പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായി ഭ്രൂണത്തിൽ ശസ്ത്രക്രിയ നടത്തി, ഗർഭസ്ഥ ശിശുവിന്റെ വൈകല്യം പരിഹരിച്ചു. അഞ്ചു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ വൈകല്യം പരിഹരിക്കുന്നതിനാണ് സ്ത്രീയുടെ ഗർഭപാത്രം തുരന്ന് ശസ്ത്രക്രിയ നടത്തിയത്. പാരീസിലെ നെക്കർ ആശുപത്രിയിലാണ് രണ്ടു മണിക്കൂർ നീണ്ടു നിന്ന അതിസങ്കീർണമായ ശസ്ത്രക്രിയ അരങ്ങേറിയത്.

12 ദിവസം മുമ്പ് സിസേറിയൻ സർജറിയിലൂടെ കുഞ്ഞ് ഉണ്ടായ ശേഷമാണ് ഈ അപൂർവ ശസ്ത്രക്രിയയുടെ വിവരങ്ങൾ ഡോക്ടർമാർ പുറത്തുവിട്ടത്. നേരത്തെ സ്‌കാനിംഗിലൂടെയാണ് സ്‌പൈന ബൈഫിഡ എന്ന രോഗം ഗർഭസ്ഥ ശിശുവിനെ ബാധിച്ചിട്ടുള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്താമെന്ന് യുവതിയെ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. എന്നാൽ മാസംതികയാതെ കുഞ്ഞിനെ പ്രസവിക്കാൻ സാധ്യതയുണ്ടെന്ന റിസ്‌കും ഡോക്ടർമാർ അമ്മയെ അറിയിച്ചിരുന്നതായി സർജറിക്ക് നേതൃത്വം നൽകിയ ഡോ. ജീൻ മാരി ജുവാനിക് വ്യക്തമാക്കി.

യുവതിയുടെ വയറും ഗർഭപാത്രവും ഗർഭസ്ഥ ശിശു കിടക്കുന്ന അംമ്‌നിയോട്ടിങ് ഫ്‌ലൂയിഡ് ആവരണവും തുരന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ അപകടസാധ്യതയുള്ള ഈ സർജറി വിജയകരമായാണ് പൂർത്തിയാക്കിയതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. സർജറിക്കു പത്തു ദിവസം ശേഷം പരിശോധിച്ചപ്പോൾ ഗർഭസ്ഥ ശിശുവിന്റെ ഈ വൈകല്യം മാറിയതായി ഡോക്ടർമാർ പറയുന്നു. ഈ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുഞ്ഞ് ജനിച്ചുകഴിയുമ്പോൾ അരയ്ക്കു കീഴെ പൂർണമായോ ഭാഗികമായോ തളർന്നു പോകാൻ ഇടയുണ്ടെന്നാണ് പറയപ്പെടുന്നത്.

ലോകത്തു തന്നെ അപൂർമായി നടത്തിയിട്ടുള്ള ഇത്തരം ശസ്ത്രക്രിയ പക്ഷേ ഫ്രാൻസിൽ ആദ്യമായാണ് നടത്തുന്നത്. പത്തു വർഷമായി ഇത്തരം സർജറിയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും ഇതിനു തയാറാകുന്നവർ ആരുമില്ലെന്നാണ് ഡോ.ജുവാനിക് പറയുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടർമാർ അറിയിച്ചു.