ഹുമാനപെട്ട M B രാജേഷ് പറയാതെ വയ്യ ശ്രീ രാജേഷ്. ഒരു ഷെയർ ചെയ്ത FB പോസ്റ്റിൽ താങ്കളുടെ എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള പരാമർശം കണ്ടു. അത് കണ്ടപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. എന്നാലും അത് വ്യാജമാണോ എന്ന് നോക്കാൻ താങ്കളുടെ FB അക്കൗണ്ടിൽ നോക്കിയപ്പോൾ എപിജെ അബ്ദുൾകലാമിനെ കുറിച്ച് കണ്ട താങ്കളുടെ പരാമർശം താങ്കളുടേത് തന്നെയാണെന്ന് ഉറപ്പിച്ചു. അതിനോടൊപ്പം വളരെ കൗതുകമുണർത്തുന്ന മറ്റൊരു പോസ്റ്റും കണ്ടു അട്ടപ്പാടി ആദിവാസി വിഷയത്തിൽ തങ്ങളുടെ FB പോസ്റ്റ്.

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയെ താങ്കൾ താങ്കളുടെ FB പോസ്റ്റിൽ വിശേഷിപ്പിച്ചത് മിസൈൽ എൻജിനീർ എന്നുപറഞ്ഞാണ്. ആകാശത്തേക്ക് വാണം വിട്ടു കളിക്കുന്നവർ എന്ന് താങ്കളുടെ പാർട്ടിയിലെ അണികൾ വിശേഷിപ്പിക്കുന്നതുപോലെ വിശേഷിപ്പിച്ചില്ലെങ്കിലും താങ്കളും അതുതന്നെയാണ് പറയാതെ പറയുന്നത്.

ആ മിസൈൽ എഞ്ചിനീയരെ തെറി പറയാൻ അമേരിക്കൻ നിർമ്മിത ടാബും യഹൂദന്റെ സൃഷ്ടിയായ ഫേസ്‌ബുക്കും ഉപയോഗിക്കുമ്പോൾ ഒന്നോർക്കണം Mr. രാജേഷ്, ആ മിസൈൽ എഞ്ചിനീയർ യുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യ വിക്ഷേപിച്ച കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ൽ നിന്നുള്ള സിഗ്‌നൽ ഉപയോഗോച്ചാണ് താങ്കളും താങ്കളുടെ അണികളും അദ്ദേഹത്തെ അധിഷിപ്പിക്കുന്നതു എന്ന്.
എപിജെ അബ്ദുൽ കാലം തങ്ങൾക്കും താങ്കളുടെ പാർട്ടിക്കും വെറും ഒരു മിസൈൽ എഞ്ചിനീയർ മാത്രമായിരിക്കും. പക്ഷെ ഇന്ത്യൻ ജനതയ്ക്ക് അങ്ങനെയല്ല Mr. രാജേഷ്, ലോകജനതക്കും അങ്ങനെയെല്ലാ Mr.രാജേഷ്. താങ്കളുടെ കണ്ണിൽ എപിജെ അബ്ദുൾ കാലം ഒരു രാജ്യ സ്‌നേഹി. രാജ്യ സ്‌നേഹം എന്ന് പറയുന്നത് താങ്കളുടെ കണ്ണുകളിൽ വലിയ അപരാധമാണല്ലോ. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ പോലും ഇന്ത്യ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ച ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവ് ആ നിലവാരം വെച്ച് പുലർത്തുന്നതിൽ അത്ഭുദമൊന്നുമില്ല. ചെറുപ്പത്തിലേ ദാരിദ്ര്യം പ്രസംഗിക്കുന്ന വേലയും കൂലിയുമില്ലാത്ത നിങ്ങളുടെ നേതാക്കന്മാരുടെ മക്കളൊക്കെ ബൂർഷ്വാ എന്ന് നിങ്ങൾ വിളിക്കുന്ന അമേരിക്കയിലൊക്കെ പഠിക്കാനും ബൂർഷ്വാ കമ്പനികളിൽ ജോലി ചെയ്യാനും പോകുമ്പോൾ ഒരു സാധാരണക്കാരന്റെ മകനായി ജനിച്ചു സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ ജീവിച്ചു കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം വരെ എത്തിയ അബ്ദുൾകലാം എന്ന രാജ്യസ്‌നേഹിയായ മനുഷ്യനോട് നിങ്ങൾക്കുണ്ടാകുന്ന അസഹിഷ്ണുത എന്താണെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.

