- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുരുഷ വേഷത്തിൽ വന്നാൽ മല ചവിട്ടാൻ അനുവദിക്കാം' എന്ന് പറഞ്ഞ പൊലീസുകാർ ചെയ്തത് മൗലികാവകാശങ്ങളുടെ ലംഘനം; ഈ വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണ്? 'ട്രാൻസ് സൗഹൃദ കേരളം' എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ ഉയർത്തിക്കാട്ടുന്ന പ്രചാരണ പരിപാടികളും പരസ്യങ്ങളും പിൻവലിക്കണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ട്രാൻസ് ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനൊരു തുറന്ന കത്ത്, എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് സെക്ഷ്വൽ വ്യക്തി ആണ്. ട്രാൻസ് വ്യക്തി എന്ന നിലയിൽ തന്നെയാണ് ഈ കത്ത് എഴുതുന്നതും. കേരളത്തിൽ ട്രാൻസ് സമൂഹത്തെ ഏറ്റവും അധികം ഫലപ്രദമായി പ്രയോജനപ്പെടുത്തിയത് ആരെന്ന് ചോദിച്ചാൽ, അതിന് നിസംശയം പറയാൻ കഴിയുന്ന ഒരു ഉത്തരമാണ് 'താങ്കളുടെ സർക്കാർ' എന്ന്. 'ട്രാൻസ് സൗഹൃദ കേരളം' എന്ന ലേബലിൽ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ധാരാളം ബഹുമതികളും പ്രശസകളും നല്ല പേരും നേടിയെടുത്ത താങ്കളുടെ സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതിനെ ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എന്നാൽ, സങ്കടമെന്ന് പറയട്ടെ നന്മയെക്കാൾ അധികം തിന്മയും താങ്കളുടെ സർക്കാർ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അതിൽ പ്രധാനവുമാണ് താങ്കളുടെ തന്നെ അധികാരപരിധിയിൽ വരുന്ന ആഭ്യന്തര വകുപ്പും വകുപ്പിന് കീഴിലുള്ള പൊലീസ് ഡിപ്പാർട്ട്‌മെന്റും. ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ പറയട്ടെ, ഇത്രയും അപമര്യാദയായ രീതിയിൽ ട്രാൻസ്
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനൊരു തുറന്ന കത്ത്, എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് സെക്ഷ്വൽ വ്യക്തി ആണ്. ട്രാൻസ് വ്യക്തി എന്ന നിലയിൽ തന്നെയാണ് ഈ കത്ത് എഴുതുന്നതും. കേരളത്തിൽ ട്രാൻസ് സമൂഹത്തെ ഏറ്റവും അധികം ഫലപ്രദമായി പ്രയോജനപ്പെടുത്തിയത് ആരെന്ന് ചോദിച്ചാൽ, അതിന് നിസംശയം പറയാൻ കഴിയുന്ന ഒരു ഉത്തരമാണ് 'താങ്കളുടെ സർക്കാർ' എന്ന്.
'ട്രാൻസ് സൗഹൃദ കേരളം' എന്ന ലേബലിൽ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ധാരാളം ബഹുമതികളും പ്രശസകളും നല്ല പേരും നേടിയെടുത്ത താങ്കളുടെ സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതിനെ ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എന്നാൽ, സങ്കടമെന്ന് പറയട്ടെ നന്മയെക്കാൾ അധികം തിന്മയും താങ്കളുടെ സർക്കാർ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അതിൽ പ്രധാനവുമാണ് താങ്കളുടെ തന്നെ അധികാരപരിധിയിൽ വരുന്ന ആഭ്യന്തര വകുപ്പും വകുപ്പിന് കീഴിലുള്ള പൊലീസ് ഡിപ്പാർട്ട്‌മെന്റും.
ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ പറയട്ടെ, ഇത്രയും അപമര്യാദയായ രീതിയിൽ ട്രാൻസ് സമൂഹത്തോട് പെരുമാറുന്ന ഒരു പൊലീസ് സേനയെ രാജ്യത്തൊരിടത്തും കണ്ടിട്ടില്ല. DGPയുടെ സർക്കുലർ അടക്കം ഉണ്ടായിട്ടും അതൊന്നും വിലവയ്ക്കാൻ തയാറല്ല തങ്ങൾ എന്ന ധാർഷ്ട്യം ഇന്നും കേരളത്തിലെ പൊലീസ് സേനയിലെ വലിയൊരു വിഭാഗം വെച്ച് പുലർത്തുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണ് എറണാകുളം ACP K. ലാൽജിയും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ C.I അനന്തലാലും. ട്രാൻസ്ഫോബിക് ആയ ഈ പൊലീസ് ഉദ്യോഗസ്ഥർ പാർശ്വവത്കരിക്കപ്പെട്ട എന്റെ സമൂഹത്തെ കൂടുതൽ ഭയത്തിലേക്കും ഭീതിയിലേക്കും നിരന്തരം തള്ളി വിട്ടുകൊണ്ടിരിക്കുന്നു.
