മാസം 11 ന് ആയിരുന്നു വാഗാ ബോർഡറിൽ പോയത്. പരേഡ് കാണാൻ നിൽക്കുമ്പോൾ ചുറ്റും 'ദേശസ്‌നേഹം' അലയടിച്ച് ഉയരുകയാണ്. മനസ്സിൽ നിസ്സംഗത മാത്രം അറിഞ്ഞ് പാക്കിസ്ഥാന് മുകളിൽ അസ്തമിക്കുന്ന സൂര്യനെ നോക്കി അങ്ങനെ നിൽക്കുമ്പോൾ അടുത്തുനിന്ന ഒരു മലയാളി കുടുംബത്തിന്റെ സംഭാഷണത്തിന് കാതോർത്തു. മൂത്തമകനും അപ്പനും തമ്മിൽ പരേഡിന്റെ രീതികളെക്കുറിച്ചും, പാക്കിസ്ഥാൻ പട്ടാളത്തിന് ഇന്ത്യൻ പട്ടാളത്തെക്കാൾ ഉയരവും ശാരീരികവലിപ്പവും ഉണ്ടെന്നും, എന്നാലും ഇന്ത്യൻ പട്ടാളമാണ് തന്ത്രങ്ങളിൽ മെച്ചമെന്നും ഒക്കെ പറയുന്നു. ഇളയവന് ഒരു 8 വയസ്സ് കാണും. അവന് ഇടയ്ക്ക് കയറി ചോദിക്കുന്നു:

'ഡാഡീ, ഈ പരേഡ് 'പീസിൽ' ചെയ്യാൻ പറ്റില്ലേ?'

അപ്പന്റെ മറുപടി: 'ഇപ്പോൾ ഇത് 'പീസിൽ' അല്ലെ ഇവിടെ നടക്കുന്നത്?'

'അലതല്ല ഡാഡീ ശരിക്കുള്ള പീസിൽ.....?'

'എന്താടാ ഡോണെ ഇവൻ ഈ ചോദിക്കുന്നത്?,' അപ്പൻ മൂത്തമകനോട്.

'ഡാഡീ, ഇങ്ങോട്ട് നോക്ക്. ഗേറ്റ് തുറക്കാൻ പോകുന്നു. അവൻ ഓരോ പൊട്ടത്തരങ്ങൾ ചോദിക്കുന്നതാ.'

യുദ്ധങ്ങൾക്ക് ഇടയിൽ, അതിരുകൾക്ക് ഇടയിൽ, പൊട്ടിത്തെറിക്കാതെ നിൽക്കുന്ന അഗ്‌നിപർവ്വതങ്ങൾക്ക് നമ്മൾ ഇട്ട പേരാണ്- സമാധാനം. ഒരുനാൾ ഇളംതലമുറ ചോദിക്കും: 'അപ്പാ, ആരാണ് ഈ ഭൂഗോളത്തിൽ കുത്തിവരകൾ ഇട്ടതെന്ന്?' തീർച്ചയായും കരയും കടലും മാത്രം സൃഷ്ടിച്ചവനെ അന്ന് കൂട്ടുപിടിക്കാൻ ആവില്ല. ഓരോ അതിരുകളും ഓരോ യുദ്ധവും മനുഷ്യന്റെ സൃഷ്ടിയാണ്. യുദ്ധങ്ങൾക്ക് ഇടയിൽ ഉള്ള സമാധാനത്തെക്കുറിച്ചല്ല, ശാശ്വതമായ സമാധാനത്തെക്കുറിച്ചാണ് പലരും സംസാരിക്കുന്നതെന്നുള്ളതാണ് നിങ്ങൾ കടുത്ത 'ദേശസ്‌നേഹികൾ' മനസ്സിലാക്കാതെ പോകുന്നത്.

സത്യത്തിൽ എനിക്കിപ്പോൾ അമർഷം പക്കിസ്ഥാനീ നിന്നോടല്ല; ഈ ഭൂമിയെ വെറുപ്പിന്റെ യുദ്ധക്കളമാക്കി മാറ്റിയ വെള്ളക്കാരാ, നിന്നോടാണ്. കുടിയൊഴിഞ്ഞു പോകാൻ മനസ്സില്ലാത്ത ഒരു നാട്ടിൽ നീ വിതച്ച വിഷവിത്താണ് പാക്കിസ്ഥാനും ഹിന്ദുസ്ഥാനും ആയി വളർന്നത്. ഹിറ്റ്‌ലറിന്റെ ഗ്യാസ് ചേമ്പറുകൾക്കു മാത്രം കൊന്നൊടുക്കാൻ പറ്റാതെ പോയതിനാൽ യഹൂദനെ ഒഴിവാക്കാനോ അല്ലെങ്കിൽ ആ കൊടുംപാതകത്തിന്റെ മനസ്സാക്ഷിക്കുത്ത് മാറ്റാനോ വെള്ളക്കാരൻ കണ്ടുപിടിച്ച മാർഗ്ഗമാണ് ഇസ്രയേൽ എന്ന രാജ്യം. അവിടെ തുടങ്ങുന്നു ഫലസ്തീൻ കലാപത്തിന്റെ നാളുകൾ. വെള്ളക്കാരൻ കോളനിവത്കരിച്ച ഏത് നാട്ടിലാണ് മതത്തിന്റെ, വംശത്തിന്റെ, ഭാഷയുടെ കുടിപ്പകകൾ ഒഴിഞ്ഞുപോയിട്ടുള്ളത്? നിസ്സാരം നമ്മുടെ മുല്ലപ്പെരിയാർ തർക്കം മുതൽ ഏഷ്യയിലെ എല്ലാ അതിർത്തി വഴക്കുകളിലും ആഫ്രിക്കയിലെ എല്ലാ ഗോത്രവൈര്യങ്ങളിലും അമേരിക്കയിലെ എല്ലാ വംശീയ പ്രശ്നങ്ങളിലും വെള്ളക്കാരന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. ഇരയേയും വേട്ടക്കാരനേയും അവൻ തന്നെ സൃഷ്ടിക്കുന്നു, അവസാനം കൊള്ളമുതലുമായി അവൻ പോകുന്നു.

ഗസ്സ പുകയുകയും പൊട്ടുകയും ചെയ്യുമ്പോൾ ആയുധങ്ങളുടെ സഹായനൗകയുമായി വേട്ടക്കാരനായ ഇസ്രയേലിന്റെ കരക്കെത്തുന്നത് അമേരിക്കയാണ്. പകയ്ക്ക് കോപ്പുകൂട്ടാൻ ഫലസ്തീൻ ഹമാസിന് ആയുധങ്ങൾ എവിടെനിന്ന് എത്തുന്നു? സിറിയൻ ഭീകരവാദികൾക്ക് ആയുധങ്ങൾ എവിടെ നിന്ന്? ആഹാരം പോലും കഴിക്കാൻ ഇല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ ആയുധം മാത്രം കലവറ ഒഴിയാതെ നിൽക്കുന്നത് എന്തുകൊണ്ട്? വംശീയതയും ദേശീയതയും ഭാഷാഭിനിവേശവും മതാഭിനിവേശവും മൂല്യങ്ങളാണെന്ന് പഠിപ്പിച്ചവരെ നിങ്ങൾക്ക് ദുരിതം! വരൂ, നിങ്ങൾ തെരുവിലെ രക്തം കാണൂ.