- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഗൗരി ലങ്കേഷിനെ വധിച്ച് ആഹ്ലാദിച്ച കൊലയാളികൾ ഓർക്കുക; അവരെ പട്ടിയെന്നു വിളിച്ച് ദാർഷ്ട്യം കാണിച്ചവർ അറിയുക; ആശയത്തെ ആശയം കൊണ്ട് നേരിടാൻ ആവാത്ത ഭീരുക്കളേ.. നിങ്ങൾക്കു തെറ്റി; ആ മരണത്തിൽ നിന്ന് ഉയരുക പതിനായിരങ്ങൾ
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെയും കുറ്റവാളികളെ കണ്ടെത്തുവാനോ അറസ്റ്റു ചെയ്യുവാനോ സാധിച്ചിട്ടില്ല. 2013 ആഗസ്‌ററ് മുതൽ 2015 ആഗസ്‌ററ് വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽകർ, ഗോവിന്ദ പൻസാരെ, എംഎം കൽബുർഗി എന്ന പുരോഗമനചിന്താഗതിക്കാരുടെ കൊലയാളികളെയും ഇതുവരെ പിടിച്ചിട്ടില്ല. ഇപ്പോൾ അവരുടെ നിരയിലേക്ക് ഗൗരി ലങ്കേഷും എത്തപ്പെട്ടിരിക്കുന്നു. ഗുജറാത്ത് ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് നൽകിയ ബാലിസ്റ്റിക് റിപ്പോർട്ടു പ്രകാരം ദാബോൽകർ, പൻസാരെ, കൽബുർഗി എന്നിവരുടെ കൊലപാതകത്തിന് പിന്നിൽ ഒരേ സംഘമെന്ന് ആണ് സൂചന: മൂവരേയും കൊലപ്പെടുത്തിയ വെടിയുണ്ടകൾ ഒരേ തോക്കിൽ നിന്നുള്ളതാണ് എന്ന് അവരുടെ ലാബിലെ പരിശോധനയിൽ വെളിവായിരിക്കുന്നു. 'സനാതൻ സൻസ്ത' എന്ന സംഘടനയിലേക്ക് ആണ് സംശയത്തിന്റെ മുന നീളുന്നത്. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ്' സനാതൻ സൻസ്ത'. ഈ നൽവരുടെയും മുഖ്യശത്രുക്കൾ തീവ്രവർഗ്ഗീയവാദികൾ ആണെന്ന് നമുക്ക് നിസ്സംശ
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെയും കുറ്റവാളികളെ കണ്ടെത്തുവാനോ അറസ്റ്റു ചെയ്യുവാനോ സാധിച്ചിട്ടില്ല. 2013 ആഗസ്‌ററ് മുതൽ 2015 ആഗസ്‌ററ് വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽകർ, ഗോവിന്ദ പൻസാരെ, എംഎം കൽബുർഗി എന്ന പുരോഗമനചിന്താഗതിക്കാരുടെ കൊലയാളികളെയും ഇതുവരെ പിടിച്ചിട്ടില്ല. ഇപ്പോൾ അവരുടെ നിരയിലേക്ക് ഗൗരി ലങ്കേഷും എത്തപ്പെട്ടിരിക്കുന്നു.
ഗുജറാത്ത് ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് നൽകിയ ബാലിസ്റ്റിക് റിപ്പോർട്ടു പ്രകാരം ദാബോൽകർ, പൻസാരെ, കൽബുർഗി എന്നിവരുടെ കൊലപാതകത്തിന് പിന്നിൽ ഒരേ സംഘമെന്ന് ആണ് സൂചന: മൂവരേയും കൊലപ്പെടുത്തിയ വെടിയുണ്ടകൾ ഒരേ തോക്കിൽ നിന്നുള്ളതാണ് എന്ന് അവരുടെ ലാബിലെ പരിശോധനയിൽ വെളിവായിരിക്കുന്നു. 'സനാതൻ സൻസ്ത' എന്ന സംഘടനയിലേക്ക് ആണ് സംശയത്തിന്റെ മുന നീളുന്നത്. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ്' സനാതൻ സൻസ്ത'.
