ന്യൂഡൽഹി: പ്രശ്‌സത് ബോൡവുഡ് താരവും മുൻ ലോക സുന്ദരിയുമായി ഐശ്വര്യ റായി ബച്ചൻ പരസ്യവിവാദത്തിൽ. കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യത്തിൽ അഭിനയിച്ച നടിക്കെതിരെയാണ് ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയയും രംഗത്തെത്തിയത്. വംശീയ വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് താരം കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യത്തൽ അഭിനയിച്ചിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന ആക്ഷേപം. ഇക്കഴിഞ്ഞ ഏപ്രിൽ 17ന് ദേശീയ ദിനപത്രങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ച പരസ്യ ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്.

പരസ്യത്തിൽ രാജകുമാരിയുടെ വേഷപ്പകർച്ചയിലിരിക്കുന്ന ഐശ്വര്യാ റായി ബച്ചന് കുടചൂടിക്കൊടുക്കുന്ന ദളിത് വംശജനായ കുട്ടിയെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലും അമേരിക്കയിലും നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ ചിത്രം വർണ്ണവിവേചനത്തെയും വെളുത്തവരുടെ ആധിപത്യത്തെ ഉയർത്തിക്കാണിക്കുന്നവയും ആണ്. ഈ പരസ്യത്തിൽ ഐശ്യര്യ മോഡലായതാണ് നടിക്കെതിരെ പ്രതിഷേധം ഉയരാൻ ഇടയാക്കിത്.

ഉൽപന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയിൽ ചിത്രീകരിച്ചതിനും. അതിനു വേണ്ടി ശരീരത്തിന്റെ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയർന്നിരിക്കുന്നത്. ഇതിലൂടെ വംശീയത, സവർണ്ണ മേധാവിത്വം, ബാലവേല, അടിമത്വം എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കാൻ പരസ്യം ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഈ പരസ്യത്തിൽ നടി അഭിനയിച്ചതിനെതിരെ ഒരുപറ്റം ആക്ടിവിസ്റ്റുകൾ തുറന്നകത്തെഴുതി. പരസ്യത്തിന്റെ അണിയറക്കാരെയും നടിയെയും കുറ്റപ്പെടുത്തിക്കൊണ്ടാണ് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായി ഫറാ നഖ്വി, ഓക്‌സ്ഫാം ഇന്ത്യയുടെ സിഇഒ നിഷ അഗർവാൾ, കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എനാക്ഷി ഗാംഗുലി, ഭാരതി അലി എന്നിവരും, നിയമകാര്യ വിഗദ്ധ മധു മെഹ്‌റയും തുറന്ന കത്തെഴുതിയത്. ഇവർക്കൊപ്പം ശാന്ത സിൻഹ, ഹർഷ് മന്ദേർ, മൃദുൽ ബജാജ് എന്നീ ആക്ടിവിസ്റ്റുകളും തുറന്നകത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

സ്വർണ്ണാഭരം വിറ്റഴിക്കാൻ വേണ്ടിയുള്ള പരസ്യത്തിൽ വർണ്ണവിവേചന കാലത്തെ കൊണ്ടുവന്നത് തീർത്തും തെറ്റായ നടപടിയാണെന്ന് ഇവർ കത്തിലൂടെ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ലൈഫ് സ്റ്റൈൽ മാഗസിനിൽ പ്രസിദ്ധീകരിച്ച വർണ്ണവിവേചന ധ്വനിയുള്ള ഫോട്ടോഷൂട്ട് വിവാദമായ കാര്യവും അടിമത്തകാലത്തെ ചിത്രങ്ങളും തുറന്നകത്തിൽ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.