉണ്ടാക്കി. ചികിൽസിക്കാൻ ആശുപത്രികൾ ഉണ്ടാക്കി.. കേരളത്തിലെ ഓരോ വ്യക്തിയും ജീവിതത്തിൽ ഒരിക്കൽ എങ്കിലും സഭയുടെ ഇത്തരം ഏതെങ്കിലും ഒരു സ്ഥാപനത്തിൽ കയറിയിട്ടുണ്ടാകും. ഇത്തരത്തിൽ അവർ ചോര നീരാക്കി ഉണ്ടാക്കിയ സ്ഥാപനങ്ങൾ ആണ് നിങ്ങൾ രാജാവിനെ പോലെ ഭരിക്കുന്നത്.ഒരു മാരുതി 800 റോ അല്ലെങ്കിൽ ആൾട്ടോ കാറോ ഉള്ള വൈദികർ സഭയിൽ വിരളമാണ് എസ് യു വി ഇല്ലാത്ത ഒരു സ്ഥാപന അധികാരിയെയും ഞാൻ കണ്ടിട്ടില്ല. സമയത്തിന് ഭക്ഷണം ഒരുക്കാൻ പരിചാരകർ, വണ്ടി ഓടിക്കാൻ ആളുകൾ,പെട്ടി പിടിക്കാൻ സെക്രട്ടറി എന്നിങ്ങനെ ഒരു ക്യാബിനറ്റ് മന്ത്രിയുടെ സുഖസൗകര്യങ്ങൾ ആണ് നിങ്ങള്ക്ക് സഭ തരുന്നത്. ഇതിന്റെ ഒക്കെ മേൽ ആണ് നിങ്ങളുടെ ലൈഗിക തൃഷ്ണ വളരുന്നത് എങ്കിൽ മേല്പറഞ്ഞ സൗകര്യങ്ങൾ ഉപേഷിക്കാൻ നിങ്ങൾ തയാറാകണം. ഉത്തരത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല സുഖവും വേണം എന്ന് പറഞ്ഞാൽ അത് നടപ്പില്ല .പിന്നെ മേൽ പറഞ്ഞ സ്ഥാപങ്ങൾ ഒക്കെ കെട്ടിയുണ്ടാക്കിയ ആ കാലഘട്ടത്തിലെ ജനങ്ങൾ ദൈവത്തെ പോലെ കണ്ടിരുന്ന അവരെ നയിച്ച വൈദികർ പലരും ഇപ്പോഴും സഭയുടെ വിശ്രമകേന്ദ്രങ്ങളിൽ ഉണ്ടാകും. ആഴ്ചയിൽ ഒരിക്കൽ അവിടെ പോയി അവരുടെ അധ്വാനിച്ചു തഴമ്പിച്ച കൈകളും നിങ്ങളുടെ വെള്ളയപ്പം പോലെ മൃദുലമായ കയ്യ്കളും ഒന്ന് താരതമ്യപെടുത്തി നോക്കണം. എന്നിട്ടും മനസിനെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ കുപ്പായം അഴിച്ചു വച്ച് നിങ്ങളുടെ ഇഷ്ടത്തിന് പോണം. ആരും തടയില്ല .

ഇനി സഭയെ ഭരിക്കുന്ന പിതാക്കന്മാരോടു, ഏതൊരു രാഷ്ട്രീയ പാർട്ടിയേക്കാളും കൂടുതൽ പാരവയ്‌പ്പും കുതികാൽ വെട്ടും ഉള്ള സ്ഥലം ആണ് നിങ്ങളുടെ അധികാരം എന്ന് നന്നായി അറിയാം. മെത്രാനെ വക വരുത്താൻ കുർബാക്കിടയിലെ വീഞ്ഞിൽ ആസിഡ് ഒഴിച്ച് വച്ച കഥകൾ വരെ കേട്ടിട്ടു ഉണ്ട് . തിളങ്ങുന്ന കുപ്പായത്തിനു ഉള്ളിൽ നിങ്ങൾ എത്ര ദുര്ബലർ ആണെന്ന് നന്നായി അറിയാം.എങ്കിലും ചില കാര്യങ്ങൾ പറയട്ടെ .

1 .) വൈദിക തിരഞ്ഞെടുപ്പ് കുറച്ചു കൂടി കർശനം ആക്കണം ഇംഗ്ലീഷ് പഠിക്കാൻ സെമിനാരിയിൽ പോയവരും ദാരിദ്ര്യം മാറ്റാൻ മഠത്തിൽ പോയവരും ധാരാളം ഉണ്ട് .

2 .)100 കുടത്തിന്റെ വായ് അടക്കാം, ഒരു മനുഷ്യന്റെ തല അറക്കാം എന്നാൽ സോഷ്യൽ മീഡിയയുടെ വായ് അടക്കാൻ ആര്ക്കും പറ്റില്ല.. വൈദികരുടെ ഇന്റർനെറ്റ്,ടെലിഫോൺ,സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ മാർഗ നിർദ്ദേശം കൊണ്ട് വരണം.