ഈ നൽവരുടെയും മുഖ്യശത്രുക്കൾ തീവ്രവർഗ്ഗീയവാദികൾ ആണെന്ന് നമുക്ക് നിസ്സംശയം പറയുവാൻ കഴിയുംഇവരുടെ എല്ലാം കൊലയിൽ സമാനതകൾ ഉണ്ടായിരുന്നത് തികച്ചും യാദൃശ്ചികമാകില്ലല്ലോ. ആദ്യം ഈ നാലു പേരെയും പറ്റി ചുരുക്കമായി മനസ്സിലാക്കിയാൽ മാത്രമേ അവരെ കൊല്ലുന്നതുകൊണ്ട് ആർക്കാണ് നേട്ടം എന്ന് ഊഹിക്കുവാൻ കഴിയും. ഒപ്പം അവരെ കൊലപ്പെടുത്തിയതുകൊണ്ട് അവർ പ്രതിനിധാനം ചെയ്ത ആശയങ്ങളെ ഇല്ലായ്മ ചെയ്യുവാൻ കഴിഞ്ഞുവോയെന്നും പരിശോധിക്കുകയാണ് ഈ കുറിപ്പിൽ.
ഡോ. നരേന്ദ്ര ദബോൽക്കർ
നരേന്ദ്ര ദബോൽക്കർ ഒരു മെഡിക്കൽ ഡോക്ടർ ആയിരുന്നു. അദ്ദേഹം അന്ധവിശാസത്തിനും മാന്ത്രികതാന്ത്രിക വിദ്യകൾക്കും എതിരെ പോരാടിയ ഒരു യുക്തിവാദിയായിരുന്നു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ സാധാരണ മനുഷ്യർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും അന്ധവിശ്വാസങ്ങൾക്കെതിരായും മന്ത്രവാദത്തിനും ആൾദൈവങ്ങൾക്കെതിരെയും ദിവ്യാത്ഭുതങ്ങൾക്കെതിരെയും ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുവാൻ ആത്മാർത്ഥമായി ശ്രമിച്ച ദബോൽക്കർ ' മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതി' യുടെ സ്ഥാപകൻ കൂടിയായിരുന്നു. ഒരിക്കലും മതത്തിനും ദൈവത്തിനും എതിരായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം, മറിച്ച് മതവും ദൈവങ്ങളും ചൂഷണോപാധിയായി മാറുന്നത്തിനെതിരെയായിരുന്നു. ആൾദൈവങ്ങൾക്കെതിരെ ശക്തമായി പോരാടിയ അദ്ദേഹം ഹിന്ദുത്വരാഷ്ട്രീയ കക്ഷികളുടെ കണ്ണിലെ കരടായിരുന്നു. 2013 ആഗസ്‌ററ് മാസം 20 നു രാവിലെ പ്രഭാത സവാരിക്കിടയിൽ വെടിയേറ്റ് മരിച്ചു. മോട്ടോർസൈക്കിളിൽ ഹെൽമെറ്റ് ധരിച്ചു വന്ന രണ്ടു ചെറുപ്പക്കാരായിരുന്നു ഘാതകർ. ദബോൽക്കർ മരിക്കുമ്പോൾ അദ്ദേഹത്തിന് 67 വയസ്സായിരുന്നു പ്രായം.
