- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി 'ഓപറേഷൻ വാഹിനി' പദ്ധതിയുമായി ജില്ലാ ഭരണകൂടം. വരുന്ന കാലവർഷത്തിനു മുമ്പ് തോടുകളിലെ മാലിന്യങ്ങളും മറ്റ് നിക്ഷേപങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജലസേചന വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, നഗര വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. കാലവർഷത്തിനു മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ കൈത്തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കൽമണ്ണ്, ചെളി മറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ഉൾപ്പെടുന്ന തോടുകളിലെ നിക്ഷേപങ്ങളുടെ അളവ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് എത്ര നീക്കം ചെയ്യണമെന്ന നിർദ്ദേശവും ജലസേചന വകുപ്പ് നൽകും. കോരിമാറ്റുന്ന നിക്ഷേപങ്ങളുടെ വില നിശ്ചയിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലേലത്തിൽ വിൽക്കാം.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ തദ്ദേശസ്ഥാപനങ്ങൾ കായൽ മുഖങ്ങൾ തുറക്കുന്ന പ്രവർത്തികളും ഇതോടൊപ്പം പൂർത്തിയാക്കും. പുഴകളിൽ നിന്നും കായയിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനാണിത്. വെള്ളപ്പൊക്കം തടയാനും ഇതു വഴി സാധിക്കും.
ഇതോടൊപ്പം പൊതുജനങ്ങൾക്കും നീരൊഴുക്കിന് തടസം നിൽക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കാം. പരാതികളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. പ്രധാന പുഴകളുടെ കൈവഴികളിൽ മാത്രമാണ് ഇപ്പോൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമായിരിക്കും പ്രധാന പുഴകളിലെ നിക്ഷേപങ്ങൾ നീക്കം ചെയ്യുക. കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു.