കൊല്ലം : പരീക്ഷ നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനെതിരെയും വിദ്യാർത്ഥികളെ വലയ്ക്കുന്ന പരീക്ഷാ സമ്പ്രദായം മാറ്റണമെന്ന് ആവശ്യപ്പെട്ടും എ പി ജെ അബ്ദുൾ കലാം സർവകലാശാല വൈസ് ചാൻസലർക്ക് വിദ്യാർത്ഥിയുടെ തുറന്ന കത്ത്. സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി ടി കെ എം എഞ്ചിനീയറിങ് കോളേജിലെ ബി ടെക് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അനുരാഗാണ് ഫേസ്‌ബുക്കിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.

പരീക്ഷകൾക്കിടയിൽ വേണ്ട അവധി നൽകാതെ പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നതായി അനുരാഗ് പറയുന്നു. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്തിക്കാൻ ഏൽപ്പിച്ചതിനെപറ്റിയും അനുരാഗ് ആശങ്ക ഉന്നയിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടും ആശങ്കകളും മനസ്സിലാക്കി വിദ്യാർത്ഥികളുടെ അഗ്‌നി ചിറകുകളെ ശക്തിപ്പെടുത്തുന്ന തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .

ഡിസംബർ രണ്ടിന് നടക്കേണ്ട പരീക്ഷ മാറ്റിവച്ചതായി വിദ്യാർത്ഥികൾ അറിയുന്നത് ഒന്നിന് ഉച്ചതിരിഞ്ഞാണെന്നും അവധിക്ക് വീട്ടിൽ പോയി തിരിച്ച് വന്ന വിദ്യാർത്ഥികളെ ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷമാണ് നടക്കുകയെന്ന പ്രോ വൈസ് ചാൻസലറുടെ പ്രസ്താവന പല മാദ്ധ്യമങ്ങളിലും വന്നിരുന്നു. കൂടാതെ സർവകലാശാലയിൽ വിളിച്ച് അന്വേഷിച്ചവർക്കും ഇതേ വിവരമാണ് ലഭിച്ചത്.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആൻഡമാൻ, ഉത്തരേന്ത്യ, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ് തങ്ങളുടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുത്തു. വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നതുതന്നെ. വിദേശത്തുനിന്നുള്ളവർ വൻ തുക ചെലവാക്കി സ്വരാജ്യങ്ങളിലേക്ക് പോയി. പലരും വിസ പുതുക്കാൻ കൊടുത്തു. പക്ഷേ, അതിനിടെയാണ് ഡിസംബർ 13 ന് അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് എസ്-1, എസ്-3 സെമസ്റ്ററുകളിലെ പരീഷകൾ നടത്തുന്നു എന്ന പൊടുന്നനെയുള്ള തീരുമാനം വരുന്നത് .

പരീക്ഷകൾക്കിടയിൽ വേണ്ട വിധത്തിലുള്ള അവധികൾ നൽകാതെയുള്ളതും പൊടുന്നനെയുള്ളതുമായ ഒരു തീരുമാനമായി അത്. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്താൻ ഏൽപ്പിക്കരുതെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഉന്നയിക്കാതെ ഇപ്പോൾ പരീക്ഷ നടത്താൻ തീരുമാനിച്ചതിലും വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്.

അനുരാഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എത്രയും ബഹുമാനപ്പെട്ട APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല .VC ശ്രീ Kuncheria P Isaac സർ ന് ഒരു തുറന്ന കത്ത്

ബഹുമാനപ്പെട്ട Kuncheria P Isaac സർ ,
ഭാരതീയരുടെ സ്വപ്നങ്ങൾക്ക് അഗ്‌നി ചിറകുകൾ നൽകിയ , ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ശ്രീ APJ അബ്ദുൾകലാമിന്റെ നാമത്തിൽ നിലനിൽക്കുന്നതണല്ലോ , അങ്ങ് വൈസ് ചാൻസിലർ ആയ 'APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല' ആ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥി എന്നനിലയിൽ , അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായ ഒരു തീരുമാനത്തെ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ തുറന്നകത്ത് എഴുതുന്നത് ..

അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ BTECH S1 , S3 സെമസ്റ്ററുകളിലെ പുതിക്കിയ പരീക്ഷാ ടൈം ടേബിളിലും പരീക്ഷാ നടത്തിപ്പ് രീതിയിലും, വിദ്യാർത്ഥികൾക്ക് ഉണ്ടായ അമർഷം ഇതിനോടകം തന്നെ താങ്കൾ അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു .നേരത്തെ Dec 2 ന് നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു എന്ന് വിദ്യർത്ഥികൾ അറിയുന്നത് Dec 1 ഉച്ചതിരിഞ്ഞാണ് പരീക്ഷ നടത്തിപ്പിലെ കെടുകാര്യസ്ഥതകൾ മൂലം ഉയർന്നുവന്ന എതിർപ്പുകളായിരുന്നു അതിന്റെ കാരണം. പഠനാവധിക്ക് വീട്ടിൽ പോയി, പരീക്ഷ എഴുതാനായി തിരിച്ചുവന്ന വിദ്യാർത്ഥികളെ ഈ തീരുമാനം വലച്ചു എന്നതിലും താങ്കൾക്ക് സംശയം ഉണ്ടാവില്ലല്ലോ ..?

എന്നിരുന്നാലും യൂണിവഴ്‌സിറ്റിക്ക് സംഭവിച്ച തെറ്റ് തിരുത്തി ഉടൻ തന്നെ പരീക്ഷകൾ നടത്തും എന്ന് വിദ്യാർത്ഥികൾ പ്രത്യാശിച്ചു . എന്നാൽ ക്രിസ്തുമസ് അവധിക്ക് ശേഷമാണ് പരീക്ഷ നടക്കാൻ സാധ്യത എന്ന pro.vc യുടെ വാക്കുകൾ തൊട്ടടുത്ത ദിവസങ്ങളിൽ പല പ്രമുഖ മാദ്ധ്യമങ്ങളിലും വരികയുണ്ടായി. യൂണിവേഴ്‌സിറ്റി യിൽ വിളിച്ച് കാര്യം അന്വേക്ഷിച്ചവർക്കും സമാന മറുപടിയാണ് കിട്ടിയത് .

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആൻഡമാൻ ,ഉത്തരേന്ത്യ , മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികക്ക് തങ്ങളുടെ നാട്ടിലേക്ക് പോകേണ്ടി വന്നു . വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് തന്നെ. NRI വിദ്യാർത്ഥികളും വൻ തുക ചെലവാക്കി രാജ്യം കടന്നു , പലരും വിസ പുതുക്കാൻ കൊടുത്തു .

ഈ സാഹചര്യത്തിലാണ് DEC 13 ന് അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ
BTECH S1 , S3 സെമസ്റ്ററുകളിലെ പരീഷകൾ നടത്തുന്നു എന്ന പൊടുന്നനെയുള്ള തീരുമാനം വരുന്നത്.
പരീക്ഷകൾക്കിടയിൽ വേണ്ട വിധത്തിലുള്ള അവധികൾ നൽകാതെയുള്ളതും, പൊടുന്നനെയുള്ളതുമായ ഒരു തീരുമാനം അതും മുമ്പ് പരീക്ഷ മാറ്റാൻ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്ന 'സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്താൻ ഏൽപ്പിക്കുക ' എന്ന നടപടി മാറ്റാതെയുള്ള തീരുമാനം. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് ആശങ്കകൾ അനവധിയാണ് ..
അവയിൽ ചിലതും കുറിക്കട്ടെ ..

1) സ്വകാര്യ ഏജൻസികൾ പരീക്ഷയിലെ ചോദ്യങ്ങൾ വേണ്ടപ്പെട്ട മാനേജുമെന്റുകൾക്ക്
ചോർത്തി നൽകില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ?

2) വിദേശത്തും അന്യ സംസ്ഥാനത്തും ഉള്ളവർ ഇത്ര പെട്ടന്ന് എങ്ങനെ കേരളത്തിൽ വന്ന് പരീക്ഷ എഴുതണം എന്നാണ് കരുതേണ്ടത് ?

3) ഓടി പിടിച്ച് വന്നാൽ തന്നെ വേണ്ട വിധത്തിൽ അവധിയില്ലാത്ത പരീക്ഷ എങ്ങനെ പഠിച്ച് എഴുതാനാണ് ?

താങ്കളുടെയും , യൂണിവേർസിറ്റി യുടെയും വാക്കിന്റെ പുറത്ത് സംജാതമായ ഈ സാഹചര്യം
വിദ്യാർത്ഥികൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടും ആശങ്കകളും എത്രയും ബഹുമാനപ്പെട്ട താങ്കൾ മനസ്സിലാക്കും എന്നു തന്നെയാണ് കരുതുന്നത് . ആയതിനാൽ തന്നെ
വിദ്യാർത്ഥികളുടെ അഗ്‌നി ചിറകുകളെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനം
താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ..

വിശ്വസ്ഥതയോടെ ,
അനുരാഗ് ..
( APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ കീഴിലെ TKM college of engineering ൽ , B TECH
3rd സെമസ്റ്റർ വിദ്യാർത്ഥി )