ഗോവിന്ദ് പൻസാരെ
മഹാരാഷ്ട്രയിലെ ഒരു കമ്മ്യൂണിസ്‌റ് നേതാവായ ഗോവിന്ദ് പൻസാരെയുടെ വധവും നരേന്ദ്ര ദബോൽക്കറുടേതിന് സമാനമായിരുന്നു. 2015 ഫെബ്രുവരി 16 രാവിലെ 9. 30ന് പ്രഭാതസവാരി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഗോവിന്ദ് പൻസാരെയും അദ്ദേഹത്തിന്റെ ഭാര്യ ഉമാ പൻസാരെയും വെടിയേറ്റ് വീണത്. പൻസാരെ നാലാം ദിനം, അതായതു ഫെബ്രുവരി 20 നു മരണത്തിനു കീഴ്‌പ്പെട്ടു. മോട്ടോർസൈക്കിളിൽ ഹെൽമെറ്റ് ധരിച്ചു വന്ന രണ്ടു ചെറുപ്പക്കാരായിരുന്നു വെടി വെച്ചത്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പുരോഗതിക്കായി അഹോരാത്രം പണിയെടുത്ത അദ്ദേഹം ദാബോൽക്കറെപ്പോലെ അന്ധവിശ്വാസത്തിനും മറ്റും എതിരായി ജനങ്ങളെ ബോധവത്കരിക്കുവാൻ ശ്രമിച്ചിരുന്നു. നിരവധി തൊഴിലാളികളെ ട്രെഡുയൂണിയൻ പ്രസ്ഥാനത്തിലേയ്ക്ക് സംഘടിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നല്ലൊരു എഴുത്തുകരൻ കൂടിയായ അദ്ദേഹം തൊഴിലാളികൾക്കുവേണ്ടി അവരുടെ അവകാശങ്ങൾ, മാന്യമായ കൂലി, ഭക്ഷണം, മറ്റ് പൗരാവകാശങ്ങൾ എന്നിവ ഉദ്‌ബോധിപ്പിക്കുന്ന വിധത്തിൽ ഒട്ടനവധി ലഘുലേഖകൾ തയ്യാറാക്കിയിട്ടുണ്ട്. .
പൻസാരെ എഴുതിയ 'ആരാണ് ശിവാജി' (ശിവാജി കോൻ ഹോത്താ?) എന്ന ലഘുലേഖ മറാഠിയിലും ഇംഗ്ലീഷിലുമായി രണ്ട് ലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്. ഹൈന്ദവ ശക്തികൾ തങ്ങളുടെ വക്താവായി കൊണ്ടുനടന്ന് വർഗ്ഗീയരാഷ്ട്രീയം കളിക്കാൻ എന്നും ഉപയോഗിച്ചിരുന്ന ശിവാജി ഒരു ജനകീയനായ രാജാവായിരുന്നുവെന്നും ദരിദ്രനാരായണന്മാർക്കുവേണ്ടിയും കർഷകർക്കുവേണ്ടിയും അക്ഷീണം പ്രവർത്തിച്ചിരുന്നുവെന്നും ചരിത്രതെളിവുകളുടെ അടിസ്ഥാനത്തിൽ പൻസാരെ 'ആരാണ് ശിവാജി'എന്ന കൃതിയിലൂടെ വെളിവാക്കി. ഹിന്ദുത്വവാദികൾ പറയുന്നത് പോലെ ബ്രാഹ്മണരുടെയും ഗോക്കളുടെയും സംരക്ഷകനല്ല മറിച്ച് കർഷകർ, സ്ത്രീകൾ, ശൂദ്രാദിശൂദ്രന്മാർ എന്തിനേറെ മുസ്‌ലീങ്ങളുടെ പോലും സംരക്ഷകനായിരുന്നു ശിവജിയെന്നും അദ്ദേഹം വളരെ അനായാസമായി വിവരിച്ചു. ഹിന്ദുത്വവാദികളുടെ നോട്ടപ്പുള്ളിയാകാൻ വേറെന്തു വേണം. 81 ആം വയസ്സിലാണ് പൻസാരെ കൊല്ലപ്പെടുന്നത്.
ഡോ. എം. എം. കൽബുർഗി
മല്ലേഷപ്പ മാടിവലപ്പ കൽബുർഗി കന്നഡസാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ആയിരുന്നു. തന്നെയുമല്ല, അദ്ദേഹം കന്നട സർവകലാശാലാ മുൻ വി സിയുമായിരുന്നു.