ട്രാൻസ് വ്യക്തികൾക്കെതിരെ കള്ള കേസുകൾ ചുമത്തുക എന്നതാണ് ഇവരുടെ പ്രധാന നേരംപോക്ക് തന്നെ. ട്രാൻസ്‌ജെന്ററുകൾക്ക് താമസിക്കുവാൻ, 'എറണാകുളം നഗരത്തിൽ വാടകയ്ക്ക് വീടുകളോ ലോഡ്ജ് മുറികളോ നൽകുവാൻ പാടില്ല' എന്ന പരസ്യശാസന പോലും പുറപ്പെടുവിച്ച ഉദ്യോഗസ്ഥരാണിവർ. ഏതു നിയമമാണ് അവർക്ക് അതിന് അധികാരം നൽകിയത് എന്നും ഇന്നും വ്യക്തമല്ല, എന്റെ അറിവിൽ അങ്ങനൊരു നിയമവുമില്ല. അത്തരമൊരു സാഹചര്യത്തിൽ, ഈ ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തി എന്ന് കാണിച്ച് മുകളിൽ പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ രേഖാമൂലം തയാറാക്കിയ പരാതികൾ താങ്കൾക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റിക്കും നൽകിയിരുന്നു. ആ പരാതികളിൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ച് കണ്ടിട്ടില്ല.
എന്തിനധികം പറയുന്നു, ട്രാൻസ് വ്യക്തികളുടെ ബന്ധുക്കളെ പോലും ഇവർ വേട്ടയാടുന്നു. ട്രാൻസ്ജെന്റർ ആയ സ്വന്തം സഹോദരിയെ കാണുവാനും വീട്ടിലേക്ക് ക്ഷണിക്കുവാനും അവരുടെ താമസസ്ഥലമായ ലോഡ്ജിൽ വന്ന യുവതിയെ, അനാശ്യാസ്യം നടത്തി എന്ന പേരിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ആണിവർ എന്നത് ഇവർ എത്രത്തോളം ട്രാൻസ്ഫോബിക് ആണെന്ന വസ്തുത വെളിപ്പെടുത്തുന്നു. 'ഇനി മേലിൽ ഇവരെ പോലുള്ളവർക്ക് ഇവിടെ മുറി കൊടുത്തു പോകരുത്.' എന്ന് ലോഡ്ജ് ജീവനക്കാർക്ക് ഇവർ അന്ന് അന്ത്യശാസനയും നൽകിയിരുന്നു.
ആലപ്പുഴയിൽ ട്രാൻസ് വ്യക്തിയുടെ നഗ്‌ന ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷന് ഉള്ളിൽ നിന്ന് പകർത്തി പൊലീസുകാർ തന്നെ പ്രചരിപ്പിച്ച ഒരു വിഷയം വേറെയും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി പൊലീസ് മർദ്ദനങ്ങൾക്ക് ഇരയാകേണ്ടി വന്ന ട്രാൻസ് വ്യക്തികൾ കുറച്ചൊന്നുമല്ല. ഇപ്പോഴിതാ പുതിയതൊരു അവഹേളനം കൂടി, ശബരിമല സന്ദർശിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട ട്രാൻസ് സഹോദരിമാരെ അധിക്ഷേപിച്ച് പൊലീസ് സേന. മുൻപ് ശബരിമല സന്ദർശിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട സ്ത്രീകളോട് സേന സ്വീകരിച്ച നിലപാടിൽ നിന്നും തികച്ചും വ്യസ്തമാണ് ട്രാൻസ് സഹോദരിമാരോടുള്ള സമീപനം.
അവരെയൊക്കെ ശബരിമലയിൽ കയറ്റുവാൻ പഠിച്ച പണി പതിനെട്ടും പുറത്തെടുത്ത സേനയിൽ നിന്നാണ് എന്റെ സമൂഹത്തോട് ഈ 'ഇരട്ടത്താപ്പ്' സമീപനം എന്നതും ശ്രദ്ധേയമാണ്. 'പുരുഷ വേഷത്തിൽ വന്നാൽ മല ചവിട്ടാൻ അനുവദിക്കാം' എന്ന് പറഞ്ഞ പൊലീസുകാർ, ഭരണഘടന അനുവദിച്ചു തരുന്ന മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുവാൻ പോകുന്നതെന്നും, ഈ വിഷയത്തിൽ താങ്കളുടെ നിലപാട് എന്താണെന്നും അറിയുവാൻ ആഗ്രഹിക്കുന്നു.
ട്രാൻസ് വ്യക്തികളോട് എങ്ങനെ പെരുമാറണം എന്ന ഒരു അവബോധം സേനയ്ക്ക് ഇപ്പോൾ അത്യാവശ്യമാണ്. അതിനായുള്ള ബോധവത്കരണ പരിപാടികളും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സേനയ്ക്ക് നൽകണം. അത് നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. അതുവരെ, 'ട്രാൻസ് സൗഹൃദ കേരളം' എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ ഉയർത്തിക്കാട്ടുന്ന പ്രചാരണ പരിപാടികളും പരസ്യങ്ങളും പിൻവലിക്കണം എന്ന് കൂടി ഈ അവസരത്തിൽ വിനീതമായി അപേക്ഷിക്കുന്നു.
(ആംനസ്റ്റി ഇന്റർനാഷണലുമായി ചേർന്നു പ്രവർത്തിക്കുന്ന ട്രാൻസ് റൈറ്റ്‌സ് ആക്ടിവിസ്റ്റാണ് ലേഖിക).