- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മലകൾ കത്തിക്കുമ്പോൾ ആ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃത സന്തോഷം എന്താണ്? എന്നിട്ടും ഗാട്ഗിലിനെ തെറിവിളിച്ചിട്ട് അഹങ്കാരത്തോടെ പറയും ഞങ്ങൾ കർഷകർ ഇവിടെ പ്രകൃതി സംരക്ഷിക്കുകയാണെന്ന്: കാട് കത്തുമ്പോൾ മനസും കത്തുന്നതിനെ കുറിച്ച് ജിജോ കുര്യൻ എഴുതുന്നു
മകരമാസമായാൽ കിഴക്കന്മലകളെ രാത്രി മുഴുവൻ ഒറഞ്ചുനിറത്തിൽ കുളിപ്പിച്ച് കാടുകളും പുൽമേടുകളും കത്തിയമരുന്നത് നിത്യക്കാഴ്ചയാണ്. ഇതെല്ലാം കാട്ടുതീയാണെന്ന് മാത്രം പറയരുത്; പശ്ചിമഘട്ടത്തിന്റെ നിത്യഹരിത ഭൂമിയിൽ കാട്ടുതീ ഒരു കെട്ടുകഥയാണ്. കാടുകൾ കത്തുന്നതല്ല, കത്തിക്കുന്നതാണ്. പൊന്തക്കാടുകളിൽ വസിക്കുന്ന പക്ഷികളുടെ പ്രജനന കാലമാണ്. ചിറകുകരിഞ്ഞു വീഴുന്ന പക്ഷികൾക്കൊപ്പം അവയുടെ വരും തലമുറ കൂടി ഇല്ലാതാവുന്നു. കാട്ടുമുയലുകളും അവയുടെ മാളത്തിലെ കുഞ്ഞുങ്ങളും കത്തിക്കരിയുന്നു. കേഴമാനുകളും കാട്ടുപന്നികളും എവിടെ പോകുമോ ആവോ? പച്ചമരങ്ങൾ നിന്ന് കത്തുന്നു. തീ കെടുത്താൻ പോലും ആവാതെ വനംവകുപ്പ്. ഇന്നലേയും കുളമാവിനടുത്ത് കത്തുന്ന പുൽമേട്ടിലേയ്ക്ക് ടാങ്കറിൽ വെള്ളവുമായി പായുന്ന വനംവകുപ്പ് അഗ്‌നിശമന സേനയെ കണ്ടു. വാൽപ്പാറയിലും, മൂന്നാറിലും, വയനാട്ടിലും, ഇടുക്കിയുടെ എല്ലാ പുൽമേടുകളിലും, തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം... എന്നുവേണ്ട പശ്ചിമഘട്ടത്തിലെ എല്ലാ പുല്‌മേടുകളിലും മനുഷ്യർ തീയിടുകയാണ്. എന്നിട്ടും ഗാട്ഗിലി
മകരമാസമായാൽ കിഴക്കന്മലകളെ രാത്രി മുഴുവൻ ഒറഞ്ചുനിറത്തിൽ കുളിപ്പിച്ച് കാടുകളും പുൽമേടുകളും കത്തിയമരുന്നത് നിത്യക്കാഴ്ചയാണ്. ഇതെല്ലാം കാട്ടുതീയാണെന്ന് മാത്രം പറയരുത്; പശ്ചിമഘട്ടത്തിന്റെ നിത്യഹരിത ഭൂമിയിൽ കാട്ടുതീ ഒരു കെട്ടുകഥയാണ്. കാടുകൾ കത്തുന്നതല്ല, കത്തിക്കുന്നതാണ്. പൊന്തക്കാടുകളിൽ വസിക്കുന്ന പക്ഷികളുടെ പ്രജനന കാലമാണ്. ചിറകുകരിഞ്ഞു വീഴുന്ന പക്ഷികൾക്കൊപ്പം അവയുടെ വരും തലമുറ കൂടി ഇല്ലാതാവുന്നു. കാട്ടുമുയലുകളും അവയുടെ മാളത്തിലെ കുഞ്ഞുങ്ങളും കത്തിക്കരിയുന്നു. കേഴമാനുകളും കാട്ടുപന്നികളും എവിടെ പോകുമോ ആവോ? പച്ചമരങ്ങൾ നിന്ന് കത്തുന്നു. തീ കെടുത്താൻ പോലും ആവാതെ വനംവകുപ്പ്. ഇന്നലേയും കുളമാവിനടുത്ത് കത്തുന്ന പുൽമേട്ടിലേയ്ക്ക് ടാങ്കറിൽ വെള്ളവുമായി പായുന്ന വനംവകുപ്പ് അഗ്‌നിശമന