അദ്ദേഹത്തിന്റെ മാർഗ 4 എന്ന പഠന ലേഖനസമാഹാരത്തിനു 2006 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. ഇടതു ചിന്താഗതിക്കാരനും യുക്തിവാദിയുമായിരുന്ന കൽബുർഗി, കാലങ്ങളായി കർണ്ണാടകയിൽ തുടരുന്ന അന്ധവിശ്വസങ്ങളെ ചോദ്യം ചെയ്തു. വിഗ്രഹാരാധനയെ എതിർത്തു. ജാതി വ്യവസ്ഥക്കെതിരെയും പോരാടി. പല ആരാധനാരീതികളെയും വിമർശിച്ചു. ഇതൊക്കെയും വർഗ്ഗീയശക്തികളുടെ എതിർപ്പിനു കാരണമായി. ആഗസ്‌ററ് 30ന് ധാർവാഡിൽ കല്യാൺ നഗറിലെ വീട്ടിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കൽബുർഗിയെ വെടിവെച്ച് കൊന്നത്.
അന്ധവിശ്വാസത്തിനും വിഗ്രഹാരാധനക്കും എതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ കൽബുർഗി ഒട്ടും ഭയപ്പെട്ടിരുന്നില്ല. വിഗ്രഹാരാധനയെ എതിർത്തതിന് കൽബുർഗിക്കു തീവ്രഹിന്ദുത്വവാദികളുടെ വധഭീഷണിയുണ്ടായിരുന്നു. പ്രൊഫ. യു. ആർ. അനന്തമൂർത്തിയുടെ കാലടികൾ പിന്തുടർന്ന കൽബുർഗിക്കു വിഗ്രഹാരാധനയോടു സമരസപ്പെടുവാൻ കഴിഞ്ഞിരുന്നില്ല. ദൈവകോപമുണ്ടാകുമോ എന്നു അറിയാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു. ആർ. അനന്തമൂർത്തിയുടെ വരികൾ ഒരു ചടങ്ങിൽ കൽബുർഗി പ്രസംഗിച്ചിരുന്നു. . തുടർന്ന് കൽബുർഗിക്കെതിരേ വി. എച്ച്. പി. യും,ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.
അദ്ദേഹം വെടിയേറ്റ് മരിക്കുമ്പോൾ പ്രായം 76 ആയിരുന്നു.
ഗൗരി ലങ്കേഷ്
1962 ൽ ജനിച്ച ഗൗരി ലങ്കേഷ്,ഭാരതത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയും ആയിരുന്നു. അറീയപ്പെടുന്ന കവിയും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. പിതാവ് പി. ലങ്കേഷ് തുടങ്ങിയ 'ലങ്കേഷ് പത്രികെ' എന്ന ആഴ്ചപതിപ്പിന്റെ എഡിറ്ററായി 2005 വരെ പ്രവർത്തിച്ചിരുന്നു. 2005 മുതൽ ' ഗൗരി ലങ്കേഷ് പത്രികെ' എന്ന പേരിൽ സ്വന്തമായ പത്രമാരംഭിച്ചു.
രാജരാജേശ്വരി നഗറിലെ വീട്ടിൽ വെച്ച് സെപ്റ്റംബർ 5, 2017 നു രാത്രി 8 മണിയോടെ ചില അജ്ഞാതരുടെ വെടിയേറ്റു 55 ആം വയസ്സിൽ മരിക്കുകയായിരുന്നു. മോട്ടോർസൈക്കിളിൽ ഹെൽമെറ്റ് ധരിച്ചു വന്ന രണ്ടു ചെറുപ്പക്കാരായിരുന്നു വെടി ഉതിർത്തത്.
