ഭിഭാഷകമാദ്ധ്യമ തർക്കത്തിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ജാഥ ലേഖകൻ, കാണാനിടയായി. ഡിസംബർ 21നായിരുന്നു പ്രതിഷേധ മാർച്ച്. മാദ്ധ്യമ പ്രവർത്തകരുടെ വായ് ഹൈക്കോടതി മൂടികെട്ടി എന്നാണ്, യൂണിയനുകളുടെ വിമർശനം. മാർച്ചിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ചുമട്ടുതൊഴിലാളികളുംഓട്ടോറിക്ഷാതൊഴിലാളികളും. അപഹാസ്യമായ ഒരു നടപടി. കഴിഞ്ഞ ജൂലൈ മൂന്നാംവാരത്തിൽ ഹൈക്കോടതി പരിസരത്ത് അരങ്ങേറിയ അപലക്ഷണീയ നടപടികളുടെ ഒരു തുടർക്കഥ.

മാദ്ധ്യമ റിപ്പോർട്ടിംഗിനെ സംബന്ധിച്ചുള്ള കേസുകൾ ഹൈക്കോടതി മുമ്പാകെ നിലവിലുണ്ട്. കേരളാ ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ഫുൾ ബഞ്ചാണ് കേസുകൾ കേൾക്കുന്നത്. കഴിഞ്ഞ ഡിസംബർ 13ന് കേസ് വാദത്തിന് വന്നപ്പോൾ കൂടുതൽ വാദത്തിനായി ജനുവരി 11ലേക്ക് മാറ്റി വച്ചിരിക്കയാണ്. കേസ് വിചാരണയിൽ കോടതിയെ സഹായിക്കുവാനായി മുതിർന്ന അഭിഭാഷകൻ ശ്രീ. എൻ.എൻ. സുഗുണപാലനെ, അമിസ്‌ക്കസ്‌ക്യൂറിയായി കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രധാന കേസ്, ലേഖകൻ, ഹർജിക്കാരുടെ അഭിഭാഷകനായി നിലവിലുള്ള സെന്റർ ഫോർ എഡ്യുക്കേഷൻ, പാലായുടെ മാദ്ധ്യമ റിപ്പോർട്ടിംഗിന്, ചട്ടങ്ങൾകൊണ്ടുവരണമെന്നുള്ള ഹർജി. മേൽ റിട്ട് ഹർജിയിൽ, ജഡ്ജിമാരും, അഭിഭാഷകരും കേസ്സുവാദത്തിനിടെ നടത്തുന്ന പരാമർശനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നുള്ള, നിവൃത്തിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാദ്ധ്യമ റിപ്പോർട്ടേഴ്സിന് റൂൾസ് നടപ്പാക്കണമെന്നുള്ള ഉപഹർജിയും. ഈ റിട്ട് ഹർജിയോടൊപ്പം മറ്റ് റിട്ട്ഹർജികളും നിലവിലുണ്ട്.

ലേഖകൻ അഭിഭാഷകനായ റിട്ട് ഹർജിയിൽ 32 ഓളം എതിർകക്ഷികൾ കേരളാ ഹൈക്കോടതി, സംസ്ഥാന കേന്ദ്ര സർക്കാരുകൾ, ബാർ കൗൺസിൽ, കേരള ഹൈക്കോർട്ട്, അഡ്വക്കേറ്റ്സ് അസോസിയേഷൻ, ദിനപ്പത്രങ്ങൾ, ചാനലുകൾ ഇവർ എതിർകക്ഷികൾ. മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കുംവേണ്ടി ഹാജരാവുന്നത് മുതിർന്ന അഭിഭാഷകനായ എം. ആർ. രാജേന്ദ്രൻ നായർ, അഡ്വ. കാളീശ്വർ രാജ്, അഡ്വ. ഉദയഭാനു, അഡ്വ. നന്ദഗോപാൽ നമ്പ്യാർ, അഡ്വ. സെബാസ്റ്റ്യൻ പോൾ എന്നിവർ. ഇതിനിടെ കേരള ഹൈക്കോടതി മാദ്ധ്യമ റിപ്പോർട്ടേഴ്സിനായുള്ള അക്രഡിറ്റേഷൻ റൂൾസ് നിലവിൽ കൊണ്ടുവന്നു. ഇപ്പോൾ അക്രഡിറ്റേഷൻ റൂൾസിന് എതിരെയാണ് യുദ്ധം. ലോകത്തെങ്ങും ഇല്ലാത്ത നിബന്ധനകളാണ് ചട്ടങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, എന്നാണ് ആക്ഷേപം.

