വിപി റജീന എന്താണു പറഞ്ഞതു? ഉസ്താദുമാരുടെ ബാലപീഡനത്തെക്കുറിച്ച്.

ഇനിയിതൊരു പുതിയ സംഭവമാണോ? അല്ലേയല്ല. ഇനി ഇത് ഉസ്താദുമാർ മാത്രം ചെയ്യുന്നതാണോ? അതും അല്ല. മുസ്ലിംകൾക്കു മാത്രമാണോ ഈ പ്രശ്‌നമുള്ളത്?

അതും അല്ല. ഇനി ഈ ലൈംഗിക രീതി കേരളത്തിൽ നമ്മൾ കേട്ടു കേൾവി ഇല്ലാത്ത ഒന്നാണോ? പൊതുവിവരം ഉള്ള ആരും അങ്ങിനെ പറയില്ല.

പിന്നെ എന്താണു റജീനയുടെ ലേഖനം കൊണ്ടു ഇവിടെ സംഭവിച്ചത്? ചെയ്ത വ്യക്തി ഉസ്താദും നടന്ന സ്ഥലം മദ്രസയും ആയിപ്പോയി. എന്താ അതിനർത്ഥം? ഉസ്താദിന് ചെയ്യാമെന്നാണോ? അതോ മദ്രസയിൽ വച്ചു സംഭവിച്ചാൽ അതു പുണ്യവൽക്കരിക്കപ്പെടും എന്നാണോ?

അതെന്തായാലും ആവില്ലല്ലോ. അപ്പോൾ പിന്നെ മതമായിരിക്കാം പ്രശ്‌നം. ആയിക്കോട്ടെ. എന്നു വച്ചു ഒരാൾക്ക് വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങൾ പാടില്ല എന്നാണോ?എല്ലാ മദ്രസാ ഉസ്താദുമാരും അത്തരത്തിലുള്ള ആളുകളാണെന്നോ, എല്ലാ മതസംഘടനകളും ഇത്തരത്തിലാണെന്നോ റജീന പറഞ്ഞില്ലല്ലോ.

എന്റെ ബന്ധു തന്നെ എന്നെ ഹോമോ സെക്‌സിന് വിധേയമാക്കിയിട്ടുണ്ട്. എന്റെ കോളേജ് പഠനത്തിൽ ഇതെല്ലാം നേരിൽ കണ്ടിട്ടുണ്ട്. കാണാത്ത എത്രയോ കഥകളും കഥാ നായകരും എനിക്കെന്നല്ല, ഒരുപാടു പേർക്കറിയുകയും ചെയ്യാം.

തീർന്നില്ല. ഒരിക്കൽ ഖത്തറിൽ വന്നു ഒരു സംഘടനയുടെ കാര്യപ്പെട്ട പണ്ഡിതൻ എന്നെ വിളിച്ചു. കാണണമെന്ന് പറഞ്ഞു. സഹ പറഞ്ഞു അയാളെ കാണണ്ടാ എന്ന്. തുടർന്നു അവളും പറഞ്ഞു തന്നത് മദ്രസയിൽ പഠിപ്പിക്കുമ്പോൾ അദ്ദേഹം പീഡിപ്പിച്ച കൂട്ടുകാരികളുടെ കഥകളാണ്.

മാനുഷികമായ വൈകല്യങ്ങൾക്കു മുന്നിൽ ഇന്ന വ്യക്തി എന്നോ മതം എന്നോ ദേശം എന്നോ ഇല്ല. എന്തിനു അമ്മയും അച്ഛനും പീഡിപ്പിക്കുന്ന കഥകൾ കേട്ടു തഴമ്പിച്ചവരാണ് നമ്മൾ എല്ലാവരും.

പക്ഷേ, ഇവിടെ നിരീക്ഷിക്കേണ്ട കാതലായ ചില പ്രശ്‌നങ്ങൾ ഉണ്ട്. റജീനയുടെ പോസ്റ്റിൽ തെറി വിളിച്ചു ഇസ്ലാമിനെ സംരക്ഷിക്കാൻ പുറപ്പെട്ട ഇസ്ലാമിസ്റ്റുകളെ ഒന്നു അരിച്ചു പെറുക്കി നോക്കി. ഒരുപാടു മ്യൂച്വൽ ഫ്രണ്ട്‌സ് ഉണ്ട്. അവരുടെയൊക്കെ വാളിൽ പോയി നോക്കി.