തീവ്രഹിന്ദുത്വ നിലപാടുകൾക്കും ഫാസിസത്തിനും എതിരെ ശക്തമായി പോരാടിയിരുന്ന ഗൗരി ലങ്കേഷ്, എന്നും തീവ്രവലതുപക്ഷ രാഷ്ട്രീയകക്ഷികളുടെ കണ്ണിലെ കരടായിരുന്നു. കർണാടകയിലെ ഹിന്ദുവർഗീയതയുടെ വക്താക്കൾക്കു ഏറ്റവും നീരസമുളവാക്കിയ എം എം കൽബുർഗിയുടെ കൊലയാളികളെ അറസ്റ്റു ചെയ്യാഞ്ഞതിൽ ഏറ്റവും അധികം പ്രതികരിച്ചിരുന്നത് ഗൗരി ലങ്കേഷ് ആയിരുന്നു. കർണാടകയിലെ B J P നേതാക്കളുടെ അഴിമതിക്കഥകൾ തന്റെ ടാബ്ലോയിഡിൽ കുടി പുറത്തു കൊണ്ടുവന്നതും അവരോടുള്ള എതിർപ്പ് വർദ്ധിപ്പിച്ചു.
എന്നാൽ മതനിരപേക്ഷതയിൽ ഉറച്ചു നിന്ന ഗൗരി റോഹിങ്ക്യ മുസ്ലിമുകൾക്കു വേണ്ടിയും ശബ്ദമുയർത്തിയിരുന്നു. അവരുടെ അവസാനത്തെ ട്വീറ്റ് ആ വിഷയം സംബന്ധിച്ചു ആയിരുന്നു.
മലയാളികളുടെ മതനിരപേക്ഷത തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്ന് പറഞ്ഞ ഗൗരി വെടിയേൽക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നിരുന്നു. കന്യാസ്ത്രീകൾ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗൗരിഫേസ്‌ബുക്കിൽ ആശംസകൾ അറിയിച്ചത്
അടുത്ത തവണ ഓണമാഘോഷിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലായിരിക്കും. അന്ന് എനിക്ക് ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്‌നേഹിതർ മതേതരത്വം നിലനിർത്തണം. കേരളത്തെ രാജ്യം ( God's Own Coutnry) എന്ന് വിളിക്കുവാനാണ് താൻ ഇഷ്ട്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് ആ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ആ ലിസ്റ്റിൽ ഇനിയും പലരും
ഹിന്ദുത്വ തീവ്രവാദികൾ ഇനിയും കൊല്ലുവാനായി പലരുടെയും പേരുകൾ ഒരു ലിസ്റ്റായി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിൽ ഉണ്ടെന്നു പറയുന്ന ഒരു പ്രധാന പേര് ആണ്,കർണ്ണാടകയിലെ പുരോഗമനവാദിയും യുക്തിവാദിനേതാവുമായ പ്രൊഫ. കെ. എസ് ഭഗവാന്റേതു. 'അടുത്ത ഊഴം കെ. എസ് ഭഗവാന്റേത്' എന്നാണ് ബജ്‌റംഗ്ദൾ കോകൺവീനർ ഭുവിത് ഷെട്ടി കൽബുർഗിയുടെ വധത്തിനു ശേഷം ട്വിറ്ററിൽ കുറിച്ചത്, ഭഗവദ്ഗീതയെ കുറിച്ച് പ്രൊഫ. ഭഗവാൻ നടത്തിയ ചില പരാമർശങ്ങൾ ഹിന്ദുത്വ സംഘടനകളെ ഇദ്ദേഹത്തിനെതിരെ തിരിച്ചു. ഭഗവദ്ഗീതയിലെ ചില വരികൾ കത്തിക്കേണ്ടതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ദളിത് യുവാവിന്റെ വിരൽ ജന്മി അറുത്തെടുത്തതിനെതിരെ ഭഗവാൻ ശക്തമായി പ്രതികരിച്ചതും സംഘ്പരിവാർ സംഘടനകൾ ഇദ്ദേഹത്തിനെതിരെ തിരിയാൻ കാരണമായി.
