തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അയൽക്കാരിയെന്ന് അവകാശപ്പെടുന്ന പെൺകുട്ടിയുടെ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സഹമന്ത്രിമാർക്കും എതിരെ ഉർന്ന ആരോപണങ്ങൾ അഞ്ജു പാർവതിയെന്ന ക്ലിഫ് ഹൗസിന് അടുത്ത് താമസക്കാരി കത്തിൽ അക്കമിട്ടു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം:

കേരളമുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

കോൺഗ്രസ്പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചുവളർന്നതിനാലും,ക്ലിഫ്ഹൗസ് എന്ന മന്ത്രിമന്ദിരത്തിന്റെ വളരെയടുത്ത അയൽക്കാരിയെന്നതിനാലും അച്ചുവെന്ന അങ്ങയുടെ പുത്രിയുടെ പരിചയക്കാരിയെന്നതിനാലും താങ്കളെ വളരെ ആദരവോടെയും ഇഷ്ടത്തോടെയുമാണ് കണ്ടിരുന്നത്..ഞങ്ങളുടെ കുടുംബവീടിനു മുന്നിലൂടെയുള്ള നിങ്ങളുടെ ദൈനംദിനയാത്രയിൽ എത്രയോവട്ടം നിങ്ങൾ എനിക്ക് പുഞ്ചിരിസമ്മാനിച്ചിട്ടുണ്ട്.പകരം ഞാനും കൈവീശികാട്ടിയിട്ടുണ്ട്..അന്നൊക്കെ ഞാൻ കരുതിയത് ആ പുഞ്ചിരി വരുന്നത് താങ്കളുടെ ഹൃദയത്തിൽനിന്നാണെന്നാണ്..

പൊതുസേവകന്റെ ജീവിതയാത്രയിലെ തിരക്കിനിടയിൽ മുടി മിനുക്കാൻ പോലും മറന്നുപോയ മുഖ്യൻ.പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്...ഇപ്പോൾ മനസ്സിലാക്കുന്നു ഒക്കെയും കള്ളത്തരങ്ങളായിരുന്നുവെന്ന നഗ്‌നസത്യം..അങ്ങയോളം പഴികേട്ട മറ്റൊരു ജനനേതാവ് കേരളത്തിൽ ഉണ്ടാകുമോ?അഴിമതിയുടെ കാര്യത്തിലായിരുന്നു അങ്ങ് മുന്നിൽ..അതിൽ അതിവേഗം ബഹുദൂരം മുന്നോട്ടുപോകാൻ അങ്ങേയ്ക്ക് കഴിഞ്ഞു..താങ്കളുടെ ഓഫിസുമായി ബന്ധമില്ലാത്ത ഒരു കേസെങ്കിലും കഴിഞ്ഞ നാലുകൊല്ലത്തിനിടയിൽ ഈ കൊച്ചുകേരളത്തിൽ ഉണ്ടായിട്ടുണ്ടോ??കസേരയ്ക്കു വേണ്ടിയുള്ള കിടമത്സരത്തിൽ താങ്കൾ ബലികൊടുത്തത് ഒരു നല്ല പ്രസ്ഥാനത്തെയും ആശയങ്ങളെയുമല്ലേ??നല്ലൊരു കേരളം സ്വപ്നംകണ്ട് നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും ഭരിക്കാനനുവദിച്ച പാവപ്പെട്ട വോട്ടർമാരുടെ ജനാധിപത്യവിശ്വാസത്തിന്റെ കടയ്ക്കലല്ലേ നിങ്ങൾ ആഞ്ഞുവെട്ടിയത്?

അഴിമതിയുടെ കറപുരളാത്ത ഒരാളെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ??സോളാറും ബാർലൈസൻസും ഒക്കെ ഒരുവിധം ഞങ്ങൾ മറന്നത് നിങ്ങൾ നന്നാവുമെന്ന് പ്രതീക്ഷിച്ചൊന്നുമല്ല. നിവൃത്തികേടുകൊണ്ടാണ്..ദേശീയഗെയിംസും കസേരവിവാദവും ലാലിസവും പൊറുത്തതും കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിപോകേണ്ടായെന്നു കരുതിതന്നെയാണ്...പക്ഷേ.....ഇനി അങ്ങനെയല്ല.

