- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന നാടാണ് കേരളം എന്ന് മേനി പറയാമെങ്കിലും പഠിച്ച അക്ഷരത്തിന്റെ വെളിച്ചം എത്രകണ്ട് നമ്മുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നുണ്ട്? കേരളത്തിലുണ്ടായ ജാത്യാഭിമാന കൊല വെളിപ്പെടുത്തുന്നത് ഒരു വിദ്യാഭ്യാസത്തിനും തുടച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ലാത്ത, നമ്മുടെ ഉള്ളിലെ പാരമ്പര്യബോധത്തിന്റെ ഇരുട്ടിനെ തന്നെ
കേരളത്തിൽ ജാത്യാഭിമാന കൊലപാതകം നടന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഞെട്ടിക്കുന്ന വാർത്തയേ അല്ല. കാരണം, മറ്റുതരത്തിലുള്ള രാഷ്ട്രീയ-വർഗ്ഗീയ-സാമ്പത്തിക കൊലപാതകങ്ങളൊക്കെ നിർബാധം നടക്കുന്ന ഒരിടത്ത് എന്തുകൊണ്ട് ജാതിക്കൊലമാത്രം നടന്നുകൂടാ? അതേസമയം, ഇനിയും ഇത്തരം വാർത്തകൾ കേൾക്കാൻ വിധിക്കപ്പെടുമല്ലോ എന്ന ഒറ്റ സങ്കടമേയുള്ളൂ. മലയാളി സമൂഹം 'പ്രബുദ്ധ'മാണ് എന്ന മിഥ്യാധാരണ അറിഞ്ഞോ, അറിയാതെയോ നെഞ്ചേറ്റി ജീവിക്കുമ്പോൾ, യാഥാർത്ഥ്യം അങ്ങനെയല്ല, ജാതിബാധയേറ്റ ഒരു പ്രാകൃതബോധമാണ് കേരളീയനെ ഇപ്പോഴും നയിക്കുന്നത് എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവ് ഇത്തരം സംഭവങ്ങളിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്നു എന്നതാണ് ആ സങ്കടത്തിന്റെ കാരണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന നാടാണ് കേരളം എന്ന് മേനി പറയാമെങ്കിലും പഠിച്ച അക്ഷരത്തിന്റെ വെളിച്ചം എത്രകണ്ട് നമ്മുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്ന ചോദ്യത്തിനുമുന്നിലാണ്, പഠിച്ച നമ്മളും പഠിപ്പില്ലാത്തവരെന്ന് നാം പരിഹസിക്കുന്നവരും ഒരേ തലത്
കേരളത്തിൽ ജാത്യാഭിമാന കൊലപാതകം നടന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഞെട്ടിക്കുന്ന വാർത്തയേ അല്ല. കാരണം, മറ്റുതരത്തിലുള്ള രാഷ്ട്രീയ-വർഗ്ഗീയ-സാമ്പത്തിക കൊലപാതകങ്ങളൊക്കെ നിർബാധം നടക്കുന്ന ഒരിടത്ത് എന്തുകൊണ്ട് ജാതിക്കൊലമാത്രം നടന്നുകൂടാ? അതേസമയം, ഇനിയും ഇത്തരം വാർത്തകൾ കേൾക്കാൻ വിധിക്കപ്പെടുമല്ലോ എന്ന ഒറ്റ സങ്കടമേയുള്ളൂ. മലയാളി സമൂഹം 'പ്രബുദ്ധ'മാണ് എന്ന മിഥ്യാധാരണ അറിഞ്ഞോ, അറിയാതെയോ നെഞ്ചേറ്റി ജീവിക്കുമ്പോൾ, യാഥാർത്ഥ്യം അങ്ങനെയല്ല, ജാതിബാധയേറ്റ ഒരു പ്രാകൃതബോധമാണ് കേരളീയനെ ഇപ്പോഴും നയിക്കുന്നത് എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവ് ഇത്തരം സംഭവങ്ങളിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്നു എന്നതാണ് ആ സങ്കടത്തിന്റെ കാരണം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന നാടാണ് കേരളം എന്ന് മേനി പറയാമെങ്കിലും പഠിച്ച അക്ഷരത്തിന്റെ വെളിച്ചം എത്രകണ്ട് നമ്മുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്ന ചോദ്യത്തിനുമുന്നിലാണ്, പഠിച്ച നമ്മളും പഠിപ്പില്ലാത്തവരെന്ന് നാം പരിഹസിക്കുന്നവരും ഒരേ തലത്തിലേക്ക് ചേർന്നു നിൽക്കുന്നത്! അപ്പോഴാണ്, ഇന്നോളം നാം നേടിയ ഒരു വിദ്യാഭ്യാസത്തിനും തുടച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ലാത്ത, നമ്മുടെ ഉള്ളിലെ പാരമ്പര്യബോധത്തിന്റെ ഇരുട്ട് വെളിപ്പെടുന്നത്! വാസ്തവത്തിൽ, ജാതിചിന്തയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നത് കേരളംതന്നെയല്ലേ? ഇവിടുത്തെ ജാതി-സമുദായ സംഘടനകളുടെ ശക്തിയും രാഷ്ട്രീയ സ്വാധീനവുമൊക്കെ അതിന്റെ തെളിവല്ലേ? ഇത്തരം ഒരു സാമൂഹ്യ സാഹചര്യത്തിൽ ജീവിക്കുന്ന ഒരാൾ, ജാത്യാഭിമാനം മുറുകെ പിടിക്കുകയും ആ അഭിമാനത്തിന് ഒരുതരത്തിലുമുള്ള ക്ഷതവുമേൽക്കാതിരിക്കാൻ മറ്റൊരാളെ കൊല്ലുകയും ചെയ്താൽ, അത് അയാളുടെ മാത്രം കുറ്റമായി കണക്കാക്കാനൊക്കുമോ? ജാതിയുടെപേരിൽ ഒരച്ഛൻ സ്വന്തം മകളെപ്പോലും കൊല്ലാൻ മുതിരുമ്പോൾ, അയാളുടെ മനസ്സിനെ അത്തരത്തിലേക്ക് പരുവപ്പെടുത്തിയതിൽ സമൂഹവും അതിനീചമായ ഒരു പങ്ക് വഹിച്ചിട്ടില്ലേ? ഇതിൽ നമ്മളെല്ലാം പ്രതികളല്ലേ?
കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? 'ദൈവത്തിന്റെ സ്വന്തം നാട് 'എന്നൊക്കെ പേരിട്ട് നമുക്കെത്രനാളിങ്ങനെ മൂഢസ്വർഗ്ഗത്തിൽ ജീവിക്കാനാകും? എവിടെ നിന്നാണ് തിരുത്തി തുടങ്ങേണ്ടത് എന്ന ചോദ്യത്തിന് ഇനിയുള്ളത് ഒരേയൊരു ഉത്തരമേയുള്ളൂ. രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങണം, അധികാരത്തിൽ നിന്ന് മതവും ജാതിയും അകറ്റപ്പെടണം. ജാനാധിപത്യം മതേതരമൂല്യങ്ങളിലേക്ക് കൂടുതൽ അടുക്കണം. നവോത്ഥാനത്തിന്റെ ചരിത്രം പറഞ്ഞ് അഭിമാനംകൊള്ളുകയും നാരായണ ഗുരുവിന്റെ ശ്ലോകങ്ങളുദ്ധരിച്ച് രോമാഞ്ചപ്പെടുകയും ചെയ്യുന്ന ഇവിടുത്തെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാംതന്നെ ജാതിസ്വത്വബോധത്തെ അതേപടി നിലനിർത്താൻ മത്സരിക്കുകയാണ്. കാരണം, ജാതി-മത-രാഷ്ട്രീയ സമവാക്യങ്ങളിലൂടെയാണ് ഇന്ന് അധികാരത്തിന്റെ ചെങ്കോലും കിരീടവും എത്തിപ്പിടിക്കുന്നത്. അതിനുവേണ്ടി ഏതറ്റംവരെ പോകാനും രാഷ്ട്രീയ പാർട്ടികൾ തയ്യാറുമാണ്! സ്മാർട്ട് സിറ്റികളും ഐടി.പാർക്കുകളും മെട്രോ റെയിലുകളും നാഷണൽ ഹൈവേകളുമെല്ലാം വികസനത്തിന്റെ പര്യായങ്ങളാക്കി ഭരണകൂടങ്ങൾ വീമ്പുപറയുന്നു. വരും തലമുറകളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ അവർ ചാരിതാർതഥ്യത്തിൽ ആനന്ദിക്കുന്നു. പ്രൊഫഷണൽ കോഴ്‌സുകളുടെയും മത്സരപ്പരീക്ഷകളുടെയും കച്ചവടച്ചന്തകളാക്കി വിദ്യാഭ്യാസ രംഗത്തെ മാറ്റിയിക്കുന്നു.
വികലമായിപ്പോയ നമ്മുടെ വികസന- വിദ്യാഭ്യാസ സങ്കല്പങ്ങളെ സമൂലം ഉടച്ചുവാർക്കേണ്ടതുണ്ട്. കാട്ടിൽനിന്ന് പുറപ്പെട്ട മനുഷ്യൻ, നാഗരികതയുടെ കോൺഗ്രീറ്റ് കാടുകളിലേക്ക് ചേക്കേറി എന്നതുമാത്രമാകരുത് നമ്മുടെ പുരോഗതി. പരിവർത്തനം സാധ്യമാകേണ്ടത് മണ്ണിനേക്കാൾ മുമ്പ് മനസ്സുകളിലാണ്. അവനവനിലേക്ക് ചുരുങ്ങിപ്പോകുന്ന മനസ്സുകളെ വിശാലമാക്കാനുള്ളതാകണം എല്ലാവിദ്യകളും. മനുഷ്യരെ മാനവികതയിലേക്ക് വളർത്തുന്നതാകണം എല്ലാ രാഷ്ട്രീയവും. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം'' ആവുമ്പോൾ മാത്രമേ ഈ നാട്, മനുഷ്യരുടെയെങ്കിലും സ്വന്തം നാട് ആവുകയുള്ളൂ. ദൈവത്തിന്റെ കാര്യം അതിനുശേഷം ആലോചിക്കാം!