നാം കണ്ടാലും കണ്ടില്ലെങ്കിലും, ചുറ്റും നടക്കുന്ന അഴിമതികൾ നാം ജീവിക്കുന്ന സമൂഹത്തെ കാർന്നുതിന്നുന്നുണ്ട്. അഴിമതി വ്യവസ്ഥയുടെ നടത്തിപ്പിനെ ബാധിക്കുക വഴി എല്ലാത്തിനെയും ബാധിക്കും എന്നതിനാൽ, എല്ലാ പ്രശ്‌നത്തെക്കാളും വലിയ പ്രശ്‌നമാണ് അഴിമതി എന്ന് ഞാൻ കരുതുന്നു.

ചുറ്റും നടക്കുന്ന അഴിമതികളെപ്പറ്റി അധികം ആലോചിക്കാതെ, അറിയാതെ, അറിഞ്ഞാൽത്തന്നെ അറിയാത്ത ഭാവത്തിൽ ജീവിക്കുന്നവരാണ് നമ്മളിൽ ബഹുഭൂരിപക്ഷം പേരും. ചിലർ അഴിമതിയെപ്പറ്റി അന്വേഷിക്കുകയും വാർത്തയാക്കുകയും ആളുകളോട് പറയുകയും ചെയ്യും. ഫേസ്‌ബുക്ക് പോലെയുള്ള പൊതു ഇടങ്ങളിൽ ഇടങ്ങളിൽ പ്രതികരിക്കും. അവർക്കൊക്കെയും അഴിമതിക്കാർ പിടിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം അലട്ടാതെ ഒരു പ്രശ്‌നമല്ലാതെ സ്വസ്ഥമായി ജീവിക്കാൻ പറ്റുന്നുണ്ട്. കളി കാണുന്നവരാണ് ഇവർ.

നമ്മളിൽ വളരേക്കുറച്ച് ആളുകൾ മാത്രമേ ഈ സാമൂഹ്യവ്യവസ്ഥയെ ബാധിക്കുന്ന അഴിമതിയെപ്പറ്റി അന്വേഷിക്കാനും തെളിവുകൾ ശേഖരിക്കാനും പരാതി നൽകാനും കോടതികൾ കയറിയിറങ്ങാനും സ്വന്തം കീശയിൽ നിന്ന് പണവും ഊർജ്ജവും ചെലവിട്ട് നടന്നുകാണൂ. ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണെന്നും എത്രമാത്രം ശത്രുക്കളെ ഉണ്ടാക്കുന്ന പണിയാണെന്നും അവർക്കു മാത്രമേ അറിയാനൊക്കൂ. അധ്വാനവും പണവും ചെലവിട്ട് നമ്മൾ തെളിവുകൾ കൊണ്ടു കൊടുത്ത് കേസു നടത്തുമ്പോൾ, സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന വിജിലൻസ് വകുപ്പ് കോടതിയിൽ വന്നു നമ്മളെ എതിർക്കുന്നതിന്റെ വേദനയും അനുഭവിച്ചറിയേണ്ടതാണ്. അന്വേഷണത്തിനു കോടതി ഉത്തരവിട്ടാലോ, നാം നൽകിയ രേഖകളിൽ ഒന്നു പോലും വേണ്ടവിധം അന്വേഷിക്കാതെ പ്രഹസനം നടത്തി 'തെളിവില്ല' എന്ന റിപ്പോർട്ട് കോടതിയിൽ ഹാരജാക്കുന്ന വിജിലൻസ് സംവിധാനം കാണാം. കേസ് തീർന്നാലും തീരാത്ത പകയുമായി പ്രതികൾ നമുക്ക് നേരേ എയ്യുന്ന ഒളിയമ്പുകൾ ബാക്കി. ഇതൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചവർ, അവരാണ് കളി കളിക്കുന്നവർ.

കളി കാണുന്നവരെ സംബന്ധിച്ചിടത്തോളം കളി എങ്ങനെ നടന്നാലും മതി. കളി കാണുക എന്നതാണ് പ്രധാനം. കമന്റ് ചെയ്യുക എന്നതാണ് പ്രധാനം. സത്യസന്ധനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനോ ഒരു ഡയറക്ടറോ വിജിലൻസിൽ വരുന്നത് കളിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരനുഗ്രഹമാണ്. താൻ നൽകിയ പരാതി വേണ്ടവിധം അന്വേഷിക്കാതെയാണ് അഴിമതിക്കാരെ രക്ഷിച്ചത് എന്ന് ഒരു വെള്ളക്കടലാസിൽ പരാതി എഴുതി നൽകുമ്പോൾ അത് തെളിവുകൾ സഹിതം കുത്തിപ്പൊക്കി അന്വേഷിക്കാനും, ആ എഫർട്ട് എടുത്തതിനു വാക്കുകൊണ്ട് ഒന്നഭിനന്ദിക്കാനും ഒരാൾ ആ സിസ്റ്റത്തിൽ ഉണ്ടാകുക എന്നത് എത്രയാണ് ആശ്വാസമേകുക എന്നത് പറഞ്ഞറിയിക്കാനാകില്ല.

ജേക്കബ് തോമസ് ഒരു കള്ളനോ അഴിമതിക്കാരനോ ആരുമാകാം. എന്നാൽ, കുറഞ്ഞ കാലം കൊണ്ട് ജേക്കബ് തോമസ് 'വിജിലൻസ്' എന്ന സംവിധാനം അടിമുടി പരിഷ്‌കരിക്കാൻ എന്തു ചെയ്തു എന്ന് ഈ കളി കളിക്കുന്നവർക്കേ മനസിലാകൂ, കളി കണ്ടുമാത്രം ശീലിച്ചവർക്ക് ഈ കളിക്കാരൻ മാറിയാലും ഒരു കുഴപ്പവുമില്ല. അവർക്ക് കളിയിൽ പങ്കെടുക്കാതെയും സമാധാനമായി ഉറങ്ങാൻ കഴിയുന്നവരാണ്.