ഞങ്ങളുടെ മൗനത്തെ പ്രതികരണശേഷിയില്ലെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി...നിസാം എന്ന കൊടുംകുറ്റവാളിയുടെ കാര്യത്തിൽ ഞങ്ങൾ പൊറുക്കില്ല..അവനെ പോലൊരു വേട്ടനായയെ വച്ചുപൊറുപ്പിക്കില്ല ഞങ്ങൾ..ഇന്നലെ താങ്കളുടെ ഭരണകൂടം വെടിവച്ചുകൊന്ന പാവം കടുവയെ പോലെ ഇവനെയും വെടിവച്ചുകൊല്ലാൻ ഉത്തരവിടണം നിങ്ങൾ...നിങ്ങളുടെ ഓഫീസുമായി യാതൊരു വിധബന്ധവുമില്ലാത്തതുകൊണ്ടല്ലേ ആ സാധുമൃഗത്തിനു അതിന്റെ ജീവൻ നഷ്ടമായത്..

ആ ഹിമാറിനു കാപ്പ ചുമത്താൻ എന്തേ നിങ്ങൾ മടിക്കുന്നു??ലീഗുമുതലാളിയുടെ അപ്രീതി കിട്ടിയാൽ കസേരപോകുമെന്നു ഭയന്നിട്ടാണോ??അതോ മുതലാളിനായ്ക്കളുടെ പാദസേവ നിറുത്തിയാൽ ഉണ്ടാകുന്ന പൊല്ലാപ്പുകളുടെ പേരിലോ ഈ മൗനം??പതിനാറുകേസുകളിൽ നിന്നും ഇത്രപെട്ടെന്ന് മൂന്ന് കേസുകളിലേക്കുള്ള വീഴ്ച സാക്ഷാൽ മുതുകാട് പോലും നിങ്ങളിൽനിന്നും പഠിക്കേണ്ടിയിരിക്കുന്നു..ഒരുനേരത്തെ അഷ്ടിക്ക്,ഒരു നുള്ള് കഞ്ചാവ് വില്ക്കുന്ന പാവങ്ങൾക്ക് ഇരുമ്പഴിയും ക്രൂരമർദ്ദനവും ശിക്ഷയാകുമ്പോൾ പണക്കൊഴുപ്പിൽ ആടിത്തിമിർക്കുന്ന ഇവനെപോലുള്ള മയക്കുമരുന്ന് രാജാക്കന്മാർക്ക് സുഖചികിത്സ...

ഒരുനേരത്തെ വിശപ്പിനായി ഉടുതുണിയുരിയേണ്ടിവരുന്ന പാവം പെണ്ണുങ്ങൾക്ക് വേശ്യയെന്ന പട്ടവും പൊലീസ് പീഡനവും ഒരുവശത്ത് നടക്കുമ്പോൾ നിങ്ങളുടെ മറയിൽ കോടികൾ ശരീരവില്പനയിലൂടെ സമ്പാദിച്ചവർ സ്വപ്നസുന്ദരികളായി ചാനലുകൾ കയ്യടക്കുന്നു.പത്തുലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിനു നൽകേണ്ടത് ഞങ്ങളുടെ നികുതിപണത്തിൽ നിന്നുമല്ല.. പണത്തിന്റെ തിമിരിൽ ഒരു സാധുവിനെ നിഷ്‌ക്കരുണം കൊന്ന ആ കാട്ടുപന്നിയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി ആ കുടുംബത്തിനു നൽകണം.അല്ലാതെ പ്രഖ്യാപിക്കാൻ താങ്കൾ പുതുപ്പള്ളിയിൽ നിന്നും കൊണ്ടുവന്ന് പൊതുഖജനാവിൽ നിക്ഷേപിച്ചിട്ടില്ലല്ലോ കോടികൾ...

കാടിന്റെ മക്കളുടെ കണ്ണുനീർ ഒപ്പുവാൻ ശ്രമിച്ച ആദിത്യന്റെ അസ്തമയത്തോടെ തുടങ്ങി ഒരു പുതിയ പോരാട്ടത്തിന്റെ ഉദയം.. അവിടെ തുടങ്ങി നിങ്ങളുടെയും പാർട്ടിയുടെയും അസ്തമയം..ഇനി നിങ്ങൾക്ക് മാപ്പില്ല.മനുഷ്യത്വം അല്പമെങ്കിലും നിങ്ങളിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ. ഇനിയെങ്കിലും ഈ ചെറ്റയെ രക്ഷിക്കാൻ ശ്രമിക്കാതെ,നിയമത്തിനു മുന്നിൽ കൊണ്ടുവരിക.എങ്കിൽ വരും തലമുറ കസേരകളിക്കുമ്പോഴെങ്കിലും നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും ഓർക്കും... ഇതിന്റെ പേരിൽ എന്നെ മാവോയിസ്റ്റ് എന്നോ നക്‌സലൈറ്റ് എന്നോ വിളിച്ചാലും എനിക്ക് പരാതിയില്ല..