തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകാത്ത കത്തോലിക്ക സഭയ്ക്ക് പണം നൽകില്ലെന്ന നിലപാടിലാണ് വിദേശത്തുള്ള നഴ്‌സുമാർ. ഇതോടെ പള്ളിവികാരിമാർക്കാണ് ശരിക്കും പണി കിട്ടിയത്. ഒരു നഴ്‌സെങ്കിലും വീട്ടിലുള്ളവർ പള്ളിക്ക് സംഭാവന നൽകാൻ മടിക്കുകയാണ്. അടുത്തിടെ പള്ളിവക ആശുപത്രി നിർമ്മിക്കാൻ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരി ഇട്ട കത്ത് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോൾ ആ കത്തിന് ഒരു വിശ്വാസി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി അഗസ്റ്റിൻ തെരുവത്ത് ആണ് സംഭാവന ആവശ്യപ്പെട്ട് വിശ്വാസികൾക്ക് കത്ത് നൽകിയത്. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അഭ്യർത്ഥന പ്രകാരം രൂപത ചേർപ്പുങ്കലിൽ നിർമ്മിക്കുന്ന ആശുപത്രിക്കായി നല്ലൊരു തുക സംഭാവന ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. സംഭാവന നൽകിയാൽ മാതാവ് നിങ്ങളെ അനുഗ്രഹിക്കുന്നും ഓർമ്മിപ്പിക്കുന്നുണ്ട്. ഇതിന് താഴെ മാതാവ് പ്രതീക്ഷിക്കുന്ന തുക 20,000 രൂപ ആണെന്നും വ്യക്തമാക്കിയിരിക്കുന്നു.

എന്നാൽ മാതാവിനോട് താൻ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ടെന്നും 500 രൂപ മതിയെന്ന് മാതാവ് പറഞ്ഞെന്നും പരിഹസിച്ച് വിശ്വാസിയുടെ കത്ത് പുറത്തു വന്നതോടെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ്. പള്ളിയിൽ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങൾ പറഞ്ഞുവെന്നാണ് വികാരിയച്ചനെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത്. മഴക്കാലമായതിനാൽ പണിയില്ലെന്നും വീട്ടിലെല്ലാവർക്കും പനിയാണെന്നും താൻ മാതാവിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

പലിശയ്ക്കെടുത്താണ് നിലവിൽ മരുന്നും വീട്ടുചെലവവും നടന്നു പോകുന്നത്. സർവോപരി പാലാക്കാരനായ താൻ എല്ലാവരെയും പോലെ പറമ്പീന്നു കിട്ടുന്ന കുറച്ച് റബ്ബർ ഷീറ്റും ഒട്ടുപാലും വിറ്റാണ് കുടുംബം പോറ്റുന്നത്. എന്നാൽ ഇത്തവണ റബ്ബറിന് പ്ലാസ്റ്റിക് ഇടാനുള്ളതുപോലും കിട്ടിയില്ല. റബ്ബറിന് വില കൂടുന്ന കാര്യം പുണ്യാളൻ മുഖേന മാതാവിനെ അറിയിച്ചിട്ടും ചർച്ചയിൽ തീരുമാനമായില്ല. ഇന്തോനേഷ്യയിൽ നിന്നുള്ള റബ്ബർ ഇറക്കുമതി കുറയണം എന്നാണ് പുണ്യാളൻ പറയുന്നത്. എന്നാൽ മോദിയോട് ഇക്കാര്യം നേരിട്ട് പറയാൻ മാതാവിന് ചമ്മലാണെന്നാണ് അറിയിച്ചത്. എന്തായാലും ശരിയാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

കൂടാതെ ബുദ്ധിമുട്ട് മനസിലാക്കിയ മാതാവ് ആശുപത്രി പണിയാൻ 500 രൂപ മതിയെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കത്തിൽ പറയുന്നു. കൂടാതെ പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം സമരം ചെയ്യുന്ന മാലാഖമാർക്ക് മാതാവും അവരും പ്രതീക്ഷിക്കുന്ന ശമ്പളം കൂടി നൽകുന്ന കാര്യം അച്ചനോട് സൂചിപ്പിക്കണമെന്നും മാതാവ് കത്തെഴുതിയ വിശ്വാസിയോട് മാതാവ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാമുപരി കുട്ടികളുടെ സ്‌കൂൾ ഫീസ് കുറയ്ക്കുന്ന കാര്യം മാനേജർ അച്ചനെ ഇന്നുരാത്രി സ്വപ്നത്തിലൂടെ അറിയിക്കാമെന്നും മാതാവ് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് വിശ്വാസിയുടെ കത്ത് അവസാനിപ്പിക്കുന്നത്. സഭയെ കളിയാക്കി കൊണ്ടുള്ള ഈ കത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.