തിരുവനന്തപുരം: സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ മുഖേന ഹയർസെക്കന്ററി കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലേക്ക് ഓപ്പൺ സ്‌കൂൾ സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന എസ്.ബി.ടി ചെലാൻ ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും എസ്.ബി.ടി ശാഖയിൽ ഫീസ് അടച്ച് www.ksosonline.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ഓപ്പൺ റഗുലർ സ്‌കീമിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബർ ഏഴ് വരെയും 250 രൂപ അധിക പിഴയോടെ സെപ്റ്റംബർ 14 വരെയും ഓപ്പൺ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ സെപ്റ്റംബർ നാലുവരെയും 50 രൂപ പിഴയോടെ സെപ്റ്റംബർ 11 വരെയും 250 രൂപ അധിക പിഴയോടെ സെപ്റ്റംബർ 17 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റ്ഔട്ടും മതിയായ ഫീസടച്ച എസ്.ബി.ടി. ചെലാനും അനുബന്ധ രേഖകളുമായി നിശ്ചിത തീയതിക്കുള്ളിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപേക്ഷകൾ ജോയിന്റ് സ്റ്റേറ്റ് കോഡിനേറ്റർ, കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ മലബാർ മേഖലാകേന്ദ്രം, സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, മലപ്പുറം 676505 വിലാസത്തിലും മറ്റ് ജില്ലകളിലെ അപേക്ഷകൾ സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിലും നേരിട്ടോ, തപാൽ മുഖേനയോ ഹാജരാക്കണം. രജിസ്‌ട്രേഷൻ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകവും വിശദ വിവരങ്ങളും www.openschool.kerala.ov.in, www.ksosonline.in ലും 0471 2342950, 2342369, 04832734295 എന്നീ നമ്പറുകളിലും ലഭിക്കും.