മുസ്ലിം മതവിശ്വാസിയായാൽ ബിജെപി യുടെ നയങ്ങളെ പിന്തുണക്കമോ അല്ലെ രാജേഷ്? ബിജെപി യുടെ രാഷ്ട്രപതി സ്ഥാനാര്ഥിയാകാമോ അല്ലെ രാജേഷ്? എപിജെ അബ്ദുൾ കലാമിന് സ്വന്തം കാര്യം നോക്കി അമേരിക്കയിലോ മറ്റോ പോയി കോടിക്കണക്കിനു ശമ്പളം കിട്ടുന്ന ജോലി ചെയ്യാമായിരുന്നു രാജേഷ്. അദ്ദേഹത്തിന് എത്ര വലിയ പദവികളും കിട്ടുമായിരുന്നു. ഇന്ത്യ ഒരു വികസിത രാജ്യമാകണമെന്നു സ്വപനം കണ്ടു അതിനുവേണ്ടി ഇന്ത്യ 2020 എന്ന ലക്ഷ്യത്തെ മുൻനിർത്തി അതിനായി തന്റെ ജീവിതം തന്നെ രാജ്യത്തിനായി മാറ്റിവെച്ച എപിജെ അബ്ദുൽകലാം ഇന്ത്യക്കാർക്ക് വെറും ഒരു മിസൈൽ എഞ്ചിനീയർ അല്ല രാജേഷ്. ഇന്ത്യ രാജ്യം വികസനത്തിന്റെ പാതയിൽ സഞ്ചരിച്ചാൽ അത് നിങ്ങളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുമല്ലോ അല്ലെ രാജേഷ്. അപ്പോൾ തീർച്ചയായും ഇന്ത്യ ഒരു വികസിത രാജ്യമാകണമെന്നു സ്വപനം കണ്ടു രാജ്യത്തെ അതിലേക്കു നയിക്കാൻ ശ്രമിക്കുന്നവരെ ഇകഴ്‌ത്തി ചിത്രീകരിക്കുക തന്നെ വേണം.

താങ്കൾ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. നരേന്ദ്രസിങ് തോമർ താങ്കൾക്കെഴുതിയ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. ആ കത്തിൽ താങ്കൾ സൻസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ താങ്കൾ ദത്തെടുത്ത അട്ടപ്പാടിയിലെ പുതൂർ ഗ്രാമപഞ്ചായത്തിൽ താങ്കൾ നടത്തിയ വികസന പ്രവർത്തങ്ങൾ കേന്ദ്ര മന്ത്രി അഭിന്ദിച്ചു എന്ന് പറയുന്നു. ഒരു ജനപ്രതിനിധിയോടു മാന്യമായ ഭാഷയിലെ ഇടപെടാവൂ എന്നുണ്ടെങ്കിലും ഇതൊക്കെ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ രാജേഷ്. താങ്കൾക്ക് ഉളിപ്പു എന്നൊന്നുണ്ടോ? 8 ആദിവാസി കുട്ടികളാണ് ഈ വര്ഷം അട്ടപ്പാടിയിൽ പോഷകാഹാരക്കുറവും മറ്റും മൂലം മരണപ്പെട്ടത്. കേന്ദ്ര മന്ത്രിയുടെ ആ കത്തിന്റെ ഓരോ കോപ്പി ആ മരണപ്പെട്ട കുട്ടികളുടെ വീട്ടിൽ കൊടുക്കണം രാജേഷ്, അവരും അറിയട്ടെ താങ്കളുടെ കാര്യക്ഷമത.

