- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടം കെട്ടി ഇറങ്ങുക അല്ലാതെ മാർഗ്ഗം ഉണ്ടായിരുന്നില്ല; കുറ്റിച്ചെടികളോ ചെറുമരങ്ങളോ ഉണ്ടെങ്കിൽ നന്നായേനെ; 90 ഡിഗ്രി ചെരിവിലുള്ള പാറയും; ഓരോ ചുവടും വച്ചത് സൂക്ഷിച്ച്; ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം സൂപ്പർ മലകയറ്റക്കാർ; ബാലയൊക്കെ മൈനസ് ഡിഗ്രി തണുപ്പിൽ രക്ഷാപ്രവർത്തനം നടത്തിയ മിടുക്കൻ; മലയാളി കേണൽ ഹേമന്ദ് രാജ് മറുനാടനോട് പറയുന്നു ബാബുവിന്റെ രക്ഷാദൗത്യകഥ
പാലക്കാട്: മലമ്പുഴ ചേറാട് മലയിൽ അകപ്പെട്ട ബാബുവിനെ രക്ഷിച്ച സൈന്യത്തിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. ബാബുവുമായി സംസാരിച്ച് ആത്മവിശ്വാസം നൽകാനുള്ള ചുമതല ഒരു മലയാളി സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെ രാത്രി ബാബുവിനെ ഉറങ്ങാതെ നിർത്തുക എന്നതായിരുന്നു കുർമ്പാച്ചി ദൗത്യ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിനായിരുന്നു ബാബുവുമായി സംസാരിക്കാനുള്ള ദൗത്യം. ഉറക്കെ വിളിച്ചു ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു. 'ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കട്ടെ, എനർജി കളയരുത്' തുടങ്ങി ഹേമന്ദ് രാജ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇത് സൈന്യത്തിന്റെ മാത്രം നേട്ടമായി ഹേമന്ദ് രാജ് കാണുന്നില്ല.
'ദൗത്യത്തിൽ പങ്കാളികളായ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ് ബാബുവിനെ രക്ഷിക്കാൻ കഴിഞ്ഞത്. ഇത് ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗം മാത്രമായിരുന്നു' ലഫറ്റനന്റ് കേണൽ ഹേമന്ദ് രാജ് മറുനാടനോട് പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച് ഇന്ന് ഉച്ചയോടെ അവസാനിച്ച, കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നിന്റെ നിർണ്ണായ നിമിഷങ്ങളും നീക്കങ്ങളും കേണൽ ഹേമന്ദ് രാജ് മറുനാടനോട് വിശദീകരിച്ചു.
'ജില്ലാ അതിർത്തിമുതൽ വഴികാട്ടുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. നേരത്തെ വിളിച്ചുപറഞ്ഞതുപ്രകാരമുള്ള എല്ലാ സംവിധാനങ്ങളും ജില്ലാഭരണകൂടവും പൊലീസും എല്ലാം ചേർന്ന് ഒരുക്കിയിരുന്നു. ഒട്ടും സമയം കളയാതെ മലയുടെ മുകളിലേക്ക് കയറാൻ തുടങ്ങി. അപ്പോൾ സമയം എത്രയായിരുന്നെന്ന് കൃത്യമായി ഓർക്കുന്നില്ല.
വടംകെട്ടി ഇറങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല. കുറ്റിച്ചെടികളോ ചെറുമരങ്ങളോ ഒക്കെ ഉണ്ടെങ്കിൽ ഏറെ സഹായകരമായിരുന്നു. ചേറാട് മലയിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല 90 ഡിഗ്രി ചെരിവിലുള്ള പാറയായതിനാൽ ഏറെ ശ്രദ്ധയോടെയാണ് ഓരോ ചുവടും മുന്നോട്ട് പോയിരുന്നത്.