സുപ്രീംകോടതിയിൽ സമാനചട്ടങ്ങൾ 30.11.2007ൽ നിലവിൽ വന്നതാണ്. കൂടുതൽ കർശന നിബന്ധനകളോടുകൂടി, മേൽചട്ടങ്ങൾ ഭേദഗതിചെയ്ത് 7/09/2015ൽ പുതിയ ചട്ടങ്ങൾ നിലവിൽവന്നിട്ടുള്ളതാണ്. ഇതാണ് യഥാർത്ഥ സ്ഥിതി. അത് മറച്ചുവച്ചുകൊണ്ടാണ് അക്രഡിറ്റേഷൻ റൂൾസിന് എതിരെയുള്ള ആക്രോശങ്ങൾ. സത്യം ഇതായിരിക്കേ അക്രഡിറ്റേഷൻ റൂൾസിന് എതിരെ മുഖപ്രസംഗം എഴുതിയ പത്രങ്ങൾവരെ നമ്മുടെ നാട്ടിലുണ്ട്. അക്രഡിറ്റേഷൻ റൂൾസിന് എതിരെ ആഞ്ഞടിക്കുന്ന ഭരണഘടനാ വിദഗ്ദ്ധരും, പാർലമെന്ററിയേഷൻസും, രാഷ്ട്രീയ നേതാക്കന്മാരും, ഒന്നുങ്കിൽ സുപ്രീംകോടതിയുടേയോ, ഹൈക്കോടതിയുടേയോ അക്രഡിറ്റേഷൻ റൂൾസ് കണ്ടിട്ടില്ല, വായിച്ചിട്ടില്ല, വായിച്ചിട്ടുണ്ടെങ്കിൽ, മനഃപൂർം കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കേസുവാദിക്കുന്ന മാദ്ധ്യമ അഭിഭാഷകരുടെ സ്ഥിതി വ്യത്യസ്തമല്ല. മാദ്ധ്യമ അഭിഭാഷകരായ കാളീശ്വർ രാജിനും, സെബാസ്റ്റ്യൻ പോളിനും, ഉദയഭാനുവിനും സത്യസ്ഥിതി പൊതുജനങ്ങളോട് വിശദീകരിക്കേണ്ട ധാർമ്മിക ബാദ്ധ്യതയുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് സുപ്രീംകോടതിയിലും, കേരളാ ഹൈക്കോടതിയിലും, കേസ്സ് നിലവിലരിക്കേ ഹൈക്കോടതിയേലേക്കുള്ള പ്രതിഷേധമാർച്ച്, ജുഡീഷ്യറിയുടെ നേരേയുള്ള വെല്ലുവിളിയാണ്. ജഡ്ജിമാരുടെ മേലുള്ള സമർദ്ദമാണ്, അത്. തദ്വാരാ, കോടതിയലക്ഷ്യവുമാണ്. ജുഡീഷ്യറിയോടുള്ള വെല്ലുവിളിക്ക് പാവപ്പെട്ട ഓട്ടോ, ചുമട്ടു തൊഴിലാളികളെ ഉപകരണമാക്കരുതേ, എന്നാണ് സെബാസ്റ്റ്യൻ പോളിനോടുള്ള അപേക്ഷ. അക്രഡിറ്റേഷൻ റൂൾസിന് എതിരേ പരാതി ഉണ്ടെങ്കിൽ, പരാതിക്കാർ ഹൈക്കോടതിയോ, സുപ്രീംകോടതിയെയോ ആണ് സമീപിക്കേണ്ടത്. അല്ലാതെ പൊതുവഴിയിൽ കോടതിയെ പുലഭ്യംപറയുകയല്ല വേണ്ടത്..

(കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ലേഖകൻ. ആനുകാലിക സംഭവങ്ങളെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നു അഡ്വ. ജോൺസൺ മനയാനി നിരവധി പൊതുതാല്പര്യ ഹർജികൾ നൽകി വിജയം നേടിയിട്ടുള്ള അഭിഭാഷകൻ കൂടിയാണ്.)