സെക്രട്ടറിയെറ്റിന്റെ ഒരു വിളിപ്പാടകലെ രാജാജിനഗർ നിവാസികൾ (പഴയ ചെങ്കൽചൂള ) നിവാസികൾ സിപിഐ.എം ന്റെ നേതൃത്വത്തിൽ കഴിഞ്ഞ 3 ദിവസമായി സമരത്തിലാണ്. ജനിച്ച മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള പ്രദേശവാസികളുടെ അതിജീവന പോരാട്ടം നാട്ടാരാകെ നെഞ്ചോടു ചേർക്കുകയാണ്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു നൂറു കണക്കിന് കോളനിവാസികൾ സമരപ്പന്തലിൽ എത്തിച്ചേരുന്നുണ്ട്.

നരകതുല്യമായ ജീവിതമാണ് രാജാജിനഗർ നിവാസികളുടെത്.ഏതാണ്ട് പതിനായിരത്തോളം പേർ ഈ കോളനിയിൽ താമസക്കാരായുണ്ട്.അവരുടെ വീടുകൾക്കകത്തും സഞ്ചരിക്കുന്ന വഴിയിലുമെല്ലാം ഡ്രയിനേജ് തകർന്ന് കക്കൂസ് മാലിന്യം കെട്ടി കിടക്കുകയാണ് .മഴക്കാലത്ത് വീട്ടിനകത്ത് കയറാൻ പറ്റാത്ത തരത്തിൽ, പല വീടുകളുടെയും അടുക്കളയിൽ പോലും കക്കൂസ് മാലിന്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പല പ്രാവശ്യം രാജാജിനഗർ നിവാസികൾ പ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്. അപ്പോഴെല്ലാം മധുര വാഗ്ദാനങ്ങൾ നല്കി അവരെ സമാധാനിപ്പിക്കാൻ അധികാരികൾ ശ്രമിച്ചിട്ടുണ്ട്.

ആരോഗ്യ മന്തിയുടെ മണ്ഡലമാണ്. സെക്രട്ടറിയെറ്റിലെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നും എത്തിനോക്കിയാൽ കാണുന്ന സ്ഥലമാണ് രാജാജിനഗർ. കഴിഞ്ഞ മഴക്കാലത്ത് നഗറിലെ അവസ്ഥ കണ്ട് മന്ത്രിയെ സ്ഥലം സന്ദർശിക്കാൻ ഞാൻ ക്ഷണിച്ചതാണ്. അന്ന് അദ്ദേഹം വന്നില്ല. ഇപ്പോഴും ഞാൻ അദേഹത്തെ രാജാജിനഗറിലേക്ക് ക്ഷണിക്കുന്നു.

വന്നു കാണൂ. ഈ പാവങ്ങൾ മനുഷ്യരാണോ? അതോ പുഴുക്കളാണോ? നിങ്ങൾ തീരുമാനിക്കൂ.അവർക്ക് അരിയും തുണിയും മറ്റ് ആഡംബരങ്ങളും വേണ്ട. ആകെ വേണ്ടത് പൊട്ടി ഒലിക്കുന്ന ഡ്രയിനേജ് മാറ്റി സ്ഥാപിക്കണം, ഓട സൗകര്യമുണ്ടാക്കണം, കക്കൂസ് മാലിന്യവും കുടിവെള്ളവും കൂടി കലർന്ന് കുടിവെള്ളമായി വരുന്ന സാഹചര്യം ഒഴിവാക്കണം, ജീർണാവസ്ഥയിലായ ഫ്‌ലാറ്റുകൾ പുതുക്കി പണിയണം തുടങ്ങിയ കൊച്ചു കൊച്ചു ആവശ്യങ്ങളാണ്.

ബഹുമാനപെട്ട മന്ത്രി, അങ്ങ് അവരുടെ ജീവിതാവസ്ഥ മനസിലാക്കൂ. എന്തെങ്കിലും ചെയ്യാൻ തയ്യാറാകൂ.