സംഘപരിവാര ശക്തികളുടെ അസഹിഷ്ണുതയെ കുറിച്ചുള്ള ഒരുപാട് പോസ്റ്റുകൾ, ഷെയറുകൾ. പക്ഷേ, സ്വന്തം മതത്തിലെ ഉസ്താദ് ഒരു തോന്ന്യാസം ചെയ്തത് ഒരു മുസ്ലിം സ്ത്രീ വിളിച്ചു പറഞ്ഞപ്പോൾ ഇവരുടെയൊക്കെ ഉള്ളിലെ ശരിയായ അസഹിഷ്ണുത പുറത്തു വന്നു.

സംഘപരിവാരങ്ങൾക്കു പകരം ഇമ്മാതിരി ഇസ്ലാമിസ്റ്റുകൾ ആയിരുന്നു ഇന്ത്യയിൽ ഭരണത്തിൽ വന്നിരുന്നത് എങ്കിൽ ഇവരൊക്കെ ഒറ്റ ദിവസം കൊണ്ടു ഇന്ത്യയെ താലിബാൻ ആക്കിയേനെ എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ ഒക്കുമോ?

ഇസ്ലാം എന്നാൽ സമാധാനം എന്നൊക്കെ വച്ചുള്ള ഇഷ്ടം പോലെ പോസ്റ്റുകൾ അവരുടെയോക്കെയും വാളുകളിൽ നിറഞ്ഞു നിൽപ്പുണ്ട്. പക്ഷേ, ഒരു ബഹുസ്വര സമൂഹം എങ്ങിനെയാണ് അതു വിശ്വസിക്കുക.?

ആരെയാണു ഈ 'അസമാധാന ഇസ്ലാമിസ്റ്റ് മതത്തിന്റെ' മൊത്തക്കുത്തക ഏറ്റെടുത്തവർ വെറുതെ വിട്ടിട്ടുള്ളത്? അമുസ്ലിംകളെ വെറുതെ വിട്ടിട്ടുണ്ടോ? മുസ്ലിംകളെ വെറുതെ വിട്ടിട്ടുണ്ടോ?

പ്രവാചകനെ അപമാനിച്ചു എന്നു പറഞ്ഞു ജോസഫ് എന്ന അദ്ധ്യാപകന്റെ കൈ വെട്ടിയത് ആരാണ്? മുസ്ലിം പെങ്ങളെ അപമാനിച്ചു എന്നും പറഞ്ഞു വടകരയിൽ ബിനുവിനെ കൊന്നത് ആരാണ്? ആരാണ് കണ്ണൂരിൽ പരസ്പരം മദ്രസ കത്തിച്ചു കളഞ്ഞതു? ചേകന്നൂരിനെ കൊന്നു കുഴിച്ചു മൂടിയത് ആരാണ്?

പർദ്ദ ഇസ്ലാമിന്റെ സംസ്‌കാരമാല്ലെന്നും മുഖവും കൈകളും മറയ്ക്കാത്ത വസ്ത്രം ഉപയോഗിക്കണം എന്നു മാത്രമാണ് ഖുറാൻ നിർദ്ദേശിക്കുന്നതെന്നും ഡോക്ടർ ഫസൽ ഗഫൂർപറഞ്ഞപ്പോൾ ഇവിടെ നാട്ടുകാർ കണ്ടത് സഹിഷ്ണുതയുടെ ഭാഷ ആയിരുന്നോ?

അതിൽ തന്നെ വേറെയും ചില വിരുതന്മാരെ കണ്ടു. വാട്‌സപ് ഗ്രൂപ്പുകളിൽ കണ്ട എല്ലാ തോന്ന്യാസവും സെക്‌സ് പടങ്ങളും ഫോർവേഡ് ചെയ്യുന്ന ഇവരും ഇസ്ലാമിനു വേണ്ടി കത്തിജ്വലിക്കുന്നത് കണ്ടു. അപ്പോൾ എന്താണ് ഈ ഇസ്ലാം? അതൊരു വൈകാരിക മതമാണെന്ന് നമ്മുടെ അമുസ്ലിം സുഹൃത്തുക്കൾ അടക്കം വിശ്വസിച്ചു പോയാൽ എങ്ങിനെ കുറ്റം പറയും?

സംഘപരിവാര ഹിന്ദുത്വയെ 'സന്ഘികൾ'എന്നും പറഞ്ഞു തുരുതുരാ പരിഹാസ വിമർശന പോസ്റ്റുകൾ ഇടാൻ എന്തു യോഗ്യതയാണ് ഇക്കൂട്ടർക്ക് ഉള്ളത്?

മതത്തെ വികാരമായി കാണുന്ന അവരും ഇവരും തമ്മിൽ എന്തു വ്യത്യാസമാണ് ഉള്ളത്?ആമിർഖാന്റേയും ഷാറൂഖ് ഖാന്റേയും നേർക്കുള്ള അസഹിഷ്ണുത എതിർക്കാർ ഇവർക്ക് എന്ത് അവകാശമാണുള്ളത്?

വികസിത ഭാഷകളായ ഇന്ഗ്ലീഷിലും അറബിയിലും ഒക്കെ ഉള്ള തെറികളുടെ അഞ്ചിലൊന്നു പോലും മലയാളത്തിൽ ഉണ്ടാവില്ല. അത്രയും തെറികൾ ഇസ്ലാമിന്റെ പ്രവാചകന്മാർ മുഴുവൻ കേട്ടിട്ടുണ്ട്.

പക്ഷേ, അവരുടെയൊന്നും സമീപനം ഇങ്ങിനെ ആയിരുന്നില്ല. അസഹിഷ്ണുത അവരുടെ നിഘണ്ടുവിൽ പോലും ഇല്ലെന്നാണ് വിശ്വാസികൾ പഠിച്ചു വച്ചിട്ടുള്ളതും.

റജീനയുടെ പോസ്റ്റുകളിൽ 'സ്വന്തം ഉമ്മയെ വ്യഭിചരിക്കാൻ കൂട്ടിക്കൊടുക്കുന്നവൾ' എന്നർത്ഥം വരുന്ന തെറിയൊക്കെ വിളിച്ചു ഉറഞ്ഞു തുള്ളിയ മിക്ക 'മുസ്ലിം വെളിച്ചപ്പാടുകൾക്കും' മുപ്പതു വയസ്സിനു മേലേ പ്രായമുണ്ട്. എന്താ അതിനർത്ഥം?

മുപ്പതു കൊല്ലക്കാലം മദ്രസയിലും, വഅള് മതപ്രഭാഷണ പരമ്പരകളിൽ കൂടിയും, നോമ്പിനു നടക്കുന്ന ഉറുദികളിൽക്കൂടിയും , ഖണ്ഡന മുണ്ഡന പ്രസംഗങ്ങളിൽ കൂടിയും പതിനായിരക്കണക്കിനായ പുസ്തകസിഡിയൂട്യൂബ് ഖുത്തുബാത്തിലൂടെയും ഇവരൊക്കെ സ്വായത്തമാക്കിയ സംസ്‌കാരം ഇതാണ് എന്നാണോ?

ഇവിടെ ഫേസ്‌ബുക്കിൽ ഹിന്ദു ദൈവങ്ങളെ കളിയാക്കി എത്രയോ പോസ്റ്റുകൾ അവർ തന്നെ ഇടുന്നു. ക്രിസ്താനികൾ ആയ എത്രയോ സുഹൃത്തുക്കൾ അവരുടെ അച്ചന്മാരെ കളിയാക്കി എഴുതിയത് എല്ലാവരും വായിച്ചിരിക്കുന്നു.

