കെജ്‌രി എന്ന കുതിരയെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാണ് എന്ന ബോദ്ധ്യത്തിലാണ് മോദി എന്ന സിംഹം ബേദിയെപ്പോലൊരു പെൺകടുവയെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കയച്ചത്.

ഏതു കോടതി കുറ്റവിമുക്തനാക്കിയാലും മോദിക്ക് മനസ്സാക്ഷിയുടെ കോടതിയുടെ മുമ്പിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തതയോടെ ഒരു ദിവസം പറയേണ്ടിവരുമെന്ന് ട്വിറ്ററിൽ കുറിച്ച (3/16/13, 1:48 pm) ബേദി കഴിഞ്ഞ മാസം ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി വന്ന് മലക്കം മറിഞ്ഞപ്പോൾ തുടങ്ങിയതാണ് കാവിപ്പാർട്ടിയുടെ ശനിദശ. പ്രസംഗവും പ്രഖ്യാപനങ്ങളുമെല്ലാം കാലം ചെല്ലുമ്പോൾ മറക്കുന്ന ജനം എന്ന കഴുത ഇന്ന് കൂടുതൽ പ്രബുദ്ധരാണ്; അതു മാത്രമല്ല, സാങ്കേതികതയുടെ വളർച്ചയോടെ ശാക്തീകരിക്കപ്പെട്ടവരുമാണ്.

അതുകൊണ്ടാണ് രണ്ടുകൊല്ലം പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നു വിഴുങ്ങാൻ പറ്റാത്ത വിധത്തിൽ സോഷ്യൽ മീഡിയായിലും ഇന്റർനെറ്റിലുമെല്ലാം നിഴലിച്ചു നിൽക്കുന്നത്. അവസരവാദത്തിന്റെ രാഷ്ട്രീയമുഖം എന്ന പ്രതിച്ഛായ പേറിയ ബേദി ബിജെപിയുടെ നടുനായകസ്ഥാനം ഏറ്റെടുത്തതോടെ ഏറെക്കുറെ ഒപ്പത്തിനൊപ്പം എന്ന സാഹചര്യം മാറി എഎപി എന്ന പാർട്ടി മുന്നേറുന്നതായാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

പ്രമുഖ മാദ്ധ്യമ ഗ്രൂപ്പുകളുടെ പ്രീപോൾ സർവ്വെ റിസൽറ്റുകൾ താഴെപ്പറയും പ്രകാരമാണ്

1) ഇന്ത്യാ ടുഡെ സിസെറോ:

ആപ്പ്: 38 46 സീറ്റുകൾ
ബിജെപി: 19 25 സീറ്റുകൾ
കോൺഗ്രസ്: 3 7 സീറ്റുകൾ

2) എ ബി പി നീൽസൻ:

ആപ്പ്: 35 സീറ്റുകൾ
ബിജെപി: 29 സീറ്റുകൾ
കോൺഗ്രസ്: 6 സീറ്റുകൾ

3) ഇക്കണോമിക്ക് ടൈംസ് ടി എൻ എസ്:

ആപ്പ്: 38 സീറ്റുകൾ
ബിജെപി: 30 സീറ്റുകൾ
കോൺഗ്രസ്: 2 സീറ്റുകൾ

4) ഹിന്ദുസ്താൻ ടൈംസ്

ആപ്പ്: 39 സീറ്റുകൾ
ബിജെപി: 30 സീറ്റുകൾ
കോൺഗ്രസ്: 5 സീറ്റുകൾ

5) ദ വീക്ക് (മനോരമ ഇംഗ്ലീഷ് ന്യൂസ് വീക്കിലി)

ആപ്പ്: 36 സീറ്റുകൾ
ബിജെപി: 29 സീറ്റുകൾ
കോൺഗ്രസ്: 4 സീറ്റുകൾ

സർവ്വേകളിൽ മലയാളമനോരമയുടെ പ്രസിദ്ധീകരണമായ 'ദ വീക്ക്' മാത്രമാണ് ബിജെപിക്ക് അനുകൂലമായി കണക്കിലെ കളി അവതരിപ്പിക്കുന്നുള്ളു. പ്രതാപം നഷ്ടപ്പെട്ട കോൺഗ്രസ്സിനെ കൈയൊഴിഞ്ഞ ശേഷം ബിജെപിയെ പിന്തുണയ്ക്കുന്ന മനോരമയുടെ നയതന്ത്രമാണോ ഈ സർവ്വേകളിലെ വൈരുദ്ധ്യമെന്നത് ഫെബ്രുവരി പത്തിനു ശേഷം അറിയാം.

ആർ എസ്സ് എസ്സ് ഒരു വർഗ്ഗീയസംഘടനയാണ് എന്ന് എൻഡിടിവിയുമായുള്ള അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞ അരവിന്ദ് കെജ്‌രിവാൾ വീണ്ടും ഉദിച്ചുയരുന്നത് സംഘപരിവാർ സംഘടനകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. 1015 ലക്ഷം സി സി ടി വി ക്യാമറകൾ ഡൽഹി നഗരം മുഴുവൻ വിന്യസിച്ചുകൊണ്ട് 200 കോടി ചെലവിൽ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടു വരുമെന്ന് ആപ്പ് വാഗ്ദാനം ചെയ്യുന്നു.

