'ബഹുമാനപ്പെട്ട ' കേരള യൂണിവേഴ്‌സിറ്റി വി സിക്ക് സ്‌നേഹപൂർവ്വം...

ഫ്രാൻസിലെ ജനത വിശപ്പിന്റെ വിളിയുമായി കൊട്ടാര മുറ്റത്ത് തടിച്ചു കൂടിയ കഥ താങ്കൾ കേട്ടിരിക്കാനിടയില്ലെന്ന് എനിക്കറിയാം. ചരിത്രം നെയ്തു വച്ച ഉയിർപ്പിന്റെ കഥകൾ ഉള്ളിലുണ്ടായിരുന്നെങ്കിൽ താങ്കൾക്ക് ഒരിക്കലും ഇങ്ങനെയാവാൻ ആകുമായിരുന്നില്ല സർ. നല്ല ഭക്ഷണത്തിനായ് സമരം ചെയ്ത പെൺകുട്ടികളെ പേടിച്ച് ആഴ്‌ച്ചകളോളം കാര്യവട്ടം കാമ്പസ് അടച്ചിടാൻ താങ്കൾക്ക് ഉത്തരവിടാനാവുന്നത് ചരിത്രത്തിൽ നിന്നും താങ്കളൊന്നും പഠിക്കാത്തതിനാലാവണം.

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പഠിക്കാനെത്തിയ കുഞ്ഞുങ്ങൾ വൈകുന്നേരം 4 മണിക്ക് മുൻപ് ഹോസ്റ്റലൊഴിഞ്ഞ് വീട്ടിലേക്ക് മടങ്ങണമെന്ന് കാലത്ത് 10 മണിക്ക് ഫത്വ ഇറക്കാൻ താങ്കൾക്കാവുന്നതും മറ്റൊന്നും കൊണ്ടല്ല. ചരിത്രത്തിന്റെ കാലൊച്ചകൾ കേൾക്കാതെ വർത്തമാനകാലത്തെ ഭയപ്പെട്ടും ഭയപ്പെടുത്തിയും അതിജീവിക്കാൻ താങ്കൾ കഴിഞ്ഞ കുറേ വർഷങ്ങളായ് നടത്തുന്ന ശ്രമം കാണുമ്പോൾ വല്ലാത്ത സഹതാപം തോന്നിപോകുന്നു. ഭൂമിയിലെ എല്ലാ ഏകാധിപതികളും അങ്ങയെ പോലെ. ആസനത്തിന് തീപിടിക്കുവോളം സിംഹാസനം കത്തിയമരുകയാണെന്ന് അവർ അറിഞ്ഞിരുന്നതേയില്ല.

ഗ്രില്ലും പൊലീസും കാവൽ നിൽക്കുന്ന അധികാരാന്ധതയുടെ ചേംബറിൽ അങ്ങ് സുഖമായുറങ്ങുക. ഉറക്കം മുറിക്കാൻ ശ്രമിക്കുന്ന ഒരീച്ചയെ പോലും വാൾവീശി നിശബ്ദമാക്കുക. സമരം ചെയ്ത ഗവേഷകരെ പുറത്താക്കിയതു പോലെ താങ്കൾ ഹോസ്റ്റലിൽ സമരം ചെയ്ത പെൺകുട്ടികളെയും പുറത്താക്കുക. ഒരു നല്ല ഭരണാധികാരിയോ അദ്ധ്യാപകനോ അല്ല എന്നതിനെക്കാൾ ഭയപ്പെടുത്തുന്നത് ഒരു നല്ല മനുഷ്യൻ പോലും താങ്കളിലില്ല എന്നതാണ്.

അതു കൊണ്ടാണ് പെൺകുട്ടികളെ തെരുവിലേക്കിറക്കി ഹോസ്റ്റൽ പൂട്ടാൻ താങ്കൾക്ക് തോന്നുന്നത്. യൂണിവേഴ്‌സിറ്റിക്കു മുന്നിൽ ,ആയിരക്കണക്കിനു കുട്ടികൾ താങ്കൾ നടത്തിയ ലജ്ജിപ്പിക്കുന്ന അദ്ധ്യാപക നിയമനത്തിനെതിരെ സമരം ചെയ്യുകയാണ്. സഹതാപം തോന്നുന്നു സർ. അനർഹയായ ഒരു ഉദ്യോഗാർത്ഥിക്ക് അദ്ധ്യാപക നിയമന ഇന്റർവ്യുവിൽ ഇല്ലാത്ത രണ്ടാം പി.ജിയുടെയും നാഷണൽ അവാർഡിന്റെയും പി.എച്ച്.ഡി. ഇല്ലാഞ്ഞിട്ടു പോലും പി.ഡി.എഫിന്റെയും മാർക്ക് ദാനം നൽകാൻ തയ്യാറായ അങ്ങയുടെ 'വിശാല ' ഹൃദയത്തിന് എതിരെയാണവർ സമരം ചെയ്യുന്നത്.

പരീക്ഷകളിൽ ചെറിയ കളവുകൾ കാട്ടുന്ന കുട്ടികളെ പോലും താങ്കൾ ഡി ബാർ ചെയ്യാറുണ്ടല്ലോ. ഒന്നാലോചിച്ചു നോക്കു. വലിയ സ്ഥാനങ്ങളിലിരുന്ന് വലിയ കള്ളങ്ങൾ കാണിച്ചിട്ടും ഡി ബാർ ചെയ്യപ്പെടാത്തവരാൽ നയിക്കപ്പെടുന്ന യുണിവേഴ്‌സിറ്റിയിൽ ചെറിയ തെറ്റുകൾ ചെയ്യുന്ന കുഞ്ഞുങ്ങൾ മാത്രമാണ് അയോഗ്യരാക്കപ്പെടുന്നത്. എന്തൊരു അശ്ലീലമാണ് സർ ഇത്.

യൂണിവേഴ്‌സിറ്റി വി സിക്കെതിരെ അദ്ധ്യാപക അഴിമതിയുടെ പേരിൽ സമരം ചെയ്യുന്ന കുട്ടികളുടെ ഉള്ളിൽ താങ്കളുടെ ഇടം എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ. എത്ര ജനാധിപത്യ വിരുദ്ധമായാണ് താങ്കൾ സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത്. സത്യമാണ് ,ഏറ്റവും നല്ല ചികിത്സ എന്നോർമ്മിപ്പിച്ച മാർക്‌സിനെ താങ്കൾക്ക് അൽപവും അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു നല്ല ഭരണാധികാരി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ സത്യം കൊണ്ടാണ്, ലാത്തി കൊണ്ടല്ല നേരിടേണ്ടത്.

ലാത്തിയെക്കാൾ കരുത്തുണ്ട് സത്യത്തിന്. സത്യമില്ലെങ്കിൽ ലാത്തിയും സസ്‌പെൻഷനുമേ ഏതു പൊന്നുതമ്പുരാനും അഭയമാവൂ. സിൻഡിക്കേറ്റ് അടക്കമുള്ള ജനാധിപത്യ വേദികൾ നിയമന അഴിമതിക്കെതിരെ സ്വീകരിച്ച നടപടികളെ പോലും എത്രമേൽ അസഹിഷ്ണുതയോടെയാണ് താങ്കൾ കാണുന്നത്. ഡോക്റ്ററേറ്റുള്ള മോദിയെന്ന്/ കേരളത്തനിമയുള്ള അപ്പാ റാവുവെന്ന് ചരിത്രം താങ്കളെ പരിഹസിക്കാതിരിക്കട്ടെ.

നോക്കൂ സർ, മോദിയെയും താങ്കളെയും പോലെ എതിരൊച്ചകളെ, ചോദ്യം ചോദിക്കുന്ന മനുഷ്യരെ ഭയപ്പെടുന്നവർ പാസ് മാർക്ക് വാങ്ങി ഒരു പക്ഷേ വർത്തമാനകാലത്തെ ജയിച്ചേക്കാം. പക്ഷേ, ചരിത്രത്തിൽ നിങ്ങൾ സ്വയം തോറ്റു പോയ കുള്ളന്മാരായ് അവരോധിക്കപ്പെടും. എനിക്കതിൽ സങ്കടമുണ്ട്. എങ്കിലും അതൊരു അനിവാര്യതയാണ്. സർ സിപി യുടെ കാലത്തായിരുന്നെങ്കിൽ മികച്ചൊരു ഭരണാധികാരിയായ് താങ്കൾ വാഴ്‌ത്തപ്പെട്ടേനെ. പക്ഷേ, കാലം മാറിയില്ലേ സർ. ജനാധിപത്യത്തിന്റെ ഭാഷ മൻകിബാത്തിന്റേതല്ല. സസ്‌പെൻഷനുകളുടേതുമല്ല. ഫ്രാൻസിലേക്ക് വരാം സർ. ചരിത്രത്തിലേക്ക്.

കൊട്ടാര മുറ്റത്ത് വിശന്ന് നിലവിളിച്ച 'തെണ്ടി' കളെ (സമരം ചെയ്യുന്ന നിസ്വരായ മനുഷ്യരെ അഭിസംബോധന ചെയാൻ ഈ ഒരൊറ്റ പദം മാത്രമല്ലേ ഏകാധിപത്യത്തിന് വശമുള്ളു എക്കാലത്തും) മട്ടുപ്പാവിൽ നിന്ന് നോക്കി ലൂയി പതിനാറാമൻ വിളിച്ചു ചോദിക്കുന്നു.
'നിങ്ങൾക്കെന്ത് വേണം'...'വിശക്കുന്നു. റൊട്ടി വേണം.' താഴെ നിന്ന് ആയിരങ്ങൾ നിലവിളിച്ചു.