ഇവിടെ പക്ഷേ, സംഭവിച്ച ഒരു തോന്ന്യാസത്തെക്കുറിച്ചു എഴുതിയാലും കൊന്നു കൊലവിളിക്കുന്ന നിങ്ങളുടെ ഇസ്ലാമും കൊണ്ടു എങ്ങിനെയാണ് ഒരു ബഹുസ്വര സമൂഹത്തെ സമീപിക്കുക?

ഒരു സമുദായത്തിന്റെ ഉന്നമനവും നിലനിൽപ്പുമാണ് നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു കാര്യം പറഞ്ഞു തരാം.

കലാ കായിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ, തൊഴിൽ മേഖലകളിൽ, കുടുംബശ്രീ ,പെയിൻ ആൻഡ് പാലിയേറ്റിവ്, ആതുര ശുശ്രൂഷാ മേഖലകളിൽ, രാഷ്ട്രീയ നേതൃ സ്ഥാനങ്ങളിൽ, ഇന്നേറ്റവും പിന്നിൽ നിൽക്കുന്നത് ഈ സമുദായമാണ്.

പ്രത്യേകിച്ചും മുസ്ലിം സ്ത്രീകൾ എണ്ണത്തിൽ എടുക്കാൻ പോലും ഇല്ല. സംശയമുണ്ടെങ്കിൽ സച്ചാർമിശ്രനരേന്ദ്രൻ കമ്മിറ്റി പോലെയുള്ള റിപ്പോർട്ടുകളും സർക്കാർ കണക്കുകളും പോയൊന്നു പരിശോധിക്കുക.

മഹല്ലിന്റെ പുസ്തകത്തിൽ എത്ര ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ളവർ ഉണ്ടെന്നു നോക്കുക. എന്തിനു, സോഷ്യൽ മീഡിയകളിൽ വരെ മുസ്ലിം സ്ത്രീ എഴുത്തുകാർ എത്രയുണ്ടെന്ന് നോക്കുക.
ഇതാണ് നിങ്ങളുടെ ' വെളിച്ചപ്പാട് ഇസ്ലാമിന്റെ' സംഭാവന.

ഇതൊന്നുമല്ലാത്ത ഒരു വലിയ ബഹുഭൂരിപക്ഷമായ ഒരു മുസ്ലിം ജനവിഭാഗം ഇവിടെ ജീവിക്കുന്നുണ്ട്. അവരുടെ കൂട്ടത്തിൽ എല്ലാ സംഘടനക്കാരും മതക്കാരും എതിരാളികളും ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. പക്ഷേ, അവരാരും ഇമ്മാതിരി'ഇസ്ലാം രക്തം ' ഉള്ളവരല്ല.

നിങ്ങളും അവരും ഒന്നാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുത്. റജീനമാർ അല്ല , നിങ്ങളാണ് ഉസ്താദുമാരെ പ്രതികരണ സ്വഭാവം കൊണ്ടു നാറ്റിക്കുന്നത്. നിങ്ങളുടെ ഉമ്മയും ഉപ്പയും ദർസുകളും പഠിപ്പിച്ചത് എന്താണെന്ന് ഇപ്പോൾ നാട്ടുകാർക്കറിയാം.

ഒരു കാര്യം മനസ്സിലാക്കുക. ഭയപ്പെടുത്തലിന്റെയും ഉറഞ്ഞു തുള്ളലിന്റെയും 'മത സംരക്ഷണ' ശൈലിയുടെ കാലമൊക്കെ കഴിഞ്ഞു. അങ്ങിനെ ഇവിടെ ഈയടുത്തൊന്നും ആരും പേടിച്ചു പിന്മാറിയ ചരിത്രമില്ല.

മുസ്ലിം സ്ത്രീകൾ പോലും നല്ല നട്ടെല്ലോടു കൂടി നിവർന്നു തന്നെയാണ് ഇപ്പോൾ നിൽക്കുന്നത്.

(ലേഖകൻ ഖത്തറിലെ പ്രമുഖ ദിനപത്രമായ ഗൾഫ് ടൈംസിന്റെ ക്വാളിറ്റി എഞ്ചിനീയറാണ്.)