ഹുമാനപ്പെട്ട സുഗതകുമാരി ടീച്ചർ, 

ക്ഷേമം നേരുന്നു.ജന്മഭൂമി ഓണപ്പതിപ്പിൽ മുതിർന്ന പത്രപ്രവർത്തക ശ്രീമതി ലീലാ മേനോനുമായി നടത്തിയ സംഭാഷണത്തിലെ ചില പരാമർശങ്ങളാണ് ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പി ച്ചത്. ടീച്ചറുടെ കവിതകളും പരിസ്ഥിതി സംരക്ഷണ പ്രസ്താവനകളും കുട്ടിക്കാലം മുതലെ ആവേശത്തോടെ വായിക്കുകയും നാളിതു വരെ മനസ്സിൽ ആരാധനയോടെ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജന്മഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന ടീച്ചറുടെ നിരീക്ഷണങ്ങൾ ഏറെ വേദനയുണ്ടാക്കി.ആ ഭാഗങ്ങൾ ചുവടെ ചേർക്കട്ടെ:

''...ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച സംസ്ഥാന സർക്കാറുകളാണ് ഈ അവസ്ഥക്കു കാരണം.പ്രണയക്കുരുക്കിൽ പെടുത്തി പെൺകുട്ടികളെ മതം മാറ്റി ഭീകരപ്രവർത്തനത്തിന് ഇരയാ ക്കുന്നവരെയും സംഘടനകളെയും നിയമത്തിന് മുന്നിലെത്തിക്കണം.ഇതിനെ മതവുമായോ വിശ്വാസവുമയോ ബന്ധിപ്പിക്കരുത്.കാസർഗോഡ് മലപ്പുറം ജില്ലകളിൽ സ്‌കൂളുകളിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മലയാളം അദ്ധ്യാപകരുടെ ഒഴിവു വന്നപ്പോൾ നിയമിച്ചത് അറബി അദ്ധ്യാപകരെയാണ്.മലയാളം എഴുതാൻ പോലും അറിയാത്ത അറബി മാത്രം അറിയുന്ന ആളുകളെയാണ് നിയമിച്ചത് ''.

കൃത്യമായ സർവീസ് നിയമന ചട്ടങ്ങൾ നില നിൽക്കുന്ന ഈ നാട്ടിൽ അറബി അദ്ധ്യാപകരെ മലയാളം അദ്ധ്യാപകരായി നിയമിച്ചു എന്ന കണ്ടെത്തലിനെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും കൗതുക സ്‌മൈലി ഉപയോഗിച്ച് ഞാൻ മറി കടക്കുന്നു. എന്നാൽ ഭീകരവാദവും ലൗജിഹാദും പറഞ്ഞതിനു ശേഷം അറബി അദ്ധ്യാപകരെ കുറിച്ചു പറഞ്ഞത്. എന്നെ പോലുള്ളവരുടെ നെഞ്ചിൽ കത്തിയാഴ്‌ത്തുന്നതിന് തുല്യമാണ്.

ബഹുമാനപ്പെട്ട ടീച്ചർ, ഞാനൊരു അറബി അദ്ധ്യാപകനാണ്. കേരളത്തിൽ പിറന്നവൻ.മലയാളമുണ്ട് വളർന്നവൻ.പിറന്ന നാടിന്റെ നാനാത്വത്തിൽ ഊറ്റം കൊള്ളുന്ന, മതേതരമൂല്യങ്ങളെ ജീവവായുവായി ഉൾക്കൊള്ളുന്ന, എന്നാൽ, അതെ എന്നാൽ, പിറന്നു പോയ സമുദായത്തിന്റെ എന്തെങ്കിലും സങ്കുചിത ചിന്തകൾ അേബാധത്തിലെങ്കിലും എന്റെ സ്വഭാവത്തിലോ മനസ്സിലോ ശരീരത്തിലോ ഉണ്ടെങ്കിൽ അവ ഏറ്റവും നല്ല വാസനാസോപ്പ് ഉപയോഗിച്ച് കഴുകി കളയേണ്ട അഴുക്കുകളാണെന്ന് വിശ്വസിക്കുന്ന ഒരാൾ.വിഷം തീണ്ടുമെന്നറിഞ്ഞിട്ടും ജാതിമതവിഷപ്പാമ്പുകളെ എന്നും എതിർക്കാനെ ശ്രമിച്ചിട്ടുള്ളൂ.

ഞാൻ ജോലി ചെയ്ത കാസർഗോഡ് ഗവൺമെന്റ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും ഇപ്പോൾ ജോലി ചെയ്യുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പല ജാതിമതങ്ങളിൽ പെട്ട കുട്ടികളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പല മതങ്ങളിൽ പെട്ടവരും മതമില്ലാത്തവരും എഴുതിയ ഗദ്യങ്ങളും പദ്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്.കണ്ണൂർ ,കാലിക്കറ്റ് ,എംജി, കേരള സർവകലാശാലകളിലെ സിലബസ് നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. മാത്രമല്ല ഞാനറിയുന്ന അറബി അദ്ധ്യാപകരിൽ മലയാളം എഴുതാൻ അറിയാത്ത ഒരാളും ഇല്ല.അവരെല്ലാം കേരളത്തിൽ ജനിച്ചവരാണ്.

അറബി ഭാഷയിലെ പല കൃതികളും എഴുത്തുകാരും മലയാളി വായനക്കാർക്ക് പരിചിതമായ ഈ കാലത്ത് , അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ടീച്ചറെ പോലുള്ളവർ ആ ഭാഷയെ ഒരു സമുദായത്തിന്റെ ഭാഷയായി തൊപ്പിയിടീക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ട്.മാത്രമല്ല ഭീകരവാദപ്രവർത്തനവുമായി അറബി ഭാഷാ അദ്ധ്യാപനത്തെ ചേർത്തു പറയുമ്പോൾ വേദനയുമുണ്ട്. ചന്ദസ്സ് ചോരാതെ വാക്കുകൾ കൂട്ടിഘടിപ്പിച്ച് പദ്യം നിർമ്മിക്കുമ്പോഴല്ല മറിച്ച് ചൂഷണവും അസമത്വവും വേർതിരിവും കണ്ട് മനസ്സ് നൊന്ത് ആത്മാവിൽ നിന്ന് വേദനകൾ ബഹിർഗമിക്കുമ്പോഴാണ് ഒരു കവിയോ കലാകാരനോ സർവോപരി പ്രവാചകനോ പിറവി കൊള്ളുന്നത് എന്ന സത്യം വിനയത്തോടെ ഓർമ്മിക്കട്ടെ.

ബഹുമാനപ്പെട്ട ടീച്ചർ, ടീച്ചറുടെ മനസ്സിന്റെ മഹാദേശത്തു നിന്ന് അറബി അദ്ധ്യാപകരെ നാടുകടത്തിക്കൊൾക , അറബി അദ്ധ്യാപകർ കേരളത്തിന്റെ മണ്ണിൽ ജീവിക്കട്ടെ..

സ്‌നേഹാദരങ്ങളോടെ
ഡോ.എം.എ.അസ്‌കർ, അറബി വിഭാഗം , യൂണിവേഴ്‌സിറ്റി കോളേജ്. തിരുവനന്തപുരം