ഈ സൻസദ് ആദർശ് ഗ്രാമ യോജന പ്രകാരം ഗ്രാമങ്ങളെ ദത്തെടുത്തു വികസനപ്രവർത്തങ്ങൾ നടത്തുന്നത് MB രാജേഷ് മാത്രമല്ല. ഇന്ത്യയിലെ 790 എംപി മാരുടെയും മണ്ഡലങ്ങളിൽ ഇതേ കേന്ദ്ര പദ്ധതി നടപ്പിലാക്കുന്നുണ്ട്. എല്ലാ എംപി മാർക്കും ഇതേപോലുള്ള കത്തുകൾ ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ഗ്രാമവികസന മന്ത്രായലയത്തിൽ നിന്ന് ലഭിക്കുകയും ചെയ്യും. ഇതേ കേന്ദ്ര പദ്ധതി പ്രകാരം സച്ചിൻ ടെണ്ടുല്ക്കര്, എംപി എന്ന നിലയിൽ തിരഞ്ഞെടുത്ത ആന്ധ്രയിലെ ഒരു കുഗ്രാമത്തിലെ വികസനപ്രവർത്തങ്ങൾ ഒന്ന് ഗൂഗിൾ ചെയ്താൽ ലഭ്യമാകും. അപ്പോൾ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്ന് സച്ചിന് എത്ര കത്തുകൾ ലഭിച്ചു കാണും? പട്ടിണിയും പോഷകാഹാരക്കുറവും മൂലം കുട്ടികൾ മരിക്കുമ്പോൾ കേന്ദ്ര മന്ത്രിയുടെ കത്തെടുത്തു പോസ്റ്റ് ചെയ്യാൻ നാണമില്ലേ രാജേഷ് നിങ്ങള്ക്ക്? എത്രനാൾ നിങ്ങൾ ജനതയെ ഇങ്ങനെ പറ്റിക്കും രാജേഷ്? 2014 ൽ അട്ടപ്പാടി വിഷയത്തിൽ താങ്കൾ നിരാഹാര സമരം നടത്തിയതോർക്കുന്നുണ്ടോ? അന്ന് താങ്കൾ പറഞ്ഞ ഒരു വാചകം അന്ന് സംസ്ഥാനം ഭരിച്ചിരുന്ന യുഡിഫ് സർക്കാരിന്റെ 'criminal neglect' ആണ് അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്കു കാരണം എന്നായിരുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതു സർക്കാരിന്റെ 'criminal neglect' അല്ലെ രാജേഷ് അട്ടപ്പാടിയിലെ ശിശു മരണങ്ങളിലൂടെ വെളിപ്പെടുന്നത്?