കയറിയ വഴിയിൽ നിന്നും ഇടയ്ക്ക് ദിശ മാറി ബാബു ഇരിക്കുന്ന പാറയിടുക്കിനടുത്തെത്തി, അയാളെ വിളിച്ച് മിലിട്ടറി ടീം എത്തിയിട്ടുണ്ടെന്നും നേരം പുലർന്നാൽ ഉടൻ താഴെ ഇറക്കുമെന്നും ഉറപ്പുനൽകി.അപ്പോൾ സമയം 12.30 യോട് അടുത്തിരുന്നു എന്നാണ് കരുതുന്നത്. അയാളിൽ ആത്മവിശ്വാസം സൃഷ്ടിച്ചെടുക്കുകയായിരുന്നു സംസാരത്തിലൂടെ ലക്ഷ്യമിട്ടത്. തുടർന്ന് രാവിലെ മലമുകളിലെത്തി, മുൻ നിശ്ചയ പ്രകാരമുള്ള രക്ഷ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
രാവിലെ ഡ്രോണിന്റെ സഹായത്തോടെ ബാബു ഇരിക്കുന്ന സ്ഥലം കൃത്യമായി തിട്ടപ്പെടുത്തി. സംഘത്തിലെ മികച്ച പർവ്വതാരോഹകരിൽ ഒരാളായ ബാല, വടത്തിന്റെ സഹായത്തോടെ താഴേക്കിറങ്ങി. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ചു. പിന്നീടാണ് ബാബുവിനെ മലമുകളിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയത്. ഏറ്റവും വെല്ലുവിളി ഇതായിരുന്നു.
പാറയിടുക്കിൽ നിന്നും സുരക്ഷ ബെൽറ്റിന്റെ സഹായത്തോടെ ബാബുവിനെ മലമുകളിൽ എത്തിക്കുന്നതിന് മുമ്പ് ഇത്തരം രക്ഷദൗത്യങ്ങളിൽ മികച്ച പരിശീലനം ലഭിച്ച ബാലയുടെയും ഒപ്പമുണ്ടായിരുന്നവരുടെ കൂട്ടായ പരിശ്രമവും അർപ്പണമനോഭാവുമെല്ലാം തുണയായി. ഇത് സൈന്യത്തിലെ മദ്രാസ് റെജിമെന്റിന്റെ മാത്രം വിജയം അല്ല, അങ്ങനെ ആരും പറയുന്നതും ശരിയല്ല.
തുടക്കം മുതൽ സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെയും മറ്റ് ഇതരവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയുമെല്ലാം ഒരുമയോടുള്ള പ്രവർത്തനമാണ് വിജയം കണ്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജോലിയുടെ ഭാഗമായുള്ള ഒരു പ്രവർത്തി മാത്രമായിരുന്നു. അതിലപ്പുറം ഇതിന് ആരും പ്രാധാന്യം നൽകരുതെന്നാണ് അഭ്യർത്ഥന, അദ്ദേഹം പറഞ്ഞു.
അനങ്ങിയാൽ പോലും താഴെ വീഴുമെന്ന തിരച്ചറിവിൽ രാത്രി ഉറങ്ങാതിരുന്നതും മാനസിക ധൈര്യവുമാണ് ബാബുവിന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താൻ തുണയായത്. ശുഭാപ്തി വിശ്വാസവും മനോബലവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയിൽ നിന്നും രക്ഷപെടാമെന്ന വലിയ സന്ദേശവും ഈ സംഭവം പകർന്നുനൽകുന്നു, അദ്ദേഹം പറഞ്ഞു.
ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം മികച്ച പർവ്വതാരോഹകരും ഇത്തരം ദുരന്തമുഖങ്ങളിൽ കഴിവ് തെളിയിച്ചവരുമാണ്. ബാബുവിനെ പാറയിടുക്കിൽ നിന്നും മലമുകളിൽ എത്തിക്കാൻ നിർണ്ണായ ഇടപെടൽ നടത്തിയ നായിക് ബാല മികച്ച പർവ്വതാരോഹകൻ മാത്രമല്ല, ഇതിന് മുമ്പ് മൈനസ് 30 ,40 ഡിഗ്രി തണുപ്പിൽ വരെ രക്ഷപ്രവർത്തനം നടത്തിയിട്ടുള്ള വ്യക്തിയുമാണ്. ഞങ്ങൾ ആരും നാടിന്റെ പേരിൽ അറിയാൻ ആഗ്രഹിക്കുന്നില്ല. മദ്രാസ് റെജിമെന്റ് ടീം എന്ന പേരിൽ അറിയപ്പെടാൻ മാത്രമാണ് താൽപര്യം, കേണൽ ഹേമന്ദ് രാജ് വാക്കുകൾ ചുരുക്കി.