3 .) ഇത്തരം വൈദികരുടെ പല ഇടപാടുകളുടെയും ആരംഭം കുമ്പസാരക്കൂട് എന്ന പരിപാവന സ്ഥലത്ത നിന്നാണ്. ഒരു വൈദികനു കുമ്പസാരിപ്പിക്കാൻ ഒരു മിനിമം യോഗ്യത വയ്ക്കണം

4 .)കുമ്പസാരം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിശ്വാസ സത്യം ആയതു കാരണം നിരോധിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരാളെ ഒന്നിൽ കൂടുതൽ അച്ഛൻ മാർ ഒരേ സമയം കുമ്പസരിക്കാൻ ഉള്ള നടപടി ആലോചിക്കണം. അനാവശ്യമായ പ്രവണതകൾ ഒഴിവാക്കാൻ അത് സഹായിക്കും.

5 .) വൈദികരുടെ പ്രവർത്തികൾ ഓഡിറ്റ് ചെയ്യപ്പെടണം. വലിയ കമ്പനികൾ ജോലിക്കാരുടെ പ്രവർത്തന ക്ഷമത വിലയിരുത്താൻ മിസ്റ്ററി ഷോപ്പേഴ്സ് എന്ന ഒരു പരിപാടി നടത്താറുണ്ട് അതുപോലെ സഭക്കും പരീക്ഷിക്കാവുന്നതാണ്, ഇത്തരക്കാരെ മുളയിലേ നുള്ളാൻ അത് സഹായിക്കും. മാദ്ധ്യമങ്ങൾ നടത്തുന്ന സ്റ്റിങ് ഓപ്പറേഷൻസും ആകാം.

6.) വെടിക്കെട്ടു, നാടകം, ഗാനമേള,മെഗാ ഷോ,കെട്ടിടം പണി, വിദേശ രാജ്യങ്ങളിലേക്ക് ടൂർ എന്നൊക്കെ പറഞ്ഞു കമ്മിഷൻ അടിച്ചു മാറ്റുന്ന പരിപാടി വല്ല ഓപ്പൺ ടെൻഡർ മാതൃകയിൽ നടത്തി അഴിമതി അവസാനിപ്പിക്കണം.

7.) വൈദികർ സഭയുടെ സേവകർ അല്ല സഭ നിയമിച്ച ജോലിക്കാർ ആണ് മുഴുവൻ സമയ ജോലിക്കാർ അവർക്കു ശമ്പളവും, മറ്റു സൗകര്യങ്ങളും കൊടുക്കുണ്ട് അതുകൊണ്ട് ഒരു വൈദികന്റെ 24 മണിക്കൂർ പ്രവർത്തനവും യാത്രയും, ഫോൺ വിളികളും എല്ലാം ട്രാക്കഡ് ആരിക്കണം, സിസിടിവി ക്യാമറയും വേണം ഒരു തരത്തിലും ഉള്ള പ്രലോഭങ്ങളിൽ അവർ വീഴാതെ ഇരിക്കാൻ സഭ ശ്രദ്ദിക്കണം ( ഇതൊക്കെ ഒരു സാധാരണ സ്ഥാപനം ചെയ്യുന്ന കാര്യങ്ങൾ ആണ്.)

ഇതൊക്കെ വായിച്ചു ഏതെങ്കിലും ഒരു വൈദികനോ വിശ്വാസിക്കോ ഇങ്ങനെ ഒക്കെ എങ്ങനാ ജീവിക്കുക തോന്നിയാൽ ഞാൻ വിജയിച്ചു അങ്ങനെ ജീവിക്കാൻ പറ്റുന്നവർക്കു മാത്രം ഉള്ള ജോലിയാണ് വൈദിക വൃത്തി. നിങ്ങൾ ഉടനെ ഇങ്ങനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ പണ്ടൊരു കഥ കേട്ട പോലെ ആകും നിങ്ങളുടെ കാര്യം. കഥ ഇതാണ് 'വിവാഹത്തിന് തൊട്ടു മുൻപ് മരിച്ചു സ്വർഗത്തിൽ എത്തിയ രണ്ടു യുവ മിഥുങ്ങളോട് അലിവ് തോന്നിയ ദൈവം സ്വർഗത്തിൽ വച്ച് അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു, ആഗ്രഹം എന്താണ് എന്ന് ചോദിച്ചു അവർ പറഞ്ഞു ഞങ്ങളുടെ കല്യാണം ഒരു മെത്രാൻ നടത്തണം എന്നാണ് ആഗ്രഹം... ദൈവം ഇപ്രകാരം അരുളിച്ചെയ്തു മക്കളെ മാർപ്പാപ്പ ഉണ്ട്, യേശുവിന്റെ ശിഷ്യന്മാർ ഉണ്ട് സകല വിശുദ്ധർ ഉണ്ട് അല്ലെങ്കിൽ ഞാൻ തന്നെ ഉണ്ട് പക്ഷെ ഒരു മെത്രാൻ പോലും സ്വർഗത്തിൽ ഇല്ല.' നിങ്ങള്ക്ക് ആ ഗതി വരാതെ ഇരിക്കട്ടെ. എന്ന് യേശുവിൽ നിങ്ങളുടെ വത്സല കുഞ്ഞാട്.