ബഹുമാനപ്പെട്ട എംൽഎം അനിൽ അക്കര,

മുഖവുര ഇല്ലാതെ തുടങ്ങട്ടെ,
ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലക്ക് താങ്കളുടെ വാക്കുകളും പ്രവൃത്തിയും എല്ലാം താങ്കൾ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ നന്മക്ക് വേണ്ടി ആയിരിക്കും എന്നും ,ഇന്ത്യയുടെ ഭരണഘടനയോട് കൂറു പുലർത്തും എന്നും സത്യപ്രതിജ്ഞ ചെയ്തിരുന്നല്ലൊ , അതിനു കടകവിരുദ്ധമായ ഒരു പ്രവൃത്തി താങ്കളിൽ നിന്ന് വന്നതിൽ അത്യന്തം ഖേദം രേഖപ്പെടുത്തുന്നു.

ഈ വരുന്ന 29 ന് , ജേക്കബ് വടക്കഞ്ചേരി എന്ന സ്വയം പ്രഖ്യാപിത 'വ്യാജ വൈദ്യന്റെ ' ഒരു പ്രഭാഷണവും ആരോഗ്യ ക്ലാസ്സും താങ്കൾ ഉദ്ഘാടനം ചെയ്യുന്നുണ്ടല്ലോ. പല വിദഗ്ധരും, ഡോക്ടർമാരും , അതിലെ അപകടം ചൂണ്ടിക്കാണിച്ചിട്ട് പോലും താങ്കൾ അതിൽ നിന്നും പിന്തിരിയുന്നില്ല എന്നും അറിയാൻ സാധിച്ചു.. ഈ അവസരത്തിൽ കുറച്ച് കാര്യങ്ങൾ താങ്കളെ ഓർമ്മപ്പെടുത്താൻ ശ്രമിച്ചുകൊള്ളട്ടെ.

*കോളേജ് വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത, ഡോക്ടർ ആണെന്ന് സ്വയം അവകാശപ്പെട്ടും,തന്റെ പരസ്യങ്ങളിലും നോട്ടീസിലും ഡോക്ടർ എന്ന ടൈറ്റിൽ പ്രദർശിപ്പിച്ചും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച തന്റെ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളിൽ നിയമവിരുദ്ധ ചികിത്സ നടത്തുന്ന ഒരാളാണ് ജേക്കബ് വടക്കഞ്ചേരി. മെഡിക്കൽ ബിരുദം പോലും ഇല്ലാതെ പേരിന് മുൻപിൽ ഡോക്ടർ എന്ന വയ്ക്കുന്നത് നിയമലംഘനം ആണെന്ന് അറിഞ്ഞിട്ടും , നിയമവ്യവസ്ഥയെ ധിക്കരിച്ച് വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്ന ഒരു വ്യാജ വൈദ്യനെ പിന്താങ്ങുന്നത് വഴി താങ്കളും ആ നിയമലംഘനത്തിന് കൂട്ടുനിൽക്കുകയല്ലെ ?

അറിഞ്ഞ്‌കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതിന് കൂട്ടുനിൽക്കാൻ ഒരു ജനപ്രതിനിധി എന്ന നിലക്ക് താങ്കൾക്ക് എങ്ങനെ സാധിക്കും?

തട്ടിപ്പ് ചികിത്സ വഴി ധനവാനായ ഒരു വ്യാജഡോക്ടറുടെ സാമ്പത്തിക ലാഭത്തിനായുള്ള നിയമലംഘനങ്ങളെ നിസ്സാരവൽക്കരിക്കുന്നതും അറിഞ്ഞുകൊണ്ട് പിന്തുണക്കുന്നതിലും എന്ത് ശരിയാണ് താങ്കൾ കാണുന്നത്?

*പോളിയോ എന്നൊരു രോഗമില്ലെന്നും, കുത്തിവയ്‌പ്പുകൾ കുട്ടികൾക്ക് കൊടുക്കരുതെന്നും പ്രതിരോധ വാക്‌സിനുകൾ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഗൂഢാലോചനയാണ്
തുടങ്ങി എല്ലാ രീതിയിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പറഞ്ഞു പരത്തി,ദേശീയ ആരോഗ്യ നയത്തിനെതിരെ വസ്തുതാവിരുദ്ധമായ കള്ളത്തരങ്ങൾ പറഞ്ഞ് ജനാരോഗ്യത്തിന് തുരങ്കം വയ്ക്കുന്ന ഒരാളെ പരസ്യമായി പിന്താങ്ങുന്നതിലെ അധാർമികത താങ്കൾ എന്ത്‌കൊണ്ട് കാണുന്നില്ല ?

*പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ഡിഫ്ത്തീരിയ, മീസിൽസ് തുടങ്ങി കുത്തിവയ്‌പ്പുകളാൽ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ച്‌നീക്കപ്പെട്ട പല രോഗങ്ങളും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരുക്കുന്ന വാർത്ത കേട്ടുകാണുമല്ലൊ. അതിനു ഏറ്റവും വലിയ കാരണമായി വിദഗ്ദ്ധർ പറയുന്നത് ജനങ്ങൾക്കിടയിൽ വക്‌സിനേഷൻ നിരക്ക് കുറയുന്നു എന്നതാണ്. തികച്ചും അശാസ്ത്രീയവും അപകടകരവും, വസ്തുതാവിരുദ്ധവുമായ നുണപ്രചരണം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും, ,ദേശീയ ഇമ്മ്യുണൈസേഷൻ പദ്ധതിക്ക് എതിരായി ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന വിവിധ പരിപാടികൾ നടത്തുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ,ഒരു സമൂഹത്തിന്റെ മുഴുവൻ ആരോഗ്യം അപകടപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യാജന്റെ പരിപാടി ഉദ്ഘാടനം ചെയ്യുക വഴി എന്ത് സന്ദേശം ആണ് താങ്കൾ ജനങ്ങൾക്ക് കൊടുക്കുന്നത്?

*പാരസെറ്റാമോൾ കൊണ്ടാണ് എലിപ്പനി വരുന്നതെന്നും, ഗ്യാസ് സ്റ്റവും ഹിന്റാലിയം പാത്രങ്ങളും കൊണ്ടാണ് ഡിഫ്ത്തീരിയ വരുന്നതെന്നും, രോഗാണുക്കൾ അല്ല രോഗം ഉണ്ടാക്കുന്നതെന്നും തുടങ്ങിയ മണ്ടത്തരങ്ങൾ പരസ്യമായി വിളിച്ച് പറയുന്ന ഒരാളെക്കൊണ്ട് ആരോഗ്യ ക്ലാസ്സ് എടുപ്പിക്കുന്നതിലെ വിരോധാഭാസം താങ്കൾക്ക് മനസ്സിലാവാതെ പോകുന്നത് എന്ത്‌കൊണ്ടാണ്?

*'രക്തദാനം മഹാദാനമെന്നും' ' ഓരൊ കുപ്പി രക്തവും രക്ഷിക്കുന്നത് ഓരോ ജീവനാണ്' എന്നും ഉള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങളും കാലങ്ങളായി ശ്രമിക്കുകയാണല്ലൊ , അങ്ങനെയിരിക്കെ രക്തദാനം ചെയ്യരുതെന്നും, രക്തദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത്, ജനദ്രോഹം നടത്തുന്ന ഒരാളെ എങ്ങെനെ പിന്താങ്ങാൻ കഴിയുന്നു താങ്കൾക്ക്?

*ഒരു ജനപ്രതിനിധി എന്നാൽ അങ്ങേക്ക് വോട്ട് ചെയ്തവരുടെ മാത്രം പ്രതിനിധി അല്ലാ , മുഴുവൻ ജനതയുടെയും പ്രതിനിധി അണെന്നിരിക്കെ , അവർ ഒരു തെറ്റ് ചെയ്യുമ്പോൾ തിരുത്തുന്നതിന് പകരം , വോട്ട് ചെയ്തവർ എന്ന പരിഗണനക്ക് പുറത്ത് അവരുടെ തെറ്റുകൾ ഏറ്റുപിടിച്ച് അവരെ പിന്താങ്ങുന്നതിലെ നൈതികത താങ്കൾ എന്ത്‌കൊണ്ട് കാണുന്നില്ല? ഒരു ജനപ്രതിനിധി തന്റെ സമ്മതിദായകന്മാരെ വെറും വോട്ടിന്റെ നമ്പർ ആയി അല്ലല്ലൊ കാണേണ്ടത്, തന്റെ അനുയായികൾ ചെയ്യുന്ന തെറ്റുകൾ തിരുത്തുവാൻ ഉള്ള ധാർമ്മിക ബാധ്യത കൂടി താങ്കൾക്ക് ഇല്ലെ? കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടുമെന്നു കരുതി ഒരു കപട ചികിത്സകനെ പിന്താങ്ങുകയും ന്യായീകരിക്കുകയും ചെയ്താൽ അത് താങ്കളെ ജയിപ്പിച്ച ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും.

*താങ്കൾ കൂറുപുലർത്തും എന്ന് പ്രതിജ്ഞ ചെയ്ത ഇന്ത്യൻ ഭരണഘടനയിലെ , ആർട്ടിക്കിൾ 51 A (h) ഇൽ പറയുന്നത്, ഒരോ പൗരന്റെയും ഉത്തരവാദിത്വം ആണ്
' to develop the scientific temper, humanism and the spirit of inquiry and reform' എന്നത് ,അതിനാൽ ശാസ്ത്രത്തിനും ശാസ്ത്രബോധത്തിനും എതിരെ ഘോരഘോരം പ്രസംഗിക്കുന്ന കപട ചികിത്സകന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് പിന്മാറണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അല്ലെങ്കിൽ ജേക്കബ് വടക്കഞ്ചേരി എന്ന തട്ടിപ്പ്കാരനെ പിന്തുണച്ച ചരിത്രം താങ്കളെ എന്നും പിന്തുടരുക തന്നെ ചെയ്യും.