തീർത്തും ആധികാരികമായ വിജയത്തോടെ ഒരിക്കൽക്കൂടി ഇടതുമുന്നണി കേരളത്തിൽ അധികാരത്തിൽ എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളാണ് ഈ സർക്കാറിൽ ജനങ്ങൾക്കുള്ളത്. കേരളരാഷ്ട്രീയത്തെ അടുത്തും അകലെയും കാണുവാൻ ശ്രമിച്ച മലയാളിയായ (സോമാലിയക്കാരനല്ല) ഒരു പൗരൻ എന്ന നിലയിൽ ഒരു ചെറിയ കുറിപ്പെഴുതുകയാണ്. ഇതെഴുതുവാൻ സഹായിച്ച നവമാദ്ധ്യമ വിപ്ലവത്തിന് ഏഴു നിറങ്ങളും ചേർത്ത അഭിവാദ്യങ്ങൾ. 

ആദ്യം തന്നെ പറയട്ടെ ഞാൻ ഒരു സഖാവല്ല. ആയിരുന്നുമില്ല, ആകാൻ സാധ്യത കുറവുമാണ്. പിന്നെ നവമാദ്ധ്യമങ്ങളിലെ ട്രോളന്മാരുടെ ഭാഷയിൽ പറയുന്ന കോങ്കി, മങ്കി, സംഘി ഗണങ്ങളിലും എന്നെ ദയവായി ഉൾപ്പെടുത്തരുത്.

ഒരു ഘട്ടത്തിലും വിവാദങ്ങളൊഴിയാതിരുന്ന മുൻ ഭരണം, ഇടതുപക്ഷത്തിനു തീർത്തും അനുയോജ്യമായ ഒരു രാഷ്ട്രീയ കാലാവസ്ഥ ഒരുക്കി കൊടുത്തുവെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ കേരളം കണ്ടിട്ടുള്ളതിൽ വച്ച് മികച്ച സർക്കാരുകളിൽ ഒന്നായിരുന്നു ശ്രീ ഉമ്മൻ ചാണ്ടിയുടെത് എന്നതും നിസ്തർക്കം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലങ്ങോളമിങ്ങോളം നടപ്പാക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മനുഷ്യവിഭവശേഷിയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ആവിഷ്‌ക്കരിച്ച പദ്ധതികളും ഏറെ പ്രശംസനീയമാണ്. തന്നെ കണ്ടും അടുത്തും അറിഞ്ഞ ജനങ്ങളുടെ ഹൃദയങ്ങളിൽ അപ്രതിരോധ്യമായ ഒരിടം നേടിയ സമാനതകളില്ലാത്ത കോൺഗ്രസ്‌കാരനാണ് ശ്രീ ഉമ്മൻ ചാണ്ടി. (തട്ടിപ്പുകാരിയുടെയും കള്ളുകച്ചവടക്കാരന്റെയും വാക്കുകൾക്കു അവയർഹിക്കുന്ന വില മാത്രം നല്കുക). അദ്ദേഹത്തിന് ഈ പരാജയം രാഷ്ട്രീയ രംഗത്ത് തീർത്തും സ്വാഭാവികമായ വയോധികിക്ഷയങ്ങളുടെ ഭാഗം മാത്രമാണ്.

യു ഡി എഫിനുണ്ടായ പരാജയത്തെ താഴെപ്പറയും വിധം ചുരുക്കി വിലയിരുത്താം 
1) എന്തിലും 'തുട്ടു' ലക്ഷ്യമിട്ടിരുന്ന (കടപ്പാട് സഖാവ് വി എസ് ) യുഡിഎഫ് സർക്കാരിലെ ചില മഹാന്മാരുടെ വൃത്തികെട്ട ഇടപാടുകളും അതിനെ ത്തുടർന്നുണ്ടായ മോശം പ്രതിച്ഛായയും.

2) കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ഗുരുതരമായ പാകപ്പിഴകളും അതിനോടനുബന്ധിച്ച വിവാദങ്ങളും. (സുധീരൻ - ചാണ്ടി - ചെന്നിത്തല ത്രയം ഒരുപോലെ കുറ്റക്കാർ)

3) ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങൾ പൊതുവായി ജനങ്ങളിലെത്തിക്കാതെയുള്ള, ബുദ്ധിശൂന്യമായ, സ്ഥാനാർത്ഥി/വ്യക്തി കേന്ദ്രികൃത തിരഞ്ഞെടുപ്പ് പ്രചാരണ രീതികൾ. ഇതിന്റെ ഉത്തരവാദിത്ത്വത്തിൽനിന്നും യുഡിഎഫ് - കോൺഗ്രസ് സംഘടനാസംവിധാനങ്ങൾക്ക് (ഹൈ ക്കമാണ്ട് ഉൾപ്പെടെ) ഒഴിഞ്ഞുമാറാനാവില്ല.

