- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തിരുമേനിയുടെ പ്രസംഗം കേട്ട് നാട്ടിലെത്തുന്ന മലയാളി നഴ്സിന് സർക്കാർ നൽകുന്നതിന്റെ പകുതി ശമ്പളം എങ്കിലും സഭാ സ്ഥാപനങ്ങൾ നൽകുമോ? കത്തോലിക്കരുടെ വിദേശ ഭ്രമം അവസാനിപ്പിക്കാൻ പറഞ്ഞ മാർ ആലഞ്ചേരിയോട് ചില ചോദ്യങ്ങൾ
''സഭാംഗങ്ങളായ യുവാക്കൾ ഇന്ത്യയിൽ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോമലബാർ സഭാ പ്രബോധനരേഖ. യുവാക്കൾ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം.'' കാക്കനാട്ടെ കാരണവരായ ആലഞ്ചേരിയുടെ മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകൾ വെറും ജല്പനങ്ങൾ ആണെന്നു പറയാൻ വരട്ടെ. സിറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയിലെ ചർച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്' എന്ന അജപാലന പ്രബോധനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും മലയാള മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വാർത്തയാണിത്. പ്രവാസികൾ തിരിച്ചുവരണമെന്നും ഇനിയൊരുത്തനും വിദേശത്ത് പോകരുതെന്നും ആഹ്വാനിക്കുക മാത്രമല്ല, ലാളിത്യത്തെക്കുറിച്ച് ഒരു നെടുങ്കൻ 'മലയിലെ പ്രസംഗവും' അദ്ദേഹം നടത്തുന്നുണ്ട്. എന്റെ പൊന്നാലഞ്ചേരി, ഇതൊരു അധികപ്രസംഗമല്ലേ? മാമോദീസ മുങ്ങിപ്പോയി എന്നയൊറ്റ കാരണത്താൽ കത്തോലിക്കരുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നിയന്ത്രണം
''സഭാംഗങ്ങളായ യുവാക്കൾ ഇന്ത്യയിൽ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോമലബാർ സഭാ പ്രബോധനരേഖ. യുവാക്കൾ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം.''
കാക്കനാട്ടെ കാരണവരായ ആലഞ്ചേരിയുടെ മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകൾ വെറും ജല്പനങ്ങൾ ആണെന്നു പറയാൻ വരട്ടെ. സിറോമലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയിലെ ചർച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്' എന്ന അജപാലന പ്രബോധനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും മലയാള മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വാർത്തയാണിത്.
പ്രവാസികൾ തിരിച്ചുവരണമെന്നും ഇനിയൊരുത്തനും വിദേശത്ത് പോകരുതെന്നും ആഹ്വാനിക്കുക മാത്രമല്ല, ലാളിത്യത്തെക്കുറിച്ച് ഒരു നെടുങ്കൻ 'മലയിലെ പ്രസംഗവും' അദ്ദേഹം നടത്തുന്നുണ്ട്.
എന്റെ പൊന്നാലഞ്ചേരി, ഇതൊരു അധികപ്രസംഗമല്ലേ? മാമോദീസ മുങ്ങിപ്പോയി എന്നയൊറ്റ കാരണത്താൽ കത്തോലിക്കരുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടോ? അവരെ അവരുടെ ഇഷ്ടാനുസരണം ജീവിക്കാൻ അനുവദിച്ചു കൂടെ?
നിങ്ങളുടെ ഊളൻ പ്രസ്താവനകൾ വായിച്ച് ഇന്നാട്ടിൽ ജോലി ചെയ്യുന്ന ഒരു നേഴ്‌സ് നാട്ടിൽ വന്നാൽ, ഇന്നാട്ടിൽ കിട്ടുന്ന ശമ്പളം വേണ്ട, കേരളത്തിലും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും സർക്കാർ ആശുപത്രികളിൽ നൽകുന്ന വേതനത്തിന്റെയും, മറ്റു സൗകര്യങ്ങളുടെയും പകുതിയെങ്കിലും നൽകാൻ സഭയുടെ കീഴിലുള്ള കഴുത്തറപ്പൻ ആശുപത്രികൾ തയ്യാറാകും എന്നുറപ്പ് നൽകാമോ?
അതുപോലെ, ഇന്നാട്ടിലൊന്നും മക്കളുടെ പ്രവേശനത്തിനായി വിദ്യാഭാസസ്ഥാപങ്ങളിൽ ''ഡോണേഷൻ'' എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൈക്കൂലി ഞങ്ങൾ നൽകാറില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും കനത്ത കൈക്കൂലി നൽകേണ്ടതില്ല. ഞങ്ങളൊക്കെ അങ്ങ് തിരിച്ചുവന്നാൽ ഇപ്പറഞ്ഞ സൗകര്യങ്ങൾ കത്തോലിക്കാസ്ഥാപങ്ങളിലെങ്കിലും ഉറപ്പു നൽകാൻ താങ്കളെക്കൊണ്ടോ ഇപ്പറഞ്ഞ ഘടാഘടിയൻ എപ്പിസ്‌കോപ്പൽ അസംബ്ലിയ്‌ക്കൊണ്ടോ സാധ്യമല്ല എന്നിരിക്കെ, ആരെ വഞ്ചിക്കാനാണ് ഇത്തരം ആത്മാർത്ഥത തൊട്ടുതീണ്ടാത്ത ജല്പനങ്ങൾ?
Credibility. once lost, is lost for ever. വിശ്വാസ്യതയെന്നത് പണ്ടേ നഷ്ടമായതുകൊണ്ടല്ലേ വീണ്ടുംവീണ്ടും ഇത്തരം അസംബന്ധങ്ങൾ വിളിച്ചു പറയാൻ താങ്കൾക്ക് സാധിക്കുന്നത്? അല്ലെങ്കിൽ ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കാൻ താങ്കൾക്ക് എന്തവകാശം? ഫ്രാസീസ് പാപ്പ അതൊക്കെ പറയട്ടെ. താങ്കൾ ദയവുചെയ്ത് ഇത്തരം വിവരക്കേട് എഴുന്നെള്ളിക്കരുത്. ഇടപ്പള്ളിയിലെ ലളിതമായ പള്ളി ആശീർവദിക്കുകയും, പ്രെസ്റ്റണിലെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഞെളിഞ്ഞുനിന്ന് മെത്രാനെ വാഴിക്കുകയും ചെയ്തതോടെ, ഇത്തരം പ്രസംഗങ്ങൾ നടത്താനുള്ള ധാർമ്മികത താങ്കൾക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്നോർത്താൽ നന്ന്.
ചങ്ങനാശ്ശേരിയിൽ ലളിതമായ ഒരു പള്ളി നിർമ്മാണത്തിലിരിക്കുന്ന കാര്യമൊന്നും താങ്കൾ അറിയുന്നില്ലേ? സീറോമലബാർ സഭ താങ്കളുടെ അധീനതയിലുള്ളതാണ്. അവിടെ ശുദ്ധികലശം നടത്തിയിട്ടു പോരെ അൽമായരെ ലാളിത്യം പഠിപ്പിക്കാൻ? യുവാക്കളോട് വിദേശഭ്രമം ഉപേക്ഷിക്കാൻ പറയുന്നതിനു മുമ്പ് സീറോയിലെ ളോഹയിട്ട ഗുണ്ടകളോട് വിദേശഭ്രമം ഉപേക്ഷിക്കാൻ പറയാമോ? വിളവടുക്കുമ്പോൾ പാടത്തുവന്നു വീഴുന്ന വെട്ടുക്കിളികളെപ്പോലെ ഇന്നാട്ടിൽ വന്നുവീഴുന്ന കത്താനാന്മാർ വിദേശത്തേയ്ക്ക് ഒരു ട്രാൻസ്ഫർ ലഭിക്കാനായി സകല അരമനകളിലും അവരവരുടെ മെത്രാന്മാരുടെ കാലുതിരുമ്മുന്ന വൈദികരെ താങ്കൾ കാണുന്നില്ലേ?
മെത്രാന്മാർ തിരികെ വിളിച്ചാൽ ഇവിടെനിന്നും പോകാൻ മടിക്കുന്ന ബാബു അപ്പാടന്മാരെയും സോജി ഓലിക്കന്മാരെയും താങ്കൾ അറിയില്ലേ? ഉപദേശിക്കാൻ ഒരുങ്ങുന്നതിനു മുമ്പ് വാക്കുകളിൽ ഒരു ശതമാനമെങ്കിലും ആത്മാർത്ഥത നിറയ്ക്കാൻ ശ്രമിക്കുക. വാക്കുകളിലൂടെ മാത്രമായിരിക്കരുത് മാർപാപ്പയെ അനുകരിക്കുന്നത്. പ്രവർത്തിയിലും അത് സ്വല്പമെങ്കിലും നിഴലിക്കണം.
മലയാള മനോരമയോട് ഒരു വാക്ക്. നിങ്ങൾ എത്ര പ്രായശ്ചിത്തം ചെയ്താലും ദീപിക എന്ന മാദ്ധ്യമാഭാസം സീറോമലബാറിന്റെ കൈയിൽ ഉള്ളിടത്തോളംകാലം അവർ നിങ്ങളെ സഹായിക്കുകയില്ല. എങ്കിലും, നിങ്ങൾ നിങ്ങളുടെ ശൈലി തുടരുക. വായനക്കാരെ വെറുപ്പിക്കുക എന്നതാണല്ലോ നിങ്ങളുടെ പ്രഖ്യാപിത ശൈലി. വെറുപ്പിക്കൽസ് തുടരട്ടെ.