എന്താ Mr. രാജേഷ്, കേരളം ഭരിക്കുന്നവരുടെ 'criminal neglect' ചൂണ്ടികാണിച്ചു ഒരു നിരാഹാര സമരം കൂടി നടത്താൻ പറ്റുമോ? താങ്കൾ PESA Act (1996) Panchayats (Extension to the Scheduled Areas) Act , എന്നതിനെക്കുറിച്ചും കേൾക്കാതിരിക്കാൻ വഴിയില്ല. നമ്മുടെ രാജ്യത്തെ ആദിവാസികളെ എല്ലാ ചൂഷങ്ങളിൽ നിന്നും മോചിപ്പിക്കാൻ കേന്ദ്ര സർക്കർ 1996 ൽ കൊണ്ടുവന്ന നിയമമാണ് PESA. കേരളത്തിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമങ്ങളിൽ ഈ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യത്തിന് ഈ നിയമം പാസ്സാക്കിയ 1996 മുതലേ പഴക്കം ഉണ്ട് . UDF സസ്യക്കറിന്റെ അവസാനകാലത്തു കേരളത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലകളിൽ PESA ACT നടപ്പിലാക്കണം എന്ന് തീരുമാനിച്ചിരുന്നു . അതിനായി അവർ കേന്ദ്ര അനുമതിക്കായി കത്തും നൽകിയിരുന്നു എന്നാണ് മനസിലാക്കുന്നത് . പക്ഷെ ഇതുവരെ അത് പ്രവർത്തികമായിട്ടില്ല . PESA ACT നടപ്പിൽ വന്നാൽ ആദിവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ചൂഷണങ്ങളിൽ നിന്ന് വലിയ അളവ് ആശ്വാസം ലഭിക്കും എന്ന് മാത്രമല്ല അവർക്കു അവരുടെ ഊരുകളിൽ സ്വയം ഭരണത്തിനുള്ള അവക്ഷം ഉണ്ടാകുകയും ചെയ്യും . ഈ PESA ACT അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നടപ്പാക്കിയാൽ തന്നെ ആദിവാസികൾ ഇന്ന് നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും തീരും രാജേഷ് . PESA ACT നടപ്പാക്കാതിരിക്കാനുള്ള മുഖ്യ കാരണം ഇപ്പോൾ ആദിവാസി ക്ഷേമത്തിന് കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിനു രൂപ അടിച്ചുമാറ്റുന്ന പതിവ് പരിപാടിക്ക് തടസ്സം ഉണ്ടാകും എന്നതുതന്നെയാണ് .

ഈ PESA ആക്ട് നടപ്പാക്കണമെന്നും പറഞ്ഞു താങ്കൾക്ക് ഒരു നിരാഹാര സമരം നടത്താൻ പറ്റുമോ? ഉത്തരേന്ത്യയിലെ അസഹിഷ്ണുത എന്നൊക്കെ ചാനൽ ചർച്ചകളിൽ വന്നിരുന്നു പൊട്ടിത്തെറിക്കുന്ന രാജേഷിനു യഥാർത്ഥ അസഹിഷ്ണുത കാണണമെങ്കിൽ കേരളത്തിലെ പിണറായി സർക്കാരിനെ വിമർശിച്ചു ഒരു ബ്ലോഗ് എഴുതിയ ആരോടെങ്കിലും ചോദിച്ചാൽ മതി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന താങ്കൾ ആദ്യം സ്വന്തം നേതാക്കന്മാരോടും അണികളോടും പറയണം ഈ രാജ്യത്തു ആർക്കും ഭരണഘടനാ അനുശ്വസിക്കുന്ന രീതിയിൽ വിമർശിക്കാൻ അവകാശമുണ്ട് എന്ന്.
നിങ്ങളുടെ പാർട്ടിയ്‌ക്കെതിരെ ഒരു ബ്ലോഗെഴുതിയാൽ അപ്പോൾ തീരും നിങ്ങളുടെ ഈ സഹിഷ്ണുതയും, ആവിഷ്‌ക്കാര സ്വാതന്ത്ര്യ മുറവിളിയും. കേരളത്തിൽ സ്വതന്ത്രമായി ചിന്തിക്കുന്നവർ പോലും എന്തെഴുതണം, എങ്ങനെ എഴുതണം എന്ന് വരെ തീരുമാനിക്കുന്നത് നിങ്ങളുടെ തന്നെ കൂടെയുള്ളവരാണ് രാജേഷ്. ആദ്യം നിങ്ങളുടെ ഭരണം ഉള്ള കേരളത്തിൽ സഹിഷ്ണുതയും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ഉണ്ടാകട്ടെ എന്നിട്ടു ഉത്തരേന്ത്യയിലെ അസഹിഷ്ണുതക്കെതിരെ തൊണ്ടപൊട്ടി കീറാം.