ആൾക്കൂട്ടത്തിന്റെ നേതാക്കന്മാരായിരുന്ന രണ്ട് ചെറുപ്പക്കാരെ രാജാവ് സന്തോഷത്തോടെ കൊട്ടാരത്തിനുള്ളിലേക്ക് ക്ഷണിച്ചു.സമയം കടന്നു പോയി. മട്ടുപാവിൽ വീണ്ടും രാജാവിന്റെ മുഖം കണ്ടപ്പോൾ ജനങ്ങൾ വിശന്നു നിലവിളിച്ചു. 'നിങ്ങൾക്ക് ആഹാരം വേണ്ടേ'... 'വേണം'

മട്ടുപ്പാവിൽ നിന്ന് സ്വർണ്ണതളികയിൽ വച്ച രണ്ടു ചോര കിനിയുന്ന ശിരസ്സുകൾ ജനങ്ങൾക്കുനേരെ വീശിയെറിഞ്ഞ് ലൂയി പതിനാറാമൻ വാതിലടച്ചു. സമരത്തിന് നേത്യത്വം നൽകിയ രണ്ടു പേരുടെ തലകളായിരുന്നു അത് . നേതാക്കന്മാർ കൊല്ലപ്പെട്ടിട്ടും സമരം തീർന്നില്ല. അടഞ്ഞ വാതിൽ തള്ളി തുറന്ന് ഫ്രഞ്ച് വിപ്ലവം ലൂയി പതിനാറാമനെ ചരിത്രത്തിന്റെ ചതുപ്പുകളിലേക്ക് വലിച്ചെറിഞ്ഞു.

എവിടെയാണിന്ന് ലൂയി പതിനാറാമൻ? ഹിറ്റ്‌ലർ? ഈദി അമ്ൻ? ചരിത്രം നിശബ്ദമാക്കലിന്റെതല്ല. നിശബ്ദമാക്കിയവരുടേതുമല്ല. പ്രിയപ്പെട്ട സർ, ഒടുക്കം എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും. എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും. വെളിച്ചം കടക്കാത്ത അറകളിലൂടെ സുൽത്താന്മാർ ഒളിച്ചോടും. ഉറക്കച്ചടവില്ലാത്ത കണ്ണുകളോടെ വരാനിരിക്കുന്ന ജനാധിപത്യ കാലത്തിന്റെ കുട്ടികൾ ഇതെല്ലാം കൗതുകപൂർവ്വം നോക്കികാണും. കാരണം, നിങ്ങൾക്കൊരിക്കലും ചോദ്യം ചോദിക്കുന്ന നാവുകളെ പൂർണ്ണമായും വേരു പൊട്ടിക്കാനാവില്ല. ഒരിക്കലുമാവില്ല...

സർ, കേരള യൂണിവേഴ്‌സിറ്റി ഒരു ഏകാധിപത്യ രാജ്യമല്ല. ഇവിടുത്തെ ബോധമുള്ള അദ്ധ്യാപക, വിദ്യാർത്ഥി സമൂഹം വിനയവിധേയരായ തൊമ്മി കൂട്ടങ്ങളുമല്ല. ഫെബ്രുവരി 22 ന് തല കുനിച്ച്, ഒരൊറ്റ നല്ല വാക്കു പോലും തുണയില്ലാതെ താങ്കൾ പടിയിറങ്ങുമ്പോൾ തോറ്റു പോകുന്നത് താങ്കൾ മാത്രമല്ല. ഭൂമിയിൽ പിറക്കാനിരിക്കുന്ന ഏകാധിപതികൾ കൂടിയാവണം..

#ഭയപ്പെടാത്തവർക്കൊപ്പം
#എണ്ണത്തിൽ കുറവായിട്ടും തോറ്റു കൊടുക്കാതെ നട്ടെല്ലുയർത്തി നിന്ന മിടുമിടുക്കികൾക്കൊപ്പം

(കേരളാ സർവകലാശാലാ ക്യാമ്പസിലെ ഗവേഷക വിദ്യാർത്ഥി വൈസ്ചാൻസിലർക്ക് എഴുതിയ തുറന്ന കത്ത്. പൊളിറ്റിക്കൽ സയൻസിലെ ഗവേഷക വിദ്യാർത്ഥിയായ നൗഫൽ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ)