ന്മി-കുടിയാൻ, മുതലാളി-തൊഴിലാളി, സവർണ്ണൻ-അവർണൻ, എ പി എൽ- ബി പി എൽ. മലയാളിയുടെ പുരോഗമന തലച്ചോറിലെ അസമത്വത്തിന്റെ ഏറ്റവും മാക്‌സിമവും മിനിമവും ഇതിനിടയിലാണ്. ലിംഗ സമത്വത്തിലേക്കൊന്നും അത് എത്തിയിട്ടില്ല. ഫേസ്‌ബുക്കിലെ ആങ്ങളമാർക്ക്, സുന ചെത്തണമെന്ന് ആക്രൊശിക്കുന്ന 'ആണു'ങ്ങൾക്ക്, എറണാകുളത്ത് ചെന്നും അല്ലാതെയും ഐക്യദാർഢ്യം പ്രഖ്യാപിച്ച സിനിമാക്കാർക്ക്, എന്റെ താരത്തിന്റെ പ്രതികരണം വന്നു എന്ന് അഭിമാനത്തോടെ ഷെയർ ചെയ്യുന്ന ആരാധകവൃന്ദത്തിനു, സിനിമയിൽ കയ്യടിക്കായി പറയുന്ന ഡയലോഗുകൾ സമൂഹത്തെ സ്വാധീനിക്കുമോ എന്ന് ചോദിക്കുന്ന കളിമൺ തലയന്മാർക്ക്, ആങ്ങളമനസാഹ്വാനക്കാർക്ക്, ഇവർക്കൊന്നും ഇപ്പഴും മനസിലായിട്ടില്ല. അതോണ്ട് മനസിലാക്കാൻ വളരെ സിമ്പിളായി പറഞ്ഞ് തരാം.

സ്ത്രീ-പുരുഷ അസമത്വം, ആൺകോയ്മ ഇതൊന്നും പറഞ്ഞാൽ മനസിലാവാൻ തീരെ വഴിയില്ലാത്തോണ്ടും, ദിനേന എന്റേയും നിന്റേയും വായിൽ നിന്ന് വീഴുന്ന സ്ത്രീവിരുദ്ധതയിൽ തന്നെ മുങ്ങിക്കുളിക്കുന്നതുകൊണ്ട് സിനിമയിലെയും റിയൽ ലൈഫിലേയും സ്ത്രീവിരുദ്ധത മനസിലാവത്തതുകൊണ്ടും നമുക്കാ വ്യു ഒന്ന് മാറ്റാം. കാലാകാലങ്ങളായി അവൾക്കുമേൽ അധികാരത്തിന്റെ ലഹരി നുണഞ്ഞവനെ സവർണ്ണരെന്നും അടിച്ചമർത്തപ്പെട്ടവളെ അവർണ്ണരെന്നും മാറ്റിയെഴുതാം.
എന്നിട്ട്, ഇതൊന്ന് ട്രൈ ചെയ്യു.

അവർണ അനുരാധയോട് സവർണ്ണ ഇന്ദുചൂഢൻ. 'അടിച്ച് കോൺ തെറ്റി വന്ന് കയറുമ്പോ മരത്തിൽ കെട്ടിയിട്ട് ചാട്ടകൊണ്ടടിക്കാനും പാടത്ത് പണിയെടുത്ത് നെല്ലുകൊയ്ത് പത്തായപ്പുരയിൽ നിറക്കാനും ഒടുവിലൊരുനാൾ എന്റെ കുഴി നിറയുമ്പോ തോട്ടിപ്പണിയെടുക്കാനും എനിക്കൊരു ദളിതനെ വേണം. പറ്റുമെങ്കിൽ കയറിക്കോ..' അല്ലെങ്കിൽ ഇതൊന്ന് നോക്കൂ, തന്നെ തല്ലാൻ കൈ പൊക്കിയ അവർണ്ണ അസി. കളക്ടറോട് സവർണ്ണ കളക്ടർ ജോസഫ് അലക്‌സ്, 'മേലിൽ ഒരു സവർണ്ണന്റെ നേരെയും പൊങ്ങില്ല ഈ കയ്യ്, അതെനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ, നീ ഒരു ദളിതായി പോയി, വെറും ദളിത്..' ഞാനും നീയുമടക്കം കയ്യടിച്ച് വിസിലടിച്ച് പുളകം കൊണ്ട രംഗങ്ങൾ..!

എത്രത്തോളം ഊളത്തരം നിറഞ്ഞ വാക്കുകൾ, സഹജീവിയെ ചവിട്ടിയരച്ച് കളയുന്നവ. ആണായതുകൊണ്ട് മാത്രം നമ്മൾ ആഘോഷിച്ചവ. ഇത് കണ്ട് രസിച്ച് തീയറ്റർ വിട്ടിറങ്ങുന്ന സവർണ്ണാ, നിനക്ക് അവർണ്ണനോടുള്ള മനോഭാവമെന്തായിരിക്കും..? മുകളിലെ ഡയലോഗെഴുതിയ, വെള്ളിത്തിരയിൽ 'അനശ്വര'മാക്കിയ രഞ്ജിത്ത്, രഞ്ജി പണിക്കർ, മോഹൻ ലാൽ, മമ്മൂട്ടി, കയ്യടിച്ച ഞാൻ, നീ, അവൻ, ഇവൻ തുടങ്ങിയവർ രോഹിത് വെമുലക്കായി സംസാരിച്ചാൽ എത്ര അപഹാസ്യമായിരിക്കുമത്.? അതാണിപ്പോ നടക്കുന്നത്. നിങ്ങളെഴുതിയതും പറഞ്ഞതും ഞാനടക്കമുള്ള പൾസർ സുനിമാരുടെ, ഗോവിന്ദചാമിയുടെ കയ്യടിക്കായിരുന്നെന്ന്.

സിനിമ, സാധാരണക്കാരന്റെ പൊതുബോധത്തെ സ്വാധീനിക്കില്ല എന്ന് കരുതുന്ന മഹാന്മാരേ, അതുൽപാദിപ്പിക്കുന്ന സ്ത്രീവിരുദ്ധചിന്തയുടെ ആഴം, അത് ഓരോ തലമുറയിലേക്കും കുത്തിവക്കുന്ന ആൺകോയ്മയുടെ ഇന്റൻസിറ്റി എത്രയെന്ന് നിങ്ങൾ അറിയുന്നില്ലേ..? തീയറ്ററിൽ മുഴങ്ങുന്ന ഓരോ കയ്യടിയും ഉത്തേജിപ്പിക്കുന്നതും ഊട്ടിയുറപ്പിക്കുന്നതും ഇതേ സ്ത്രീവിരുദ്ധത തന്നെയല്ലെന്നെങ്ങനെ പറയാൻ കഴിയും.? സിനിമ വിടാം, ഒരാഴ്ചയായി അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന സിനിമാ സ്റ്റെയിൽ ഡയലോഗുകൾ നോക്കാം.

സ്ത്രീയായതുകൊണ്ട് പുരുഷനാൽ ആക്രമിക്കപെട്ട സ്ത്രീയുടെ മുന്നിൽ, അല്ലെങ്കിൽ നമുക്ക് വ്യു ഒന്ന് മാറ്റാം. അവർണയായതിനാൽ സവർണനാൽ അക്രമിക്കപ്പെട്ടവളുടെ മുൻപിൽ ചെന്ന് നിന്ന് 'ഡാ (സവർണ്ണ)പൾസർ സുനി, ധൈര്യമുണ്ടേൽ നീ സവർണനോട് കളിക്കടാ' എന്ന് മേജർ രവി ആക്രോശിക്കുന്നതിന്റേയും 'അവർണനെ ആക്രമിക്കുന്നതല്ല, സംരക്ഷിക്കുന്നതാണ് സവർണന്റെ സവർണത' എന്ന് മമ്മൂട്ടി പ്രസംഗിക്കുന്നതിന്റേയും 'സവർണ്ണാങ്ങള മനസ്‌കരേ ഉണരൂ' എന്ന് സ്പീക്കറാങ്ങള ആഹ്വാനിക്കുന്നതിന്റേയും അശ്ലീലത എത്രയെന്ന് ലളിതമായെങ്കിലും മനസിലാക്കാൻ കഴിയുന്നുണ്ടോ..?

ജനിച്ച് വീഴുന്ന ദിവസം മുതൽ മരിച്ചൊഴിയുന്ന നാൾ വരെ ഈ 'ആണത്തം' അനുഭവിച്ചറിയുന്ന പെണ്ണിനോട് ഇതേ ആണത്തത്തിന്റെ ഏല്ലാ ഭീകരതയും അറിഞ്ഞ അവസരത്തിൽ നമ്മൾ പിന്നെയും 'ആണത്തം' കൊണ്ട് ഐക്യപ്പെടുന്നതിലെ, ആണത്തം കൊണ്ടേറ്റമുറിവിൽ ആണത്തം കൊണ്ടുതന്നെ മരുന്ന് വക്കുന്നതിലെ അശ്ലീലത. പെണ്ണ് മറ്റൊരു ഇൻഡിവിഡ്വൽ ആണെന്നും ആണത്തത്തിന്റെ ആക്രമണത്തിനും സംരക്ഷണത്തിനുമിടയിൽ അവരുടെ പാട്ടിനവരെ വിടുക എന്നൊരു സിമ്പിൾ ഒപ്ഷനുണ്ടെന്നും എന്നാണീ മലനാട്ടിലെ മലയാളി മാരന്മാർ മനസിലാക്കുക..? പെണ്ണുങ്ങളേ..??

ഏറ്റവും കൂടിയാൽ, പൊളിറ്റിക്കൽ കറക്ട്‌നസ് നോക്കി, പൊളിഷ് ചെയ്ത്, പുട്ടിയിട്ട് എഫ് ബിയിൽ എഴുതുന്നതിൽ, സിനിമാ ഡയലോഗിലെ ശരിയിൽ കവിഞ്ഞെന്ത് വിപ്ലവമാണ്, പരിഗണനയാണ് പ്രിവിലേജഡായ ആണുങ്ങളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്..? എഴുതുന്നതിലേയും പറയുന്നതിലേയും പൊളിറ്റിക്കൽ ശരികേടല്ലാതെ അതിനപ്പുറം എന്ത് ചർച്ചയാകുമെന്നാണ് വെറുതെ നിങ്ങൾ വ്യാമോഹിക്കുന്നത്..? ഒരു മണ്ണാങ്കട്ടയും ഞങ്ങളാണുങ്ങൾ തളികയിൽ വച്ച് തരില്ല. ആവശ്യം നിങ്ങളുടേതാണ്, അധികാരത്തിന്റെ ലഹരി നുണഞ്ഞ ഞങ്ങളിങ്ങനെ തന്നെ മുന്നോട്ട് പോകും. അകത്തേക്ക് വലിയലാണോ പുറത്തേക്കിറങ്ങലാണോ സുരക്ഷിതം എന്ന് ശങ്കിച്ച് നിങ്ങൾ നിൽക്കും.

ഇടക്ക് വാ തുറക്കുന്ന പെണ്ണുങ്ങളെ അവർ ഫെമിനിസ്റ്റ് കൊച്ചമ്മമാരെന്ന് വിളിക്കും. 'ബുദ്ധി'യില്ലാത്ത നിങ്ങൾ തന്നെ ആ വിളിക്ക് നിഷ്‌കളങ്കമായി കയ്യടിക്കും. 'അയ്യേ, ഞാൻ ഫെമിനിസ്റ്റല്ല' എന്ന് നിങ്ങൾ വാ തുറന്നവരെ അറപ്പോടെ കയ്യൊഴിയും. എതിർശബ്ദം ഉയർന്നാൽ കുടുംബത്തിന്റെ കെട്ടുറപ്പ് പെണ്ണുങ്ങളുടെ കഴിവാണെന്ന് ഞങ്ങൾ പറഞിരുത്തും, അമ്മയാക്കും, ദേവിയാക്കും, ദൈവമാക്കും. എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്ത ചിത്രവിളക്കാക്കും, വിളക്കിൽ എന്നും നീ എരിയും, അണയും. പെണ്ണുങ്ങളേ, നിങ്ങൾ വീണ്ടും തോൽക്കും. ആണുങ്ങൾ ജയിക്കും, ചിരിക്കും.. ആണുങ്ങളേ..?

നമ്മൾ ആരോടാണ് ആണത്തത്തെക്കുറിച്ച് വാചാലരാകുന്നത്.? നമ്മളവരുടെ ഇടം കവർന്നെടുത്താണ് നമ്മുടെ ലോകം വിശാലമാക്കി, ശേഷം അവരോട് തന്നെയാ ലോകത്തെപറ്റി പറയുന്നത്. നമ്മളവരുടെ സ്വപ്നങ്ങൾക്ക് മുകളിലാണ് നമ്മുടെ സൗധം കെട്ടിപ്പൊക്കി, അതിന്റെ സൗന്ദര്യം അവർക്ക് തന്നെ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത്. നമ്മളവരെ അടുക്കളയിലിരുത്തിയാണ് ലോകം ചുറ്റുന്നതിന്റെ ത്രിൽ അവരോട് തന്നെ പങ്കുവക്കുന്നത്. നമ്മളവരുടെ സൗഹൃദങ്ങളറുക്കാൻ കൽപിച്ചിട്ടാണവർക്ക് മുന്നിൽ നമ്മുടെ സൗഹൃദങ്ങളെ താലോലിക്കുന്നത്. ആണത്തത്തെ പറ്റി, ബുള്ളറ്റിൽ ദൂരം താണ്ടിയതിനെപ്പറ്റി, ഒരു ടി-ഷർട്ടും ത്രീ ഫോർത്തും ഇട്ട് പുറത്തിറങ്ങുന്ന എളുപ്പത്തെപ്പറ്റി, നട്ടപ്പാതിരക്ക് തട്ടുകടയിൽ പോയതിന്റെ രുചിയെപ്പറ്റി, അതിരുകളില്ലാത്ത ലോകത്തെപ്പറ്റി, പെണ്ണിന്റെ സ്‌പേസ് കവർന്ന് നീ ചെയ്ത ഹീറോയിസത്തെ പറ്റി, നിങ്ങൾ ആരോടാണീ വാചാലരാകുന്നത്..?

ആണുങ്ങളേ, ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? നിങ്ങളുടെ നെഞ്ചിലെ മാംസത്തുണ്ടിനിത്തിരി കൂടി വലിപ്പവും ഉയർച്ചയും ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്.? ലിംഗത്തിനു പകരമവിടെ വിടവും മാസാമാസം അതിൽ നിന്ന് രക്തവുമൊലിച്ചിരുന്നെങ്കിൽ, നിങ്ങൾ എങ്ങനാവുമായിരുന്നുവെന്ന്.? മുള്ള് വീണാലും മുള്ളിൽ വീണാലും കേട് പറ്റുന്ന ഇലയുമാണ് നീയെന്ന് ചൊല്ലിപ്പഠിപ്പിച്ചിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..? ഓരോ കാലടിയിലും സ്ഥാനം തെറ്റിയ വസ്ത്രവും അതിന്റെ ഇറുക്കവും ഇറക്കവും ശ്രദ്ധിക്കേണ്ടിയിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്.. തിരക്കുള്ള ബസിലൊരുത്തൻ നിന്നോട് ചേർന്ന് നിന്ന് ബീജമൊലിപ്പിക്കുന്നുണ്ടെന്നറിയുന്ന നിമിഷം നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്.? ഇൻബോക്‌സ് തുറക്കുമ്പോൾ ഉദ്ധരിച്ച ആൺ വാക്കുകൾ ഇടതടവില്ലാതെ വരുമ്പോൾ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..? ഇന്നല്ലെങ്കിൽ നാളെ 'ആണത്തം' മൂത്ത പട്ടികൾ കടിച്ച് കീറിയേക്കാമെന്ന് തിരിച്ചറിയുമ്പോൾ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..?
ആണുങ്ങളേ..ആലോചിച്ചിട്ടുണ്ടോ.? പെണ്ണായിരുന്നെങ്കിൽ നിങ്ങൾ എങ്ങനാവുമായിരുന്നെന്ന്..??
ഒരിക്കലെങ്കിലും..?