വലിയ ദളിത് സ്‌നേഹം പറയുന്ന രാജേഷിന്റെ പാർട്ടിയുടെ തലപ്പത്തു, എന്തിനു പോളിറ് ബ്യൂറോ യിൽ എത്ര ദലിതുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്? സ്വന്തം പാർട്ടി ഭരിക്കുന്ന കേരളത്തിൽ സ്വന്തം പാർട്ടി ഭരണം കയ്യാളുന്ന പഞ്ചായത്തിൽ നിന്നാണ് ഇപ്പോഴും ജാതിയുടെ പേരിലുള്ള അയിത്തത്തിന്റെ വാർത്തകൾ പുറത്തു വരുന്നത് രാജേഷ്. ഉത്തരേന്ത്യയിലെ ദലിതുകൾ അനുഭവിക്കുന്ന വിവേചനകളും പീഡനങ്ങളും ഓർത്തു വിലപിക്കുന്ന രാജേഷ് കേരളത്തിലെ പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം എന്ന സ്ഥലത്തു ചാക്കിലിയാസ് എന്ന ദളിത് സമൂഹം അനുഭവിക്കുന്ന വിവേചനകൾ കണ്ടില്ല എന്ന് നടിക്കുന്നു.

രാജേഷ് എപ്പോഴും ഗുജറാത്തിലേക്കും, ഉത്തർ പ്രാദേശിലേക്കും,ബിഹാറിലേക്കും നോക്കിയിരിക്കുകയാണ്. അവിടുത്തെ കാര്യങ്ങളെ കുറിച്ചാണ് രാജേഷിനു ഉൽകണ്ഠ. കേരളത്തിൽ നടക്കുന്ന അരാജകത്വത്തിന്റെയും തേർവാഴ്ചയുടെയും കാര്യങ്ങൾ രാജേഷ് അറിയാതെ പോകുന്നു. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് വരണം Mr. രാജേഷ്. തിരുവനതപുരം സെക്രട്ടേറിയറ്റ് നു മുമ്പിൽ സമരം ചെയ്യുന്നവരെ ഇടക്കൊന്നു പോയി കാണണം രാജേഷ് . സരോജിനി എന്ന് പേരുള്ള ഒരു വയോധിക 10 വർഷമായി കേരളത്തിന്റെ സെക്രെട്ടറിയേറ്റിനു മുമ്പിൽ സമരം ചെയ്യുകയാണ്. എന്തിനാണെന്നറിയാമോ? തലചായ്ക്കാൻ ഒരു വീടിനുവേണ്ടി.

ഒരു തുണ്ടു കൃഷി ഭൂമിക്കായി അരിപ്പയിൽ നിന്നുള്ള ആദിവാസികൾ 100 ദിവസങ്ങൾക്കു മേലെയായി സെക്രെട്ടറിയേറ്റിനു മുമ്പിൽ സമരം ചെയ്യുകയാണ് രാജേഷ്. മൂന്നാറിലൊക്കെ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി കയ്യേറി വെച്ചിരിക്കുന്നവർക്കു ഓശാനപെടുന്ന സർക്കാർ ഇവിടെയുണ്ട്എന്നോർക്കണം. ഉത്തരേന്ത്യയിലെ ജനകീയ സമരങ്ങൾ കണ്ടാൽ പറന്നു പോയി ആ സമരങ്ങളോട് അനുഭവം പ്രകടിപ്പിക്കുന്ന രാജേഷ് പുതു വൈപ്പിനിൽ സ്ത്രീകളും കുട്ടികളും നടത്തുന്ന ചെറുത്തുനില്പിനെ കണ്ടില്ല എന്ന് നടിക്കരുത്. സമരം ശരിയോ തെറ്റോ എന്നതവിടെ നിൽക്കട്ടെ. സമരം ചെയ്ത സ്ത്രീകൾക്ക് പ്രാഥമീക ആവശ്യങ്ങൾപോലും നിർവഹിക്കാൻ അനുവദിക്കാത്ത ഒരു ഭരണകൂടമാണ് കേരളത്തിലേതെന്നു പറയാൻ ലജ്ജയുണ്ട് രാജേഷ്. മിനിമം കൂലി 18000 രൂപയും പെൻഷൻ 3000 ഉം ആക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷും കൂട്ടരും ദേശീയ ഹർത്താൽ കേരളത്തിൽ ആഘോഷിച്ചിട്ടു അധികം കാലമായില്ല എന്നറിയാമല്ലോ . കേരളത്തിൽ നഴ്‌സുമാർ പണിമുടക്കുകയാണ് രാജേഷ്. അവർക്കു കിട്ടുന്നത് വെറും 5000 രൂപ വരെയാണ്. കശുവണ്ടി തൊഴിലാളികൾക്കും കയർ തൊഴിലാളികളാക്കും ഒക്കെ എത്ര രൂപയാണ് കിട്ടുന്നതെന്നു രാജേഷിനറിയാമായിരിക്കും അല്ലെ .