ഹേമന്ദ് രാജ് ഏറ്റുമാനൂർ സ്വദേശി
ബാബുവിനെ രക്ഷിച്ചതിന് ശേഷമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിൽ ബാബുവിനോട് സംസാരിക്കുന്ന മലയാളി ഹേമന്ദ് രാജാണ്. ബാലയാണ് രക്ഷിച്ചതെന്ന് ബാബുവിനോട് പറയുന്നതും ഉമ്മ കൊടുക്കാൻ ആവശ്യപ്പെടുന്നതും ഈ സൈനിക ഉദ്യോഗസ്ഥനാണ്. ആ മലമുകളിലെ ഒരോ നീക്കവും പ്ലാൻ ചെയ്ത വ്യക്തി. ഈ പദ്ധതിയൊരുക്കലാണ് ബാബുവിനെ മലമുകളിൽ എത്തിച്ചത്. ബാബുവിനെ രക്ഷിച്ച് താഴേക്ക് കൊണ്ടു പോകണമോ എന്ന ചർച്ച സജീവമായിരുന്നു. എന്നാൽ റിസ്‌ക് ഒഴിവാക്കാൻ വലിച്ചു കയറ്റാനുള്ള തീരുമാനവും ഹേമന്ത് രാജിന്റേതായിരുന്നു.
മലമ്പുഴയിലെ ദൗത്യം വിജയിച്ചതിന് പിന്നാലെ മന്ത്രി വാസവൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഏറ്റുമാനൂരിന്റെ അഭിമാനാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയും പങ്കുവച്ചത്. മലകയറുന്നതിനിടെ കാൽവഴുതി ചെങ്കുത്തായ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനും ജില്ലാ ഭരണകൂടത്തിനും പൊലീസിനും രക്ഷാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച മന്ത്രി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് ഏറ്റുമാനൂർ സ്വദേശിയാണെന്നും കുറിച്ചു. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചുവെന്നും അറിയിച്ചു.
രക്ഷാ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ മന്ത്രിയോട് ഹേമന്ദ് രാജ് പങ്കുവക്കുകയും ചെയ്തു. മലമുകളിൽ നിന്ന് മാത്രമല്ല താഴെ നിന്നും രക്ഷാ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൃത്യമായ കോ ഓർഡിനേഷനാണ് രക്ഷാ പ്രവർത്തനം സാദ്ധ്യമാക്കിയത്. അതിന് നേതൃത്വം നൽകിയത് ഹേമന്ദ് രാജും.
ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പി വീട്ടിൽ റിട്ടേർഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി കെ രാജപ്പൻ -സി എസ് ലതികബായി ദമ്പതികളുടെ മകമാണ് ഹേമന്ദരാജ്. കഴക്കൂട്ടം സൈനീക സ്‌കൂളിലെ പഠനത്തിന് ശേഷം പൂനയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലട്ടറി അക്കാദമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. കേരളത്തിലും ഉത്തരാഖണ്ഡിലും ജമ്മൂകാശ്മീരിലും പ്രളയം അടക്കമുള്ള ദുരന്ത മുഖങ്ങളിൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.
2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ത് രാജാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാളിക്ക് പരേഡിനെ നയിക്കാൻ അവസരം ലഭിക്കുന്നത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരുടെ ജീവൻ നഷ്ടപ്പെട്ട കൂനൂർ ഹെലികോപ്റ്റർ ദുരന്തമുഖത്തും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജായിരുന്നു.
ഇതിന് പിന്നാലെ വില്ലിംങ് ടണിലെ സേന ആസ്ഥാനത്ത് ഇദ്ദേഹത്തിന് അദരവും നൽകിയിരുന്നു. 2018-ലെ പ്രളയകാലത്ത് ചെങ്ങന്നൂർ ,ആലപ്പുഴ മേഖലകളിൽ രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഭാര്യ ഡോ.തീർത്ഥ തവളക്കുഴിയിൽ ടൂത്ത്‌ഫെയർ എന്ന പേരിൽ ഡെന്റൽ ഹോസ്പിറ്റൽ നടത്തി വരുന്നു. ഏക മകൻ അയാൻ ഹേമന്ത് ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്
മറുനാടന് മലയാളി ലേഖകന്.