സേനയെ കണ്ടു. വാൽപ്പാറയിലും, മൂന്നാറിലും, വയനാട്ടിലും, ഇടുക്കിയുടെ എല്ലാ പുൽമേടുകളിലും, തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം... എന്നുവേണ്ട പശ്ചിമഘട്ടത്തിലെ എല്ലാ പുല്‌മേടുകളിലും മനുഷ്യർ തീയിടുകയാണ്. എന്നിട്ടും ഗാട്ഗിലിനെ തെറിവിളിച്ചിട്ട് അഹങ്കാരത്തോടെ പറയും ഞങ്ങൾ കർഷകർ ഇവിടെ പ്രകൃതി സംരക്ഷിക്കുകയാണെന്ന്. ഈ മലകൾ കത്തിക്കുമ്പോൾ ആ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃത സന്തോഷം എന്താണ്? ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികൾ, കാട്ടുമുയലുകൾ, കാട്ടുകോഴികൾ, കേഴ, പന്നികൾ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
എന്തിനാണു മനുഷ്യർ കാടുകളും പുൽമേടുകളും കത്തിക്കുന്നത്? ഭൂരിഭാഗം തീയിടലും വിനോദത്തിന്റെ ഭാഗമാണ്. ഇങ്ങനെ തീയിടുന്നവരിൽ അധികവും കാട്ടിൽ നായാട്ടിനു പോകുന്നവരാണ്. പിന്നെ ചില മലകൾ 'കുരിശുമലകൾ' ആണ്. എല്ലാ വർഷവും ഫെബ്രുവരി മാസത്തോടെ കത്തോലിക്കർക്ക് നോമ്പുകാലവും കുരിശുമലകയറ്റവും തുടങ്ങും. സുഗമമായ നോമ്പുകാല മലകയറ്റത്തിന് വേണ്ടി മലയെ ചുട്ട് തെളിക്കും (ഉദാ: എഴുകുംവയൽ മല). ആപൂർവ്വം ചിലർ 'സംരക്ഷിത ബെൽറ്റ് ' കൃഷിയിടത്തിന് ചുറ്റും തീർക്കാനുള്ള മടി കൊണ്ട് കാട്ടുതീ കൃഷിയിടത്തിലേയ്ക്ക് പടർന്നാലോ എന്ന് പേടിച്ച് കാടിന് തന്നെ തീയിടും. അപൂർവ്വം ചിലയിടങ്ങളിൽ പുതുമഴയ്ക്ക് ശേഷം പുതിയ പുൽനാമ്പുകൾ ഉണ്ടാവുന്നതിന് വേണ്ടി കാലിവളർത്തൽ ഉപജീവനമാക്കിയവർ പുൽമേടിന് തീയിടുന്നു. ഇത്തരം കാലിവളർത്തൽ പ്രകൃതിക്ക് ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങൾ ആമസോൺ കാടുകൾ തെളിച്ച് മരുഭൂമിയാക്കിയെടുത്ത സൗത്ത് അമേരിക്കൻ പാഠങ്ങളിൽ തുറിച്ചുനോക്കി കിടപ്പുണ്ട്.
ഭൂമി ചുട്ടുപൊള്ളുകയാണ്. വേനലിൽ ജലസ്രോതസ്സുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. മൂന്നുവർഷങ്ങൾക്ക് മുൻപ് (2013 ഒക്ടോബറിൽ) 92 പേർ ആണ് ജലവും തണലും കിട്ടാതെ നൈജീരിയായുടെ സഹാറ മരുഭൂമിയിൽ ദാഹിച്ച് മരിച്ചത്. ഭൂമിയിൽ കത്തുന്ന ഓരോ പച്ചപ്പിനടിയിലും മനുഷ്യൻ സ്വന്തം ചിതയെ ഒരുക്കി വച്ചിരിക്കുകയാണ്. അത് ടെക്സാസിലോ, വയനാട്ടിലോ, ഓസ്ട്രേലിയൻ കാടുകളിലോ, ആമസോൺ വനാന്തരങ്ങളിലോ, നമ്മുടെ പശ്ചിമഘട്ടത്തിലോ എവിടെയുമാകട്ടെ. ഈ പുൽമേടുകളും ഷോല വനങ്ങളുമാണ് താഴ്‌വാരത്തിലെ ജലത്തിന്റെ പ്രഭവസ്ഥാനം.
