- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാം അറിഞ്ഞത് പിണറായിയും കോടിയേരിയും; ദൂതനായത് ആനാവൂരെത്തിച്ച പ്രശാന്ത്; എളമരവും മോഹനൻ മാസ്റ്ററും ഇടനില ചർച്ചക്കാരായി; കോടിയേരി സമ്മതം മൂളിയതോടെ രാജി ഇമെയിൽ അയച്ചു; എല്ലാം നടന്നത് അതീവ രഹസ്യമായി; ഓപ്പറേഷൻ അനിൽകുമാറിൽ എടുത്തത് പെരിങ്ങോട്ടുകുറിശ്ശിയിലെ വീഴ്ച മനസ്സിലാക്കി; ഗോപിനാഥിനെ അനിൽകുമാർ സഖാവാക്കുമോ?
തിരുവനന്തപുരം: 'യു.ഡി.എഫിനെയും ബിജെപി.യെയും ദുർബലപ്പെടുത്തുക, പാർട്ടി വിപുലീകരിക്കുക' - എന്ന ലക്ഷ്യത്തോടെയുള്ള 'ഓപ്പറേഷൻ അനിൽകുമാറിന്റെ' വിശദാംശങ്ങൾ പുറത്ത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് തിരിച്ചടി നൽകാൻ കരുതലോടെയായിരുന്നു എല്ലാ നീക്കവും. പാർട്ടിയിലെ ചീഫ് മാർഷലായ മുഖ്യമന്ത്രി പിണറായി വിജയനാണ് എല്ലാം നിരീക്ഷിച്ചത്. ഇന്നലെ രാവിലെ 8.10ന് അനിൽ കുമാർ രാജിക്കത്ത് മെയിൽ ചെയ്യുന്നതു വരെ ഒരു കോൺഗ്രസ് നേതാവും ഒന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ നേരത്തെ അനിൽകുമാറിനെ പുറത്താക്കാൻ കോൺഗ്രസിന് കഴിഞ്ഞതുമില്ല.
നെടുമങ്ങാട്ടെ കോൺഗ്രസ് നേതാവ് പ്രശാന്തിനെ സിപിഎമ്മിലെത്തിക്കാൻ ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം പ്രവർത്തിച്ചത്. എ.കെ.ജി. സെന്ററിൽ പാർട്ടിസെക്രട്ടറിയുടെ പത്രസമ്മേളനവേദിയിൽ പ്രശാന്ത് എത്തിയപ്പോഴാണ് തീരുമാനം പുറത്ത് അറിഞ്ഞത്. അനിൽകുമാറിലും ഈ രഹസ്യ സ്വഭാവം സിപിഎം നിലനിർത്തി. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു അനിൽകുമാർ. അതുകൊണ്ട് തന്നെ ഓപ്പറേഷൻ പൊളിയാതിരിക്കാൻ ഏറെ കരുതലും എടുത്തു.
കെ. സുധാകരന്റെ നേതൃത്വത്തോട് അനിൽകുമാർ പ്രതികരിച്ചപ്പോൾ തന്നെ സിപിഎം പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങി. അതിവേഗം അനിൽകുമാറിനെ സസ്പെന്റ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലെന്ന് വന്നതോടെ സിപിഎമ്മിന്റെ 'നിരീക്ഷണ'ത്തിലായിരുന്നു. അനിൽകുമാർ കലാപത്തിനു തീരുമാനിച്ചതും സിപിഎം ' ഓപ്പറേഷനിലെ' സാധ്യത കണ്ടാണ്. അതീവ രഹസ്യമായിരുന്നു എല്ലാം. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായ എളമരം കരീം, ജില്ലാസെക്രട്ടറി പി. മോഹനൻ എന്നിവർക്കുമാത്രമാണ് അതേക്കുറിച്ച് അറിവുണ്ടായിരുന്നത്.