പ്രശസ്ത എഴുത്തുകാരനും,പണ്ഡിതനും എം. ജി സർവകലാശാലയുടെ മുൻവൈസ് ചാൻസലറും ആയ പ്രൊഫ. യു ആർ അനന്തമൂർത്തിയും അവരുടെ നോട്ടപുള്ളിയായിരുന്നു. 2014 ഓഗസ്റ്റ് 22 ന് അദ്ദേഹം അന്തരിച്ചപ്പോൾ അവർ മധുരം വിളമ്പി ആഘോഷിച്ചു എന്നതിലൂടെ അത് വ്യക്തമാകുന്നുണ്ട്. മോദി അധികാരത്തിൽ വന്നാൽ താൻ രാജ്യം വിട്ടു പോകുമെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നതാണ് കാരണം.
നമ്മുടെ രാഷ്ട്രപിതാവിനെ വെടി വെച്ചു കൊന്നപ്പോൾ ഈ ആശയക്കാർ ഇന്ത്യയുടെ പല ഭാഗത്തും മധുരപലഹാരം നൽകി ആഘോഷിച്ചുവെന്ന ചരിത്ര വസ്തുത ഇവിടെ സ്മരണീയമാണ്. എന്തിനധികം, നമ്മുടെ തിരുവനന്തപുരത്തും അങ്ങനെ ആഘോഷിച്ചതായി വളരെ വേദനയോടെ ഓ എൻ വി കുറുപ്പ് അനുസ്മരിച്ചത് വായിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
1991 ഫെബ്രുവരി 10ന് കലാകൗമുദിയിൽ, ഒ. എൻ. വി കുറുപ്പ് എഴുതിയ ലേഖനത്തിലാണ് ഈ കാര്യം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കൂട്ടരുടെ ഫാസിസ്റ്റു മനോഭാവം എത്ര തീവ്രമാണെന്നു ഇതിലൂടെ മനസ്സിലാക്കുവാൻ കഴിയുമല്ലോ
എഴുത്തിന്റെ ശക്തിയെ ഭയപ്പെടുന്നവർ
' പേന തോക്കിനെക്കാൾ ശക്തമാണ് ' എന്ന് നെപ്പോളിയൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ഏകാധിപതികളും ഫാസിസ്റ്റുകളും പേനയെ എന്നും ഭയപ്പെടുന്നു. ഇന്ന് നമ്മുടെ രാജ്യത്തു എഴുത്തുകാരും പുരോഗമന ആശയക്കാരും കൊല്ലപ്പെടുന്നതിന്റെ കാരണം ഈ ഭയം മാത്രമാണ്. . ആശയത്തെ ആശയം കൊണ്ട് നേരിടുവാൻ കഴിയാതെ വരുമ്പോൾ ആ ഭീരുക്കളുടെ മുമ്പിൽ ഉള്ള എളുപ്പവഴിയാണ് ഉന്മൂലനം. അതാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.
സാധാരണഗതിയിൽ, ക്രൂരകൊലയാളികൾ പോലും സ്ത്രീകളോടും വയോധികരോടും ദയ കാട്ടാറുണ്ട്. എന്നാൽ ഇവിടെ അമ്പത്തഞ്ചു വയസ്സ് പിന്നിട്ട ഒരു സ്ത്രീയും, 67, 76, 81 എന്ന പ്രായത്തിൽ പെട്ട മൂന്നു വയോധികരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെയും വയോധികരെയും പോലും ഭയപ്പെടുന്ന മതതീവ്രവാദികൾ.
4 മഹത്തുക്കളെ അവർ കൊന്നൊടുക്കി. മോട്ടോർ സൈക്കിളും ഹെൽമറ്റും ഒരു കൈത്തോക്കും മതി ആ ഭീരുക്കൾക്കു ഒരു ആശയത്തെ ഇല്ലാതാക്കുവാൻ എന്നാണ് അവർ ധരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെ ആശയത്തെ ഇല്ലാതാക്കുവാൻ സാധിക്കുമോ?