കേരളത്തിന്റെ പശ്ചിമഘട്ടം വെറും 150 വർഷങ്ങൾക്കപ്പുറം ഇടതൂർന്ന നിത്യഹരിത വനമായിരുന്നു. ഇന്നവിടെ വനഭൂമിയെ വെറും 30% മാത്രമായി അവശേഷിപ്പിച്ചുകൊണ്ടാണ് രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറം കാർഷിക ആവശ്യത്തിനായി കുടിയേറ്റം നടന്നത്. ജനനവും ബാല്യവും അത്തരമൊരു കുടിയേറ്റ ഗ്രാമത്തിലായിരുന്നു. കുടിയേറ്റത്തിന്റെ സാഹസികതകൾ നിറഞ്ഞ ഒത്തിരിയേറെ കഥകൾ കേട്ടാണ് വളർന്നത്. അതിൽ മനസ്സിനെ ഏറ്റവും ഭാരപ്പെടുത്തിയിട്ടുള്ളത് ഭൂമി വെട്ടിത്തെളിച്ചെടുക്കുന്ന രീതി തന്നെയാണ്. ഏതെങ്കിലും ഒരു മലയുടെ താഴ്‌വാരം നല്ല ഫലപുഷ്ഠമായ മണ്ണെന്ന് തോന്നിയാൽ കുടിയേറ്റ സംഘം രണ്ട് ഗ്രൂപ്പുകളായി പിരിയുന്നു. ഒരു പ്രദേശം തെളിച്ചല്ല മരങ്ങളും കാടുകളും വെട്ടിവീഴ്‌ത്തുന്നത് (അങ്ങനെ പോയാൽ വളരെ ചുരുങ്ങിയ ഏക്കറുകൾ മാത്രമേ വെട്ടിപ്പിടിക്കാനാവൂ). രണ്ട് ഗ്രൂപ്പുകളും രണ്ട് ചാലുകൾ തീർത്ത് കാട് വെട്ടിവളയുന്നു. സാവകാശം ആ പ്രദേശത്തെ കാടിനെ ശേഷിച്ച വനമേഖലയിൽ നിന്ന് വേർപെടുത്തുകയാണ്. ആയുധം കൂട്ടിമുട്ടുമ്പോൾ പണിനിർത്തണം എന്നതാണ് കണക്ക്. എന്നിട്ടാണ് ഭീകരമായ ആ കൃത്യം - തുരുത്തുപോലെ ഒറ്റപ്പെടുത്തിയ പ്രദേശത്തെ പച്ചമരക്കാടിന് തീയിടുകയാണ്. പച്ചമരങ്ങൾ നിന്ന് കത്തും, കൂടെ അതിനുള്ളിലെ ജീവജാലങ്ങളും. അങ്ങനെ ഏതാനും ദിവസങ്ങൾകൊണ്ട് ഏക്കറ് കണക്കിന് ഭൂമി കൃഷിയിടമാക്കാൻ പറ്റിയ രീതിയിൽ തെളിഞ്ഞ പ്രദേശമാകുന്നു - പച്ചപ്പുകളെയെല്ലാം കത്തിച്ച് ചാമ്പലായി.
ചൈതന്യമുള്ള മനുഷ്യർക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാൽ ദുഃഖം വരു എന്ന് വായിച്ചതോർക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവർക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോൾ മലമുകളിൽ മുഴങ്ങിക്കേൾക്കുന്നത്. 'പ്രകൃതിസ്നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തിൽ ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ. മത-രാഷ്ട്രീയ അധികാരത്തിന്റെ ആളുറപ്പിൽ ഇങ്ങനെ ആക്രോശിക്കുന്നവരോട് അസ്സീസിയിലെ ഫ്രാൻസിസ് എന്ന കൊച്ചുമനുഷ്യന് ഇത്രയും പറയാനുണ്ട്: ''ദൈവത്തിന്റെ ഏതെങ്കിലും ഒരു സൃഷ്ടിജാലത്തോട് കാരുണ്യം കാണിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അറിഞ്ഞുകൊള്ളുക - മനുഷ്യരോടും അവർ അങ്ങനെ തന്നെ പ്രർത്തിക്കും.''