ഇടതുപക്ഷത്തിന്റെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ
1) സി പി എമ്മിൽ സീതാറാം യെച്ചുരി മുൻകൈ എടുത്ത് ഇരുചെവിയുമറിയാതെയുണ്ടാക്കിയ സമവായം. ഇത്തരത്തിൽ ക്രിയാത്മകമായും തന്ത്രപരമായും ഇടപെടുന്നതിൽ കോൺഗ്രസ് ഹൈക്കമാണ്ട് തീർത്തും പരാജയപ്പെട്ടു.

2) വി എസ് എന്ന ജനപക്ഷ നേതാവിനെ മുന്നിൽ നിർത്തി, പിണറായിയും കോടിയേരിയും പിന്നണിയിൽ രൂപീകരിച്ച തന്ത്രങ്ങൾക്കനുസൃതമായി മുഴുവൻ ഇടതുപക്ഷ മുന്നണിയും എണ്ണയിട്ട യന്ത്രം പോലെ പ്രചാരണ രംഗത്ത് പ്രവർത്തിച്ചു.

3) മികച്ച പ്രകടനപത്രികയ്ക്കും സ്ഥാനാർത്ഥികൾക്കുമൊപ്പം നൂതനവും ഭാവനപൂർണ്ണവും മുന്നണി കേന്ദ്രീകൃതവുമായ പ്രചാരണ പദ്ധതി.

ഇനി പുതിയ മന്ത്രിസഭയെക്കുറിച്ചു ഒരല്പം.
പ്രധാന പരാതി - 'സുന്ദരിയായ ചേടത്തിയെ കാട്ടി അത്ര പോരാത്ത അനിയത്തിയെ കെട്ടിച്ചു' എന്നതാണ്. പക്ഷെ പരാതി പറയുന്നത് എൽ ഡി എഫ് കാരോ സിപിഎമ്മുകാരോ അല്ല എന്നതാണ് വാസ്തവം. കൈപ്പത്തിക്കും താമരക്കും കോ ണിക്കും കുടത്തിനുമൊക്കെ കുത്തിയവരാണ് മുതലക്കരച്ചിലുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. പൊതുജനങ്ങളിൽ ചിലരും അങ്ങനെയൊക്കെ ചിന്തിച്ചെന്നും വരാം. പക്ഷെ അവരൊക്കെ സഖാവ് പിണറായി പറഞ്ഞത് പോലെ 'ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് '. ഒരു കമ്മ്യൂണകാരന്റെ പുരുഷായുസ്സിൽ കിട്ടാവുന്ന പരമാവധി അംഗീകാരങ്ങളും പദവികളും സഖാവ് വി എസിന് കിട്ടി എന്നതാണ് സത്യം. രണ്ടു ദശാബ്ദത്തിലേറെ പോളിറ്റ് ബ്യുറോ അംഗം, 12 വർഷം പാർട്ടി സംസ്ഥാന സെക്രട്ടറി, 5 വർഷം മുഖ്യമന്ത്രി, 15 വർഷം പ്രതിപക്ഷ നേതാവ്, 5 വർഷം എൽ ഡി എഫ് കൺവീനർ അങ്ങനെ പലതും. അവസാനം യെച്ചൂരി സഖാവ് ചാർത്തിക്കൊടുത്ത ഫിദെൽ കാസ്‌ട്രോ പട്ടം പോലും പരിമിതമാ ണ്. ഈ കൊച്ചു കേരളത്തിലും ഇന്ത്യയിലും ജനിച്ചു എന്നത് മാത്രമാകാം സഖാവ് വി എസിന് സംഭവിച്ച ഒരു കുറവ്. അങ്ങ് ക്യുബയിലോ ചൈനയിലോ വെനുസിലയിലോ ആയിരുന്നു ജനിച്ചതെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

പാവപ്പെട്ടവന്റെയും നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശസമരങ്ങളുടെ രണഭൂമികയിൽ കത്തിജ്ജ്വലിച്ചു പ്രകാശം പരത്തുന്ന വിപ്ലവനക്ഷത്രമായി വി എസ് ഇനിയുമുണ്ടാകുമെന്നു തീർച്ച. സഖാവ് പിണറായി വിജയനാകട്ടെ നീണ്ട 17 വർഷം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിൽ അസാമാന്യമായ ചങ്കുറപ്പോടെ നയിച്ചു. അതിനാൽ പാർലെമെന്ററി രംഗത്ത് ദീർഘനാൾ അവസരവും നഷ്ടപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിനു എന്തുകൊണ്ടും അർഹൻ തന്നെ. (വി എസ്സിന്റെ ചരിത്രവും അങ്ങനെയൊക്കെയാണ് ). മറ്റൊരു തരത്തിൽ പറഞ്ഞാൽ യാതൊരു അനർഹതയും ഇല്ല. കേഡർ സ്വഭാവമുള്ള ഒരു പാർട്ടിയുടെ നേതാവിന്റെ കാർക്കശ്യവും കൃത്യതയും നിറഞ്ഞ പെരുമാറ്റരീതിയിൽ നിന്നും ആർജ്ജവത്വമുള്ള ഒരു ഭരണാധികാരിയുടെ ശരീരഭാഷയിലെക്ക് സഖാവ് വിജയൻ രൂപാന്തരപ്പെട്ടു എന്നതിന്റെ സൂചനകളാണ് സത്യപ്രതിജ്ഞാച്ചടങ്ങിലെ ദൃശ്യങ്ങൾ നൽകുന്നത്. നവമാദ്ധ്യമങ്ങളിൽ പ്രചരിച്ച 'പരനാറി, മുണ്ടുടുത്ത മുസ്സോളിനി ' തുടങ്ങിയ വിശേഷണങ്ങളിൽ കഴമ്പില്ല, മലയാളികളുടെ സാമാന്യവൽക്കരിക്കപ്പെട്ട അസൂയയ്ക്കും രാഷ്ട്രീയനിരാശ ക്കുമപ്പുറം.

മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും തീരുമാനിച്ചു 6 ദിവസത്തിനകം അധികാരമേൽക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. ജാതി മത പ്രാദേശിക പരിഗണനകൾക്കപ്പുറം പൊതുപ്രവർത്തനരംഗത്ത് അനുഭവവും കഴിവും ജനസമ്മതിയുമുള്ള നേതാക്കളെ മന്ത്രിമാരാക്കി. ആർക്കും വേണ്ടി താക്കോൽ സ്ഥാനങ്ങൾ തേടി ആരും ഒരിടത്തും പോയില്ല, വന്നുമില്ല. ചുരുക്കത്തിൽ നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. (ഇത്രയും പറഞ്ഞുവച്ചത് പൊള്ളയായ പിണറായി സ്തുതികളല്ലെന്നു 'അരിയാഹാരം' കഴിക്കുന്നവർ മനസിലാക്കുമെന്ന് വിശ്വസിക്കുന്നു ).

സത്യപ്രതിജ്ഞ യോടനുബന്ധിച്ചു ദേശിയ മാദ്ധ്യമങ്ങളിൽ നല്കിയ പരസ്യത്തിന്റെ കാര്യം പറഞ്ഞു പലരും വിമർശനം തുടങ്ങിയിരിക്കുന്നു. ഇത് കാര്യമാക്കേണ്ടതില്ല. മനുഷ്യ വികസന സൂചികയിൽ സ്‌കാന്റിനേവിയൻ രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം എന്ന ഒരു സംസ്ഥാനം ഇങ്ങു തെക്കുണ്ടെന്നുള്ള ഒരു ഗുണപാഠവും തെക്കുള്ളതെല്ലാം സൊമാലിയ പോലെ ആണെന്ന് തെറ്റിദ്ധരിക്കുന്ന വടക്കുള്ള ചില ഫോട്ടോഷോപ്പ് വിദഗ്ദ്ധർക്കുള്ള മറുപടി കൂടിയുമാകട്ടെ ആ പരസ്യം. എന്നുവച്ച് ഇത് ഒരു ശീലവും ആക്കേണ്ട. പ്രകടനപത്രികയിലെ 50% വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചാൽ, സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു സാമൂഹിക പരിസ്ഥിതി ഒരുക്കാനായാൽ, 5 വർഷങ്ങൾക്കപ്പുറം മുദ്രാവാക്യങ്ങൾ തേടി അലയേണ്ടി വരുകയില്ല; നാട്ടുകാർക്ക് ധൈര്യമായി പറയാൻ സാധിക്കും 'വളരണമീ നാട്, തുടരണമീ ഭരണം.' (ഇപ്പോൾ വിജയിക്കാതെപോയ ഒരു മുദ്രാവാക്യം ആണെങ്കിലും പേടിക്കേണ്ടതില്ല, ഭാവിയെക്കുറിച്ച് ഒന്നും പറയാനാവില്ല ). 

ഇനി കാലവും കർമ്മവും അദ്ദേഹത്തെ വിലയിരുത്തട്ടെ.

ഒപ്പം ഈ തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചനകളിൽ പ്രധാനം വർഗീയ കാർഡ് ഇറക്കുന്നവർക്ക് പണി പാലും വെള്ളത്തിൽ കിട്ടുമെന്നും കൂടിയാണ്. ബി ഡി ജെ എസ്സിനെ ചുറ്റിപ്പറ്റിയുള്ള ചില രാഷ്ട്രീയ കളികൾ പാളിയത് പൊതുജനത്തിന്റെ പൗരബോധത്തിനും വ്യജനിർമ്മിതികൾ കൊണ്ട് തകർക്കാ നകാത്ത പാകതവന്ന സ്വത്വ ബോധത്തിനും ശക്തമായ തെളിവാണ്.

മറ്റൊന്ന്, ഇവിടുത്തെ കോൺഗ്രസുകാർ സൂക്ഷിച്ചില്ലെങ്കിൽ, കോൺഗ്രസ്സ് മുക്ത് ഭാരത് എന്ന പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ പദ്ധതിയുടെ പരിധിയിൽ കേരളവും വന്നേക്കാം എന്നതാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയ ശാസ്ത്രപരവും പ്രയോഗ ശാസ്ത്രപരവുമായ കാരണങ്ങളാൽ സംഭവിച്ചേക്കാവുന്ന അസ്വീകാര്യമായ നയരൂപീകരണങ്ങളെയും അതിനുപയോഗിക്കുന്ന പ്രൊപ്പഗാന്ത സംവിധാനങ്ങളെയും അവ അർഹിക്കുന്ന രീതിയിൽ എതിർക്കുവാനും അവയുടെ രാഷ്ട്രീയ ഫലസാധ്യത നന്നായി ഉപയോഗിക്കാനും കെല്പുള്ള മുരളീധരനെയോ വി ഡി സതീശനെയോ പോലുള്ള നേതാക്കളെ പ്രതിപക്ഷനേതാവ് ആക്കുകയാണ് ഒരു തിരിച്ചുവരവിന് യു ഡി എഫിനും കോൺഗ്രസിനും കൂടുതൽ അഭികാമ്യം. ഒരുകാര്യം കൂടി പറയേണ്ടിയിരിക്കുന്നു, കോൺഗ്രസിന് മിടുമിടുക്കന്മാരും ചെറുപ്പക്കാരുമായ അര ഡസനിലധികം MLA മാരെ കിട്ടിയിട്ടുണ്ട്. ഇവരിൽ നിക്ഷേപമർപ്പിക്കുന്നതാണ് കൂടുതൽ വിവേകപൂർണ്ണം, അതിനുള്ള സാധ്യത ഇപ്പോൾ കുറവെങ്കിലും. 'ഉരസു' ത്രിമൂർത്തികൾ പരസ്പരം ഉരസാതെ ഇനിയുള്ള കാര്യങ്ങൾ വരുന്ന തലമുറയ്ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ നടത്തിയാൽ നിരാശപ്പെടേണ്ടി വരികയില്ല.

അവസാനമായി, ബിജെപി യുടെ രാഷ്ട്രീയത്തെ വേണ്ടവിധത്തിൽ അംഗീകരിക്കാനുള്ള വിമുഖത ഇത്തവണയും കേരളത്തിലെ ജനങ്ങൾ കാട്ടി. ഒ. രാജഗോപാലിന്റെ വിജയം പി. സി. ജോർജിന്റെതുപോലെ കൂടുതലായും വ്യക്തിപരമായ ഒരു വിജയമാണ്. അതിനു ഇത്രയും വലിയ തിരഞ്ഞെടുപ്പ് സന്നാഹങ്ങളുടെ ആവശ്യമില്ലായിരുന്നു. രാജേട്ടനുമപ്പുറം ബിജെപി വളരേണ്ടിയിരിക്കുന്നു. എങ്കിലേ വഴിമുട്ടിയ (ഈ പറയുന്നതുപോലെ മുട്ടിയിട്ടുണ്ടെങ്കിൽ) കേരളത്തിന് വഴികാട്ടാൻ വിദൂരഭാവിയിലെങ്കിലും ബിജെപിക്കാവൂ.

വാൽകഷണം: ആരെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വെള്ളാപ്പള്ളിയുടെ ശാപം മേടിക്കണം. ഈ ഉദ്ദിഷ്ട കാര്യത്തിനു കണിച്ചുകുളങ്ങരയിലെ കൊട്ടാരത്തിലെത്തുക. അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് നാലു തെറി പറയുക. ഉപകാരസ്മരണ ആവശ്യമില്ല; അത് പണ്ടേ ഇഷ്ടവുമില്ല.

(ലേഖകൻ ഡൽഹി യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റ് ഓഫ് മാസ് കമ്മ്യുണിക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ്.)