വൈഫി ഫ്രീയായി നൽകിക്കൊണ്ട് പാർപ്പിടം, വസ്ത്രം ഭക്ഷണം ശുദ്ധജലം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം കണക്റ്റിവിറ്റിയും ഒഴിച്ചുകൂടാനാകാത്തതാണ് എന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നതിലൂടെ യുവജനങ്ങളുടെ വോട്ട് ആപ്പ് നേടിയെടുക്കുകയാണ്. രാഷ്ട്രീയത്തിൽ 4സി എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് പൊളിറ്റിക്കൽ മാർക്കറ്റിങ് എന്നൊരു അക്കാദമിക് ഫാക്കൽറ്റിക്കും കൂടി ആപ്പ് തുടക്കം കുറിക്കുകയാണ്. 5പി എന്ന മാർക്കറ്റിങ് പ്രയോഗം പ്രോഡക്റ്റ് വില്പനയുടെ അടിസ്ഥാനമന്ത്രമാണ്. പ്രോഡക്റ്റ്, െ്രെപസ്, പ്ലേസ്, പൊസിഷനിങ്, പ്രൊമോഷൻ എന്നിവയുടെ ചുരുക്കപ്പേരാണ് 5പി. എന്നാൽ സകല മാർക്കറ്റിങ് ഗുരുക്കന്മാരേയും കടത്തിവെട്ടിക്കൊണ്ട് 4സി എന്ന മന്ത്രവുമായി കെജ്‌രിവാൾ മോദിക്ക് വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു.

ഹോസ്‌നി മുബാരക്കിന്റെ കോപ്പിയടിച്ച കോട്ടിന്റെ പേരിൽ ചമ്മൽ മാറാത്ത മോദിജി 4സി എന്ന പുത്തൻ ആശയത്തിനു മുമ്പിൽ പതറുമെന്നു പറയാതെ വയ്യം. കറപ്ഷൻ, ക്രൈം, ക്യാരക്റ്റർ, കമ്മ്യൂണലിസം എന്നതാണ് 4സിയുടെ വിപുലീകരണം.

ആപ്പ് എന്ന പാർട്ടിയിൽ ടിക്കറ്റ് കിട്ടണമെങ്കിൽ ഇനി 4സി ടെസ്റ്റു പാസ്സാകണം. അതായത് സ്വഭാവമഹിമയുള്ളവർക്കും അഴിമതിയും കുറ്റവാസനയും വർഗ്ഗീയതയും തൊട്ടുതീണ്ടാത്തവർക്കും മാത്രമേ ഇനി ഈ പാർട്ടി സീറ്റു നൽകുകയുള്ളു. എന്നു പറഞ്ഞാൽ, തൊപ്പിവച്ചവരെല്ലാം സ്വപ്നം കാണേണ്ടാ, 4സി പാസ്സായെങ്കിലേ തൊപ്പിക്കുള്ളിൽ വിജയകിരീടം ഉറപ്പിക്കാനാകൂ എന്നു ചുരുക്കം.

പ്രവചനങ്ങൾ ഫലിച്ച് ആപ്പ് വിജയം കൊയ്താൽ ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിലാകമാനം ആ തരംഗം പ്രതിദ്ധ്വനി സൃഷ്ടിക്കും. മോദിയുഗം എന്ന രാജയോഗ മതാധിഷ്ഠിത ശൈലി വിട്ട് പഠിപ്പും വിവേകവുമുള്ളവന്റെ സാധാരണത്വബോധത്തിനും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയത്തിനും പിന്നീട് പ്രാമുഖ്യമുണ്ടാകും. റിലയൻസും അഡാനിയുമൊക്കെ പിന്നെ കുഴപ്പത്തിലാകുമെന്നു മാത്രമല്ല, സോഷ്യലിസ്റ്റ് സങ്കല്പത്തിലുള്ള ആപ്പ് രാഷ്ട്രീയം രാജ്യത്തെ നഗരങ്ങളിൽ മുൻതൂക്കം നേടുകയും ചെയ്യും.

മോദി എന്ന മഹാരാജാവിന് കെജ്‌രി എന്ന പടക്കുറുപ്പിന്റെ രംഗപ്രവേശനം എത്ര മാത്രം തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ഫെബ്രുവരി പത്തിനു ശേഷം നമുക്ക് കണ്ടും കേട്ടും അറിയാം.

മുതലാളിത്തത്തിനോടൊപ്പം സാമാന്യജനത്തിന്റെ സോഷ്യലിസ്റ്റു ചിന്തകളും നഗരങ്ങളിലെങ്കിലും പ്രകടമാകുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് ഭാസുരമാണ്.

എന്തായാലും കാത്തിരിക്കാം നാലഞ്ചു രാവുകൾ കൂടി.