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അനുമതിയോടെയായിരുന്നു എല്ലാചർച്ചകളും. ദൂതർമുഖേന ആദ്യം മനസ്സറിയുകയും നേതാക്കളുമായി പിന്നീട് ചർച്ചനടത്തുകയും ചെയ്തു. പ്രശാന്തിനെ ഇടനിലക്കാരനാക്കി. കോടിയേരിയുടെ ഉറപ്പുകിട്ടിയതിനുശേഷമാണ് അനിൽകുമാർ പത്രസമ്മേളനം നിശ്ചയിച്ചത്. പാലക്കാടുനിന്ന് കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥ് ഇപ്പോഴും സിപിഎം. പരിഗണനയിലുള്ള നേതാവാണ്. അനിൽകുമാറിലൂടെ ഗോപിനാഥിൽ എത്താനാണ് നീക്കം. ഗോപിനാഥിനെ കൊണ്ടു വരുന്നതു കൊണ്ട് നേട്ടമുണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. പാലക്കാട് സിപിഎമ്മിന്റെ സർവ്വാധിപത്യമാണ്. അപ്പോഴും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ഗോപിനാഥ് ഭരണവും. ഗോപിനാഥിനെ സിപിഎമ്മിൽ എത്തിച്ച് ഈ പഞ്ചായത്തിൽ കടന്നു കയറാനാണ് സിപിഎം തീരുമാനം.
കോൺഗ്രസ് അംഗത്വം രാജിവച്ചെങ്കിലും സമയവായ ചർച്ചകളുടെ സാധ്യത തള്ളാതെ പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ എ.വി.ഗോപിനാഥ് മുമ്പോട്ടു പോവുകയാണ്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ഗോപിനാഥുൾപ്പെടെ അംഗങ്ങളായ ഭരണസമിതി നിലവിലെ അഞ്ചുവർഷവും പൂർത്തിയാക്കുമെന്ന ഓർമപ്പെടുത്തൽ ഇതിന്റെ ഭാഗമാണ്. ഭരണം മറിയുന്ന സാഹചര്യമില്ലെന്നും ഗോപിനാഥാണ് പെരിങ്ങോട്ടുകുറിശ്ശിയിലെ കോൺഗ്രസെന്നും അംഗങ്ങൾ പറയുന്നത് സമ്മർദത്തിന് വഴിയൊരുക്കലെന്നാണ് വിലയിരുത്തൽ. എകെ ബാലന്റെ നേതൃത്വത്തിൽ ഗോപിനാഥിന് വേണ്ടി നീക്കം നടത്തിയിരുന്നു. എന്നാൽ എല്ലാം പരസ്യമായതോടെ ഓപ്പറേഷൻ പൊളിഞ്ഞു. ഈ സാഹചര്യത്തിലാണ് അനിൽകുമാറിന്റെ വരവ് ആരും അറിയാതെ പരമരഹസ്യമാക്കിയത്.
രാജി പ്രഖ്യാപനത്തിന് പിന്നാലെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഗോപിനാഥിന് പരസ്യ പിന്തുണയുമായെത്തിയത്. പെരിങ്ങോട്ടുകുറിശ്ശിയിലെ പഞ്ചായത്തംഗത്വം രാജിവയ്ക്കില്ലെന്ന ഗോപിനാഥിന്റെ നിലപാട് കോൺഗ്രസുമായി സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്ന മട്ടിലുള്ള പ്രതികരണമാണ്. പെരിങ്ങോട്ടുകുറിശ്ശിയിലെ കോൺഗ്രസെന്നാൽ ഗോപിനാഥാണെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഓർമപ്പെടുത്തലും നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോപിനാഥിന് സീറ്റില്ലെന്നറിഞ്ഞ സമയം പഞ്ചായത്തംഗങ്ങൾ മുഴുവൻ രാജിസന്നദ്ധത അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗോപിനാഥ് കളം മാറിയാൽ ഈ പഞ്ചായത്തിൽ ഭരണം മാറും.
മറുനാടന് മലയാളി ബ്യൂറോ