മുത്തൂറ്റ് പോലുള്ള സ്ഥാപങ്ങൾ ജങ്ങളെ പിഴിഞ്ഞ് നടത്തുന്ന കൊള്ളകൾ കേരളത്തിൽ പൊടി പിടിക്കുമ്പോൾ എല്ലാത്തിനും മൂക സാക്ഷിയായി ഇരിക്കണം രാജേഷ്.
ഇന്നലെ ഞാൻ ഒരു മരണവീട്ടിൽ പോയി. 38 വയസുള്ള ഒരു ചേച്ചി പനി ബാധിച്ചു മരണത്തിനു കീഴടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചെലവായത് ലക്ഷങ്ങളാണ് രാജേഷ്. ആ കുടുംബത്തിന്റെ എല്ലാ സമ്പാദ്യവും ആശുപത്രിയിൽ ചെലവായി. ഈ ചൂഷണങ്ങളും കേരളത്തിൽ തന്നെയാണ് രാജേഷ് നടക്കുന്നത്.
ഇത് വായിക്കുന്നവർ ചോദിക്കും രാജേഷ് ആണോ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന്? ഉത്തരേന്ത്യയിലെ മുഴുവൻ സംസ്ഥാങ്ങളുടെയും ഭരിച്ച ''ഉത്തരവാദിത്വം'' വഹിക്കുന്ന രാജേഷ് കേരളത്തിൽ നടക്കുന്നത് കാണാതെ പോകുന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. കേരളം ഇപ്പോൾ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു രാജേഷ് എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കും. അട്ടപ്പാടിയിലെ ശിശുമരങ്ങൾ ഉൾപ്പെടെ. ഇപ്പോൾ കേരളം ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നെങ്കിൽ ആ ഉത്തരവാദിത്വം കോൺഗ്രസ് സർക്കാരിനും വീതിച്ചു നൽകിയേനെ. എന്തായാലും കേരളത്തിൽ എന്തുനടന്നാലും ഉത്തരവാദിത്വം എപ്പോഴും കേന്ദ്ര സർക്കാറിനായിരിക്കും. എന്ത് ചോദിച്ചാലും പറയും കേന്ദ്രം ഒന്നും നൽകിയില്ല, കേന്ദ്രം കേരളത്തെ അവഗണിച്ചു എന്ന്. നിങ്ങൾ അടുത്ത തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുമ്പോഴും നിങ്ങൾ പറയും കേന്ദ്രം ഒന്നും തന്നില്ല എന്ന്. നിങ്ങളുടെ പാർട്ടി ഒരിക്കലും ഇന്ത്യ ഭരിക്കില്ല. ചുമ്മാ ഇരുന്നു കേന്ദ്രം ഒന്നും തരുന്നില്ല എന്ന് തൊണ്ടപൊട്ടി കീറാനും, കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ കൊടിയും പിടിച്ചു സമരം ചെയ്യാനുമെ നിങ്ങൾക്കാവൂ. പിന്നെ എന്തിനാണ് നിങ്ങൾ എംപി എന്നും പറഞ്ഞു നടക്കുന്നത്? നിങ്ങള്ക്ക് ഒന്നും കേന്ദ്രത്തിൽനിന്ന് വാങ്ങിച്ചെടുക്കാൻ കഴിവില്ല, അപ്പോൾ മാറി നിൽക്കുകയല്ലേ വേണ്ടത്.