ഇല്ല എന്ന് മാത്രമല്ല അത് പൂവ്വാധികം ശക്തി പ്രാപിക്കുമെന്നതാണ് വാസ്തവം. കഴിഞ്ഞ 4 കൊലപാതകത്തെ ഒന്ന് അവലോകനം ചെയ്താൽ അത് ബോധ്യമാകും. ദാബോൽക്കറുടെ കൊലപാതകം ഉളവാക്കിയത് അത്ര ശക്തമല്ലാത്ത പ്രതിഷേധം ആയിരുന്നു. പിന്നീട് നടന്ന ഓരോ കോലപാതകങ്ങളിലും പ്രതിഷേധത്തിന്റെ ശക്തി ഉയരുകയായിരുന്നു. കൽബുർഗിയുടെ മരണത്തോടെ അത് അതിശക്തമായി. ഏറ്റവും ഒടുവിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ പ്രതിഷേധം ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ഇന്ത്യ ഇന്ന് വരെ കാണാത്ത പ്രതിഷേധക്കാറ്റായി അത് ഇന്നും ആഞ്ഞടിക്കുകയാണ്.
ഇവിടുത്തെ അറിയപ്പെടുന്നതും അല്ലാത്തതുമായ അനേക എഴുത്തുകാർ ഇവിടെ ഉറക്കെ ശബ്ദിച്ചു. സോഷ്യൽ മീഡിയയും അതെ സ്വരം ആവർത്തിച്ചു. ഇനിയും പ്രതികരിക്കാതിരിക്കാൻ വയ്യാത്ത ഒരവസ്ഥയിലേക്ക് എഴുത്തുകാരും സാധാരണജനങ്ങളും എത്തിച്ചേർന്നിരിക്കുന്നു.
കഴുത്ത് പോയാലും എഴുതും
' എഴുത്തോ നിന്റെ കഴുത്തോ ' അടിയന്തിരാവസ്ഥയിൽ പ്രശസ്ത എഴുത്തുകാരൻ എം. ഗോവിന്ദൻ എഴുതിയ ഈ വരികൾക്ക് അന്നത്തേതിലും പ്രസക്തി വന്നിരിക്കുന്നത് ഇന്നാണ്. എഴുത്തു വേണമെന്ന് നിർബന്ധമായാൽ നിന്റെ കഴുത്ത് പോകുമെന്ന അവസ്ഥ ഇവിടെ കടന്നു വന്നിരിക്കുന്നു. എന്നാൽ അവിടെയും ഒരു പ്രത്യാശ ഉള്ളത്, കഴുത്തു പോയാലും എഴുതും എന്ന് പറയുന്ന ഒരു സമൂഹം ഇവിടെ ഉയർന്നു വന്നിരിക്കുന്നു. അവരാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യം മുഴുവനും ശബ്ദം ഉയർത്തിയത്. ഇപ്പോഴും ഉയർത്തിക്കൊണ്ടിരിക്കുന്നതു.
ഒരു കൊലപാതകം കൊണ്ട് ഒരു ശരീരത്തെ മാത്രമേ നശിപ്പിക്കുവാൻ സാധിക്കുകയുള്ളൂവെന്നും ഈ കൊലപാതകപരമ്പര തെളിയിച്ചിരിക്കുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന ധാബോൽക്കറും, പൻസാരെയും, കൽബുർഗിയും ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്നു. അവരുടെ ആശയങ്ങൾ, അവരുടെ പോരാട്ടങ്ങൾ ഇന്ന് അനേകരുടെ ആവേശമായി മാറിയിരിക്കുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അതിനെതിരെയുള്ള പ്രതിഷേധം നിറഞ്ഞു കവിഞ്ഞതിലൂടെ അതാണ് വെളിവാക്കുന്നത്. അതിനു മുമ്പ് ഗൗരിയെ അറിയാത്തവർ പോലും അന്ന് ശക്തമായി എഴുതി. ആ ദിനങ്ങളിൽ വളരെ ശക്തമായി ആ കൊലയെ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയ ഒരു സുഹൃത്തിനോട് ഈ ലേഖകൻ, ഗൗരി ലങ്കേഷിനെ പറ്റി നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഒരു മടിയും കൂടാതെ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. ' ഇല്ല ആദ്യമായി ഇപ്പോൾ ആണ് അറിയുന്നത്,അറിഞ്ഞപ്പോൾ അവരുടെ മരണം ജനാധിപത്യത്തിന്റെ മരണമാണെന്ന് മനസിലായി,അപ്പോൾ പിന്നെ എങ്ങനെ പ്രതികരിക്കാതെ ഇരിക്കും '
ഈ കൊലകൾക്കു പിന്നിലുള്ളവർ എന്ന് സംശയിക്കുന്ന പ്രസ്ഥാനങ്ങളെ വളരെയധികം വിമർശിച്ച മറ്റൊരു വ്യക്തിയോടെ, ഈ പോസ്റ്റ് ഒക്കെ പ്രസ്തുത പ്രസ്ഥാനങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റി ശരിക്കും ബോധ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ' അവർ കൊല്ലുമെന്നല്ലേ ഉദ്ദേശിക്കുന്നത്, കൊന്നു കൊള്ളട്ടെ,ഞാൻ അങ്ങനെ മരിക്കാൻ തയ്യാറാണ്. എന്നാലും ഇതൊന്നും ഇനിയും നിർത്തില്ല'. ഇതാണ് ഈ രാജ്യത്തിന്റെ പ്രത്യാശ. നമ്മുടെ പൗരന്മാരുടെ ആശയങ്ങളോടുള്ള പ്രതിപത്തി.
അപ്പോൾ ആശയങ്ങളെ ഭയക്കുന്ന കൊലയാളികളേ,നിങ്ങൾ എത്ര പേരെയാണ് കൊന്നൊടുക്കുവാൻ ഭവിച്ചിരിക്കുന്നതു? നിങ്ങളോർക്കുക, ഓരോ കൊലയ്ക്കു ശേഷവും ആയിരങ്ങൾ ഇവിടെ ഉയിർത്തെഴുനേൽക്കും.
' ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നു. . . ഉയരുന്നു, അവർ നാടിൻ മോചന
രണാങ്കണത്തിൽ പടരുന്നു. . . ' ഈ ഗാനം എഴുപതുകളിലെ ആവേശമായിരുന്നു.
പി. ഭാസ്‌കരൻ രചിച്ചു ദേവരാജൻ ഈണമൊരുക്കി യേശുദാസ് പാടിയ ഈ ഗാനം 1973 ൽ ഇറങ്ങിയ 'മൂലധനം 'എന്ന ചിത്രത്തിലേതാണ്. ആ വരികൾ അന്വർത്ഥമാകുന്ന വിധത്തിലാണ് ഇന്ന് ഇന്ത്യയിലെ കാര്യങ്ങൾ. അതിന്റെ ആദ്യചരണങ്ങൾ എത്ര അന്വർത്ഥമായിരിക്കുന്നു.
വെടിവച്ചാലവർ വീഴില്ലവീഴില്ലവീഴില്ല
അടിച്ചുടച്ചാൽ തകരില്ലതകരില്ലതകരില്ല
വെടിവച്ചാലവർ വീഴില്ല
അടിച്ചുടച്ചാൽ തകരില്ല
മജ്ജയല്ലതു മാംസമല്ലതു
ദുർജ്ജയ നൂതനജനശക്തി
ജനശക്തിജനശക്തിജനശക്തി.
ഗൗരി ലങ്കേഷിന്റെ കൊലയിൽ ആഹ്ലാദിച്ച് ആഘോഷിച്ചവരെ, അവരെ പട്ടിയെന്നു വിളിച്ച് ദാർഷ്ട്യം കാണിച്ചവരെ, നിങ്ങൾക്ക് തെറ്റി, ആ മരണത്തിൽ നിന്നും ആയിരങ്ങൾ, പതിനായിരങ്ങൾ ഉയരുകയാണ്, ഒരു പുതുശക്തിയായി ഉയരുകയാണ്.